ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 21

1949 സെപ്റ്റംബർ 21 നാണ് മണിപ്പൂർ, ഇന്ത്യൻ യൂണിയന്റെ ഭാഗമായിത്തീർന്നത്. 1891 ൽ ബ്രിട്ടൻ കീഴ്‌പ്പെടുത്തുന്നതിനു മുമ്പുവരെ മണിപ്പൂർ ഒരു നാട്ടുരാജ്യമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം അന്നത്തെ മണിപ്പൂർ ഭരണാധികാരിയായിരുന്ന ബോധചന്ദ്രസിംഗ് രാജ്യത്തിന്റെ പൊതുവിലുള്ള അന്തരീക്ഷം മുൻനിർത്തി മണിപ്പൂർ സർക്കാരിനു വേണ്ടി ഒരു ഭരണഘടനാ നിർമ്മാണസമിതിയെ ചുമതലപ്പെടുത്തി. 1948 ജൂണിൽ മണിപ്പൂരിൽ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടത്തി, എം കെ പ്രിയോബർത്തയുടെ നേതൃത്വത്തിൽ ആദ്യത്തെ സ്റ്റേറ്റ് അസംബ്ലി രൂപീകരിച്ചു. തുടർന്ന് ഇന്ത്യൻ ഭരണാധികാരികളും രാജാവുമായി ഷില്ലോംഗിൽ വച്ചുനടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം 1949 സെപ്റ്റംബർ 21 ന് ഇന്ത്യയിൽ ലയിക്കാനുള്ള കരാറിൽ ഒപ്പുവച്ചതോടെ മണിപ്പൂർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി മാറി.

ഫിലിപ്പീൻസിന്റെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും മീതെ കരിനിഴൽ വീഴ്ത്തി രാജ്യത്ത് പട്ടാളനിയമം നടപ്പിലാക്കിയത് 1972 സെപ്റ്റംബർ 21 നായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ഫെർഡിനാന്റ് മാർകോസാണ് പട്ടാളഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള 1081-ാം നമ്പർ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. പട്ടാളഭരണത്തിന്റെ ഭാഗമായി പ്രതിപക്ഷനേതാക്കൾ ജയിലിലടയ്ക്കപ്പെടുകയും പത്രസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയും ചെയ്തു. പ്രസിഡന്റിന് ഹേബിയസ് കോർപ്പസ് റിട്ട് സസ്പെൻഡ് ചെയ്യാനുള്ളതുൾപ്പെടെ നിരവധി അസാധാരണ അധികാരങ്ങൾ നൽകപ്പെട്ടു. 1981 ജനുവരിയിൽ പട്ടാളനിയമം പിൻവലിച്ചുവെങ്കിലും മാർകോസ് ഏകാധിപത്യ ഭരണരീതി തുടർന്നു. മാർകോസിന്റെ ഭരണകാലാവധി അവസാനിച്ച ശേഷമാണ് രാജ്യം പൂർണ്ണ അർഥത്തിൽ സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും തിരികെവന്നത്.

കൊറിയൻ യുദ്ധത്തിനു ശേഷം ആദ്യമായി ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിലുള്ള അതിർത്തി തുറന്നത് 1985 സെപ്റ്റംബർ 21 നായിരുന്നു. യുദ്ധം വേർപെടുത്തിയ ബന്ധുക്കളെയും കുടുംബക്കാരെയും നീണ്ട 32 വർഷങ്ങൾക്കു ശേഷം കൊറിയക്കാർ അന്ന് ആദ്യമായി കണ്ടു. തങ്ങളുടെ മാതാപിതാക്കളും ഉറ്റവരിൽ ചിലരും മരണപ്പെട്ടു എന്ന് പലരും അറിയുന്നതും അപ്പോഴായിരുന്നു. ഉത്തര കൊറിയയിൽ ജനിച്ചുവളർന്ന 50 ദക്ഷിണ കൊറിയക്കാരും, ദക്ഷിണ കൊറിയയിൽ ജനിച്ചുവളർന്ന 50 ഉത്തര കൊറിയക്കാരും അന്നുതന്നെ രാജ്യാതിർത്തി കടന്ന് മാതൃദേശത്തെത്തി. 1945 ൽ കൊറിയ വിഭജിക്കപ്പെട്ട ശേഷം നിയമപരമായി രാജ്യാതിർത്തി കടന്നുള്ള ആദ്യ യാത്രയുമായിരുന്നു അത്. അതിർത്തിയിലെ സൈനികമുക്ത മേഖലയിലൂടെയാണ് അവർ ഇരുരാജ്യങ്ങളിലേക്കും പ്രവേശിച്ചത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.