
പല്ലിൽ ചെറിയൊരു കറയോ നിറവ്യത്യാസമോ ചെറിയൊരു കേടോ കാണുമ്പോൾ നമ്മിൽ പലരും മനസ്സിനെ പറഞ്ഞു മനസ്സിലാക്കാറുള്ള ഒരു വാക്കുണ്ട്; “ഇപ്പോൾ വേദനയൊന്നുമില്ലല്ലോ, പിന്നെ നോക്കാം, വേദന വരട്ടെ.” എന്നാൽ ഈ ചെറിയ അശ്രദ്ധയ്ക്ക് പിന്നീട് വലിയ വില നൽകേണ്ടി വരുമെന്ന് നമ്മളിൽ പലരും തിരിച്ചറിയാറില്ല. തുടര്‍ന്നു വായിക്കുക.
രാഹുലിന്റെ ജീവിതത്തിൽ സംഭവിച്ചത് കൃത്യമായി ഇതുതന്നെയായിരുന്നു. ഇടത് വശത്തെ അണപ്പല്ലിൽ ചെറിയൊരു കറുത്ത പുള്ളി കണ്ടപ്പോൾ അവൻ അത് കാര്യമാക്കിയില്ല. ചെറിയൊരു പോടാണെന്ന് മനസ്സിലായെങ്കിലും, പല്ലിന് യാതൊരു വിധ വേദനയോ പുളിപ്പോ ഇല്ലാതിരുന്നതുകൊണ്ട് അവൻ അത് പൂർണ്ണമായി അവഗണിച്ചു. വേദന വന്നിട്ട് ഡെന്റിസ്റ്റിനെ കാണാമെന്നായിരുന്നു അവന്റെ ചിന്ത. മാസങ്ങൾ കഴിഞ്ഞു, ആ ചെറിയ കുഴി വലുതായി. അപ്പോഴും ഇടയ്ക്കിടെയുള്ള ചെറിയ അസ്വസ്ഥതകൾ അലക്ഷ്യമായി അവൻ തള്ളിക്കളഞ്ഞു.
ഒരു ദിവസം രാത്രി ഉറക്കംകെടുത്തുന്ന കടുത്ത വേദനയോടെയാണ് രാഹുൽ ഉണർന്നത്. പല്ലിന്റെ പുറംപാളികൾ കടന്ന് കേട് അതിന്റെ ഞരമ്പുകളെ ബാധിച്ചിരുന്നു. വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ സമീപിച്ച അവന് റൂട്ട് കനാൽ ചികിത്സയും (Root Canal Treatment) പിന്നീട് ക്യാപ്പും(Crown) ചെയ്യേണ്ടി വന്നു.
ഇത് രാഹുലിന്റെ മാത്രം കഥയല്ല; അനവധി പേരുടെ കഥയാണ്. ഒരു ചെറിയ കേട് (Decay) ശരിയായ സമയത്ത് ചികിത്സിക്കാതെ പോയാൽ അത് പതിയെ പല്ലിന്റെ ആഴത്തിലേക്ക് വ്യാപിക്കുകയും, ചികിത്സയുടെ സങ്കീർണ്ണതയും ചെലവും വർധിക്കുകയും ചെയ്യും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചെറിയൊരു കേടിൽ നിന്ന് പല്ല് നഷ്ടപ്പെടുന്നതുവരെ നിരവധി ഘട്ടങ്ങൾ ഉണ്ട്.
വിവിധ ഘട്ടങ്ങൾ
വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് ഒരു ചെറിയ കേട് സങ്കീര്‍ണ്ണ പ്രശ്നങ്ങളില്‍ ചെന്നെത്തുന്നത്. അതിനാല്‍ അവ ഏതെന്നു കാണുന്നത് നല്ലതാണ്.
1. ചെറിയ കേട്
പല്ലിന്റെ പുറംപാളിയായ ഇനാമലിൽ മാത്രം കേട് ആരംഭിച്ചിരിക്കുമ്പോൾ പലപ്പോഴും വലിയ വേദന ഉണ്ടാകണമെന്നില്ല. ചെറിയ ഒരു പോടോ, നിറവ്യത്യാസമോ മാത്രമായിരിക്കും കാണുക. ഈ ഘട്ടത്തിൽ ഡെന്റിസ്റ്റിനെ കാണുകയും കേടിന്റെ വ്യാപ്തി വിലയിരുത്തുകയും ചെയ്താൽ ചെറിയ ഫില്ലിംഗ് പോലുള്ള ചികിത്സകൊണ്ട് തന്നെ പല്ലിനെ സംരക്ഷിക്കാൻ കഴിയും. ഇവിടെ ചികിത്സയും ചെലവും താരതമ്യേന കുറവായിരിക്കും.
