
ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ ഉപരോധിക്കപ്പെട്ട നഗരമായ അൽ-ഒബൈദിൽ ഭീകരമായ മനുഷ്യാവകാശ ദുരന്തമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. ജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്ന് യു. എൻ മനുഷ്യാവകാശ ചീഫ് വോൾക്കർ ടർക്ക് വെള്ളിയാഴ്ച ആവശ്യപ്പെട്ടു. സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ മൂന്ന് വർഷത്തിലേറെയായി തുടരുന്ന യുദ്ധം രാജ്യത്ത് കടുത്ത മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഉത്തര കുർദുഫാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ-ഒബൈദിലെ ജനങ്ങൾ കഴിഞ്ഞ 18 മാസമായി ഉപരോധത്തിന് സമാനമായ സാഹചര്യത്തിലാണ് കഴിയുന്നത്. ശുദ്ധജലത്തിന്റെ കടുത്ത ക്ഷാമവും നഗരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ഡ്രോൺ ആക്രമണങ്ങളും ജനജീവിതം പൂർണ്ണമായി ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ടർക്ക് ചൂണ്ടിക്കാട്ടി.
ജനീവയിൽ നടന്ന യു.എൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് വോൾക്കർ ടർക്ക് സുഡാനിലെ ഭീതിജനകമായ സാഹചര്യം വിശദീകരിച്ചത്. കുർദുഫാൻ മേഖലയിൽ നിന്നും ജീവരക്ഷാർഥം പലായനം ചെയ്യുന്ന ജനങ്ങൾക്ക് നേരെ വ്യാപകമായ അതിക്രമങ്ങളാണ് നടക്കുന്നത്. വിചാരണകൂടാതെയുള്ള വധശിക്ഷകൾ, തട്ടിക്കൊണ്ടുപോകലുകൾ, ക്രൂരമായ പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവ പലായന പാതകളിൽ വൻതോതിൽ നടക്കുന്നുണ്ടെന്ന് യു.എൻ മനുഷ്യാവകാശ ഓഫീസ് രേഖപ്പെടുത്തിയിട്ടുണ്ട്.




