സലേർനോയിലെ വി. മത്തായിശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പുരാതന ദൈവാലയം

ഇറ്റലിയിലെ സലേർനോയിലെ പ്രധാന തീർഥാടന ദൈവാലയമാണ് സലേർനോ കത്തീഡ്രൽ. ദുവോമോ എന്നും അറിയപ്പെടുന്ന ഈ ദൈവാലയത്തിലാണ് വിശുദ്ധ മത്തായി ശ്ലീഹായുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്. 1076 -ൽ റോബർട്ട് ഗിസ്‌കാർഡിന്റെ ഭരണ കാലഘട്ടത്തിലാണ് ഈ കത്തീഡ്രലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സെന്റ് പീറ്റർ അല്ലി മർമിയുടെ ബസിലിക്കയ്‌ക്കൊപ്പം ഒരേസമയം പണികഴിപ്പിച്ച ദുവോമോ, 1084-ൽ ഗ്രിഗറി ഏഴാമൻ മാർപാപ്പയാണ് പ്രതിഷ്ഠ നടത്തിയത് .

പതിനേഴാം നൂറ്റാണ്ടിൽ, വാസ്തുശില്പിയായ ഫെർഡിനാൻഡോ സാൻഫെലിസ് നെപ്പോളിയൻ ബറോക്ക്, റോക്കോകോ ശൈലികളിൽ ദൈവാലയത്തിന്റെ അകത്തളങ്ങൾ പുനർനിർമ്മിച്ചു. എന്നിരുന്നാലും, 1930-കളിലെ പുനരുദ്ധാരണം ദുവോമോയെ അതിന്റെ യഥാർഥ രൂപത്തിലേക്ക് തിരികെ കൊണ്ടുവന്നു. സാമ്രാജ്യത്വ സഭാ ആധിപത്യത്തെ ചെറുത്തുനിന്ന ഗ്രിഗറി ഏഴാമൻ മാർപാപ്പയുടെ ശവകുടീരം ദൈവാലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നതിനാൽ ദുവോമോ ഇറ്റാലിയൻ നവോത്ഥാനത്തെ പ്രതീകപ്പെടുത്തുന്നു.

രണ്ടാം ലോകമഹായുദ്ധസമയത്ത്, 1943-ൽ കത്തീഡ്രലിനു കേടുപാടുകൾ സംഭവിച്ചു. ദുവോമോയുടെ ശ്രദ്ധേയമായ ബാഹ്യ സവിശേഷതകളിൽ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുള്ള ഒരു മണി ഗോപുരം ഉൾപ്പെടുന്നു. അറബിക് -നോർമൻ ശൈലിയിൽ ഉള്ള ഈ ഗോപുര മണിയ്ക്ക് 56 മീറ്റർ ഉയരമുണ്ട്. എട്ടു വലിയ മണികളാണ് ഈ ഗോപുരത്തിലുള്ളത്. കോൺസ്റ്റാന്റിനോപ്പിളിൽ നിന്നുള്ള ബൈസന്റൈൻ ശൈലിയിലുള്ള വെങ്കല വാതിലുകൾ, രൂപങ്ങൾ, കുരിശുകൾ, യേശുവിന്റെ ജീവിത കഥകൾ എന്നിവ ചിത്രീകരിക്കുന്ന 56 പാനലുകൾ ഈ ദൈവാലയത്തിനു ഭംഗി നൽകുന്നു.

പ്രവേശന ഭാഗത്ത് 28 പുരാതന സ്തൂപങ്ങളും കൂർത്ത കമാനങ്ങളും അറബ് കൊത്തുപണികളും ഉൾപ്പെടുന്നു. കൂടാതെ ഇവിടെ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. അറബ് കലയുടെ സ്വാധീനം വെളിപ്പെടുന്ന ഇതിൽ പുരാതന റോമൻ ശവപേടകവും അടങ്ങിയിരിക്കുന്നു. അകത്ത്, രണ്ട് ഇടനാഴികൾ, അലങ്കരിച്ച മൊസൈക് പ്രസംഗപീഠങ്ങൾ എന്നിവയും, ഫ്രാൻസെസ്കോ സോളിമിനയുടെ പെയിന്റിംഗായ 14-ാം നൂറ്റാണ്ടിലെ മഡോണ വിത്ത് ചൈൽഡ് (പരിശുദ്ധ മറിയവും ഈശോയും), പ്രമുഖ വ്യക്തികളുടെ ശവകുടീരങ്ങൾ തുടങ്ങിയവയും ഉൾപ്പെടുന്നു.

തൂണുകളാൽ വിഭജിച്ചിരിക്കുന്ന ബസിലിക്കയുടെ ഉൾഭാഗത്താണ് വി. മത്തായി ശ്ലീഹായുടെ ശവകുടീരം.1606-1608-ൽ ഡൊമെനിക്കോയും ജിയുലിയോ ഫോണ്ടാനയും പുനഃസ്ഥാപിച്ച ഈ ശവകുടീരം പിന്നീട് മാർബിൾ കൊണ്ട് അലങ്കരിച്ചു. ശവകുടീരത്തിന്റെ മേൽഭാഗത്തു മുകളിലായി സുവിശേഷകന്റെ രചനയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതും നമുക്ക് കാണാൻ സാധിക്കും.

13-ാം നൂറ്റാണ്ടിലെ സലേർനിറ്റെയ്ൻ രക്തസാക്ഷികളുടെ വെള്ളി പ്രതിമകളും യൂറോപ്പിലെ ആദ്യത്തെ സർവ്വകലാശാലയായി കണക്കാക്കുന്ന സ്‌കോള മെഡിക്ക സലെർനിറ്റാനയുടെ (Schola Medica Salernitana) രേഖകളും ഉൾപ്പെടെ വിവിധ കാലഘട്ടങ്ങളിലെ കലാസൃഷ്ടികൾ തൊട്ടടുത്തുള്ള ഡ്യുമോ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇറ്റലിയിലെത്തുന്ന സഞ്ചാരികൾക്കും തീർഥാടകർക്കും ഏറ്റവും പ്രിയപ്പെട്ട ഇടമാണ് ദുവോമോ

സുനീഷാ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.