2. കേട് ഡെന്റിനിലേക്ക്
ചികിത്സ വൈകുമ്പോൾ കേട് ഇനാമൽ കടന്ന് പല്ലിന്റെ അടുത്ത ഭാഗമായ ഡെന്റിനിലേക്ക് എത്തുന്നു. തണുപ്പ്, ചൂട്, മധുരം എന്നിവ കഴിക്കുമ്പോൾ പുളിപ്പ് (Sensitivity) അനുഭവപ്പെടാം. ഈ ഘട്ടത്തിലും പല്ല് സംരക്ഷിക്കാൻ സാധാരണയായി പല്ലിന്റെ നിറമുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലടയ്ക്കൽ (Restorative Treatment) ആവശ്യമായി വരാം. എന്നാൽ കേടിന്റെ വലുപ്പമനുസരിച്ച് ചികിത്സ കൂടുതൽ സങ്കീർണ്ണമാകാം.
3. കേട് പല്ലിന്റെ നാഡിയിലേക്ക്
കേട് (caries) കൂടുതൽ ആഴത്തിൽ പോയി പല്ലിന് ജീവൻ നൽകുന്ന പൾപ് / ഞരമ്പ് ഭാഗത്ത് എത്തിയാൽ ശക്തമായ വേദന, രാത്രിയിലുള്ള വേദന, ചൂടിനോടുള്ള പ്രതികരണം, ചിലപ്പോൾ വീക്കം, മുഖത്തും കഴുത്തിലേക്കും ഒക്കെ നീര് എന്നിവ ഉണ്ടാകാം.
ഈ ഘട്ടത്തിൽ പല്ല് സംരക്ഷിക്കാൻ റൂട്ട് കനാൽ ട്രീറ്റ്മെന്റ് (Root Canal Treatment – RCT) ആവശ്യമായി വരും. അതിനു ശേഷം പല്ലിന്റെ ബാക്കിയുള്ള ഘടന സംരക്ഷിക്കാൻ ക്യാപ്പിംഗ് (Crown) ആവശ്യമായേക്കാം. അതായത്, ആദ്യം ഒരു ചെറിയ ഫില്ലിങ് കൊണ്ട് തീരാമായിരുന്ന പ്രശ്നം ഇപ്പോൾ റൂട്ട് കനാൽ ട്രീറ്റ്മെന്റും ക്യാപ്പും (RCT + Crown) എന്ന നിലയിലേക്ക് മാറുന്നു.
4. അണുബാധയും പല്ലിന്റെ ചുറ്റുമുള്ള ഭാഗങ്ങളിലേക്കുള്ള വ്യാപനവും
ഇനിയും ചികിത്സ വൈകിയാൽ പല്ലിൽ ഉണ്ടായ അണുബാധ പല്ലിന്റെ വേരിന്റെ അറ്റത്തേക്കും ചുറ്റുമുള്ള അസ്ഥിയിലേക്കും വ്യാപിക്കാം. പഴുപ്പ് രൂപപ്പെടുക (pus formation), പഴുപ്പ് കെട്ടിക്കിടക്കുക (Abscess), നീര് വരിക (swelling) തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാകാം. ഈ ഘട്ടത്തിൽ വേദന കുറയ്ക്കാൻ മാത്രം മരുന്ന് കഴിക്കുന്നത് സ്ഥിരമായ പരിഹാരമല്ല. രോഗത്തിന്റെ കാരണമായ പല്ലിന് ആവശ്യമായ ചികിത്സ നൽകേണ്ടതുണ്ട്.
5. അവസാന ഘട്ടം
അവസാന ഘട്ടമാണ് പല്ല് രക്ഷിക്കാൻ കഴിയാത്ത അവസ്ഥ. കേട് വളരെ വ്യാപകമാവുകയും പല്ലിന്റെ ബാക്കിയുള്ള ഘടന പൂർണ്ണമായി നഷ്ടപ്പെടുകയും , വേരിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്താൽ ചില സാഹചര്യങ്ങളിൽ പല്ല് സംരക്ഷിക്കാൻ കഴിയാതെ വരാം. അപ്പോൾ extraction, അതായത് പല്ല് നീക്കം ചെയ്യൽ, ആവശ്യമായി വരാം.
