രോഗവും ബലഹീനതയും ദൈവസ്നേഹത്തിൽ വളരാനുള്ള മാർഗങ്ങളായി മാറണം: പെറുവിൽ ലെയോ പാപ്പ

രോഗവും ബലഹീനതയും ദൈവസ്നേഹത്തിൽ ദിവ്യശക്തിയായി രൂപാന്തരപ്പെടുമെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. പെറുവിലെ പുരാതന നഗരമായ കുസ്കോയിലെ കത്തീഡ്രൽ ബസിലിക്കയ്ക്കു മുന്നിൽ വിശ്വാസികൾക്കൊപ്പം ആഞ്ചലൂസ് പ്രാർഥന നയിച്ചതിനു ശേഷം സന്ദേശം നൽകുകയായിരുന്നു പാപ്പ.

​രോഗം ഒരു വ്യക്തിയുടെ മൂല്യം കുറയ്ക്കുന്ന നിർഭാഗ്യമാണെന്ന ആധുനിക ‘ഉപേക്ഷിക്കൽ സംസ്കാരത്തിന്റെ’ കാഴ്ചപ്പാട് വലിയൊരു നുണയാണെന്നു പറഞ്ഞ പാപ്പ, വിശ്വാസത്തോടെയും ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോടു ചേർത്തും സ്വീകരിക്കുമ്പോൾ രോഗം ദൈവസ്നേഹത്തിൽ വളരാനുള്ള മാർഗമായി മാറുന്നുവെന്ന് ഓർമ്മിപ്പിച്ചു.

​രോഗബാധിതനായി ഒക്ടോബർ 30 ന് അന്തരിച്ച കുസ്കോയിലെ മുൻ ആർച്ച്ബിഷപ്പ് റിച്ചാർഡ് ഡാനിയൽ അലാർക്കോൺ ഉറൂട്ടിയയെ പാപ്പ അനുസ്മരിച്ചു. അതേസമയം, പുതിയ ആർച്ച്ബിഷപ്പ് ലിസാർഡോ എസ്ട്രാഡയ്ക്ക് മാർപാപ്പ ആശംസകൾ നേർന്നു. ക്രിസ്തുവിനായി സ്വയം സമർപ്പിക്കാൻ വൈദികരും സന്ന്യസ്തരും ഭയപ്പെടരുതെന്നും ഇതിലൂടെ ദൈവകരുണയുടെ ദൃശ്യ അടയാളങ്ങളായി മാറാൻ സാധിക്കുമെന്നും പാപ്പ പറഞ്ഞു.

​1650 ലെ ഭൂകമ്പത്തിൽ നിന്ന് ജനങ്ങളെ രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന കുസ്കോയിലെ പ്രശസ്തമായ ‘ലോർഡ് ഓഫ് ദ എർത്ത്ക്യുക്ക്സ്’ തിരുസ്വരൂപത്തിന് പാപ്പ പ്രത്യേക തിരുവസ്ത്രം സമർപ്പിച്ചു. സഹനങ്ങളെ ക്രിസ്തീയപ്രത്യാശയോടെ നേരിടുന്ന പെറുവിലെ ജനങ്ങൾക്കുള്ള തന്റെ സ്നേഹസ്പർശമാണ് ഇതെന്ന് പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.