
എത്യോപ്യയിലെ ടിഗ്രെ (Tigray) മേഖലയിലും അതിനോടു ചേർന്നുള്ള അഫാർ (Afar), അംഹാറ (Amhara) പ്രദേശങ്ങളിലും വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന സാഹചര്യത്തെ കടുത്ത ആശങ്കയോടെയാണ് താൻ വീക്ഷിക്കുന്നതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. പൊതുകൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.
“സംഭാഷണത്തിന്റെ പാത തിരഞ്ഞെടുക്കാൻ എല്ലാ കക്ഷികളോടും ഞാൻ ഹൃദയം തുറന്ന് അഭ്യർഥിക്കുന്നു. ആയുധമേന്തിയുള്ള പോരാട്ടങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കില്ല, മറിച്ച് മരണവും നാശനഷ്ടങ്ങളും വിദ്വേഷവും അവശേഷിപ്പിച്ചുകൊണ്ട് അവ സ്ഥിതിഗതികൾ വഷളാക്കുകയേയുള്ളൂ. സത്യസന്ധമായ ഇടപെടലുകളിലൂടെ മാത്രമേ ശാശ്വതമായ സമാധാനത്തിന് തറക്കല്ലിടാൻ സാധിക്കൂ,” പാപ്പ പറഞ്ഞു.
ടിഗ്രെയിലെ സാഹചര്യം കൂടുതൽ സംഘർഷഭരിതമായിരിക്കുകയാണ്. 2020-2022 ലെ ടിഗ്രെ യുദ്ധത്തിൽ ഫെഡറൽ ഗവൺമെന്റിനെതിരെ പോരാടിയ മേഖലയിലെ പ്രധാന രാഷ്ട്രീയശക്തിയായ ‘ടിഗ്രെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും’ (TPLF), അതേ യുദ്ധത്തിൽ എത്യോപ്യൻ സൈന്യത്തിനെതിരെ പോരാടിയ ടിഗ്രെ സൈനിക വിഭാഗമായ ‘ടിഗ്രെ ഡിഫൻസ് ഫോഴ്സും’ (TDF) സമീപ മണിക്കൂറുകളിൽ എത്യോപ്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടൽ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, മേഖലയിലെ രാഷ്ട്രീയ, സൈനിക സാഹചര്യം അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ വീണ്ടും വിശേഷിപ്പിച്ചു. പ്രദേശം മുഴുവൻ പ്രക്ഷുബ്ധമാക്കാൻ സാധ്യതയുള്ള ഈ സംഘർഷം വീണ്ടും ആരംഭിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി അടിയന്തര നയതന്ത്ര, മാനുഷിക നടപടികൾ ഇ.യു പ്രഖ്യാപിച്ചിട്ടുണ്ട്.