ഇവിടെയാണ് ഒരു പ്രധാന കാര്യം മനസ്സിലാക്കേണ്ടത്: പല്ല് എടുത്തുകളഞ്ഞാൽ പ്രശ്നം തീർന്നല്ലോ എന്നു ചിലർ ചിന്തിക്കും. പലപ്പോഴും അവിടെ നിന്നാണ് അടുത്ത ഘട്ടം തുടങ്ങുന്നത്.
പല്ല് എടുത്തതിന് ശേഷം എന്ത് ചെയ്യും?
ഒരു പല്ല് നഷ്ടപ്പെട്ടാൽ അത് പുനസ്ഥാപിച്ചില്ലെങ്കിൽ സമീപത്തുള്ള പല്ലുകളുടെ സ്ഥാനം മാറുക, എതിർവശത്തുള്ള പല്ലിന്റെ സ്ഥാനം മാറുക, ചവയ്ക്കാനുള്ള ശേഷി കുറയുക, താടിയെല്ലിന്റെ ജോയിന്റിൽ വേദന (TMJ pain) തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ നഷ്ടപ്പെട്ട പല്ലിന് പകരം ഇംപ്ലാന്റ് (implant), ബ്രിഡ്ജ് (bridge), റിമൂവബിൾ ഡെഞ്ചർ (removable denture) തുടങ്ങിയ ചികിത്സാ മാർഗങ്ങൾ പരിഗണിക്കേണ്ടതായി വരും.
ഇവയിൽ, അനുയോജ്യമായ രോഗികളിൽ ഡെന്റൽ ഇംപ്ലാന്റ് ഉപയോഗിച്ച് നഷ്ടപ്പെട്ട പല്ലിന്റെ വേരിന് പകരം ഒരു ടൈറ്റാനിയം ഇംപ്ലാന്റ് സ്ഥാപിച്ച് അതിനുമുകളിൽ ക്രൗൺ നൽകുന്നത് ഒരു പ്രധാന ചികിത്സാ മാർഗമാണ്.
എന്നാൽ പല്ല് എടുത്ത ഉടൻ എല്ലാവർക്കും ഇംപ്ലാന്റ് ഇടാൻ കഴിയണമെന്നില്ല. അസ്ഥിയുടെ അളവും ഗുണനിലവാരവും, അണുബാധ, മോണയുടെ അവസ്ഥ, പൊതുവായ വായുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സമയം തീരുമാനിക്കുന്നത്. ചില കേസുകളിൽ പല്ല് എടുത്തതോടൊപ്പം തന്നെ ഉടനടി ഇംപ്ലാന്റ് ചെയ്യുക സാധ്യമാകാം; മറ്റു ചിലപ്പോൾ മുറിവ് ഉണങ്ങിയ ശേഷം ഇംപ്ലാന്റ് സ്ഥാപിക്കേണ്ടി വരാം. അസ്ഥി കുറവാണെങ്കിൽ ബോൺ ഗ്രാഫ്റ്റിംഗ് പോലുള്ള അധിക ചികിത്സയും ആവശ്യമായി വന്നേക്കാം.
ചികിത്സ വൈകുമ്പോൾ ചെലവ് എങ്ങനെ മാറുന്നു?
ചെറിയ കേട് ഫില്ലിങ് വഴി പരിഹരിക്കാം. ചികിത്സ വൈകുമ്പോൾ കേട് ഉള്ളിലേക്ക് വ്യാപിക്കുന്നു. അതു പരിഹരിക്കാൻ വലിയ ഫില്ലിങ് ആവശ്യമായി വരും. ഞരമ്പുകളിലേയ്ക്ക് (Pulp involvement) ബാധിക്കുമ്പോൾ റൂട്ട് കനാൽ ട്രീറ്റ്‌മെന്റാണ് പരിഹാരം. പല്ലിന്റെ ഘടന ഭാഗികമായി നഷ്ടപ്പെടുന്നു ഘട്ടമെത്തുമ്പോൾ ക്രൗൺ ഇടേണ്ട സാഹചര്യം ഉണ്ടാകുന്നു.
