
ശബ്ദമുഖരിതമായ ലോകത്തിനും വാർധക്യം ബാധിക്കുന്ന സന്ന്യാസ സമൂഹങ്ങൾക്കുമിടയിൽ നിശബ്ദതയോടുള്ള തങ്ങളുടെ പ്രതിബദ്ധത നിലനിർത്താൻ ലെയോ പതിനാലാമൻ പാപ്പ മിണ്ടാമഠത്തിലെ സന്ന്യാസിനിമാരെ പ്രോത്സാഹിപ്പിച്ചു. സെപ്റ്റംബർ 30-ന് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് കൺടെംപ്ലേറ്റീവ് ഡൊമിനിക്കൻ നൺസിലെ ഒരു പ്രതിനിധി സംഘവുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.
“വേഗത സവിശേഷതയായ, ഓരോ കാര്യങ്ങളും ഉടനടി ദൃശ്യമാകണമെന്നും ഓരോ ശൂന്യതയും ധൃതിയിൽ നികത്തപ്പെടണമെന്നും നിർബന്ധമുള്ള ഒരു ലോകത്ത് നിശബ്ദതയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്,” ലെയോ പാപ്പ പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ഡൊമിനിക്കൻ സന്ന്യാസിമാരുടെ ഭരണഘടന പരിഷ്കരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ ഡൊമിനിക്കൻ സന്ന്യാസിനിയായ സിസ്റ്റർ മരിയ പെട്ര ജോർദാനോയെ കഴിഞ്ഞ ജൂണിൽ പാപ്പ ധന്യയായി പ്രഖ്യാപിച്ചിരുന്നു.
നിശബ്ദ ധ്യാനമെന്ന തങ്ങളുടെ ആത്മീയ സമ്മാനത്തോട് വിശ്വസ്തരായിരിക്കാനും തങ്ങളോടും പുറംലോകത്തോടും ദൈവത്തോടും കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കാനും പാപ്പ സന്ന്യാസിനിമാരോട് ആഹ്വാനം ചെയ്തു. “നിശബ്ദത പാലിക്കുക എന്നത് വ്യക്തിയെ മുഴുവനായും ഉൾക്കൊള്ളുന്ന ഒരു ഇച്ഛാശക്തിയുടെ പ്രവർത്തനമാണ്. ദൈവവചനത്താൽ നയിക്കപ്പെടുന്നതിനാൽ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ അത് സഹായിക്കുന്നു,” പാപ്പ കൂട്ടിച്ചേർത്തു.
തുടർന്ന്, കേവലം നിലനിൽപിനായി ശ്രമിക്കുന്നതിനു പകരം, പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് നിലവിലെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ മാർപാപ്പ സന്ന്യാസിനിമാരെ പ്രോത്സാഹിപ്പിച്ചു.