പല്ലിന്റെ ഘടന പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥയിൽ, പല്ല് പൂർണ്ണമായി എടുക്കേണ്ടി വരുന്നു. ഇത്തരത്തിൽ പല്ല് നഷ്ടപ്പെടുകയാണെങ്കിൽ, അത് പരിഹരിക്കാനായി ഇംപ്ലാന്റ് (implant), ബ്രിഡ്ജ് (bridge), അല്ലെങ്കിൽ ഡെഞ്ചർ (denture) എന്നിവ ആവശ്യമായി വരുന്നു. കൂടാതെ, അസ്ഥിയുടെ കട്ടി കുറയുന്ന അവസ്ഥ ഉണ്ടായാൽ, ബോൺ ഗ്രാഫ്റ്റിംഗ് പോലുള്ള അധിക നടപടികളും തുടർന്ന് ഇംപ്ലാന്റും (implant) ക്രൗണും (crown) ചെയ്യേണ്ടി വരികയും ചെയ്യുന്നു.
അതായത്, രോഗം മൂർച്ഛിക്കുമ്പോൾ ചികിത്സയുടെ ഘട്ടങ്ങളും ചെയ്യേണ്ട നടപടികളുടെ എണ്ണവും വർധിക്കുന്നതിനാൽ മൊത്തം ചെലവും സാധാരണയായി ഉയരുന്നു. എങ്കിലും, ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിയും ആവശ്യപ്പെടുന്ന ചികിത്സയും വ്യത്യസ്തമാണ്. പല്ലിന്റെ കേടിന്റെ വ്യാപ്തി, എക്സ്-റേ അല്ലെങ്കിൽ സി.ബി.സി.ടി പരിശോധനാ ഫലങ്ങൾ, എല്ലിന്റെ അവസ്ഥ, മോണയുടെ ആരോഗ്യം, തിരഞ്ഞെടുക്കുന്ന പുനസ്ഥാപന രീതി തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് അന്തിമ ചികിത്സാ പദ്ധതി തീരുമാനിക്കുന്നത്.
ചെലവ് ലാഭിക്കാൻ ഏറ്റവും നല്ല മാർഗം?
പലരും പല്ലിന്റെ ചികിത്സ ചെലവേറിയതാണെന്ന് കരുതി ചികിത്സ മാറ്റിവയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും ചെലവ് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം ചികിത്സ ഒഴിവാക്കുന്നതല്ല, നേരത്തെ ചികിത്സിക്കുന്നതാണ്. ഒരു ചെറിയ കേട് നേരത്തെ കണ്ടെത്തിയാൽ ചെറിയൊരു ഫില്ലിങ് കൊണ്ട് പല്ല് സംരക്ഷിക്കാനാകും. അത് അവഗണിച്ചാൽ കൂടുതൽ സങ്കീർണ്ണമായ ചികിത്സകളിലേക്ക് പോകേണ്ടി വന്നേക്കാം.
അതിനാൽ, വേദന വരുമ്പോൾ മാത്രം ഡെന്റിസ്റ്റിനെ കാണുക എന്ന ശീലം മാറ്റാം. പല്ലിൽ ചെറിയ കറ, കേട്, ഭക്ഷണം കുടുങ്ങൽ, പുളിപ്പ്, നിറവ്യത്യാസം, ചെറിയ പൊട്ടൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പോലും പരിശോധന നടത്തുന്നത് നല്ലതാണ്.
ഒരു പല്ലിന്റെ കഥ പലപ്പോഴും പല്ലിലെ ചെറിയൊരു കേടിൽ നിന്നാണ് തുടങ്ങുന്നത്. അത് ഒരു ചെറിയ ഫില്ലിംഗിൽ അവസാനിക്കണോ, റൂട്ട് കനാൽ ചികിത്സയിലേക്ക് (RCT) എത്തണോ, പല്ല് എടുത്തു കളയുന്നതിൽ അവസാനിക്കണോ, അതോ പിന്നീട് ഇംപ്ലാന്റ് വരെ നീളേണ്ടി വരണോ എന്നത് നാം എത്ര നേരത്തെ ചികിത്സ തേടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പല്ലിനെ സംരക്ഷിക്കുന്നത് വെറും ചികിത്സയിലൂടെ മാത്രമല്ല, മറിച്ച് ശരിയായ സമയത്ത് തന്നെ വിദഗ്ധമായ ചികിത്സ തേടുന്നതിലൂടെയാണ്.
ആറ് മാസത്തിലൊരിക്കൽ കൃത്യമായ ദന്ത പരിശോധന, രോഗാവസ്ഥ നേരത്തെ തിരിച്ചറിയൽ, ഒപ്പം സമയബന്ധിതമായ ചികിത്സ എന്നിവയാണ് സ്വാഭാവിക പല്ലുകൾ കൂടുതൽ കാലം കേടുകൂടാതെ സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച വഴി.
ഡോ. സി. സംഗീത SVM




