
ജീവിതത്തിൽ പ്രതിസന്ധികൾ എല്ലാവർക്കും ഉണ്ടാകാറുണ്ട്. ജോലി നഷ്ടപ്പെടുക, പ്രിയപ്പെട്ടവരുടെ വിയോഗം എന്നിങ്ങനെ നമ്മളെ തളർത്തുന്ന സാഹചര്യങ്ങൾ വരാം. ഇത്തരം ഘട്ടങ്ങളിൽ നമ്മെ മുന്നോട്ട് നയിക്കുന്നത് മാനസിക ധൈര്യമാണ്. സമ്മർദങ്ങളെയും പ്രതിസന്ധികളെയും ആരോഗ്യകരമായ രീതിയിൽ നേരിടാനുള്ള കഴിവാണിത്. ഇത് നമുക്ക് പരിശീലനത്തിലൂടെ വളർത്തിയെടുക്കാൻ സാധിക്കും. അതിനുള്ള ലളിതമായ ചില വഴികൾ.
1. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക
നമ്മൾ എങ്ങനെയുണ്ട് എന്ന് സ്വയം ചോദിക്കുക. നമുക്ക് ദേഷ്യമാണോ, സങ്കടമാണോ, അതോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുക. നമ്മുടെ വികാരങ്ങളെ മനസ്സിലാക്കിയാൽ മാത്രമേ അതിന് പരിഹാരം കാണാൻ സാധിക്കൂ.
2. സ്വയം സ്നേഹിക്കുക, കരുണ കാണിക്കുക
നമ്മളിൽ പലരും സ്വയമേ കുറ്റപ്പെടുത്താറുണ്ട്. അതിനുപകരം, ഒരു അടുത്ത സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ നമ്മളോടുതന്നെ സ്നേഹത്തോടെ സംസാരിക്കുക. തെറ്റുകൾ എല്ലാവർക്കും പറ്റാം എന്ന് മനസ്സിലാക്കി സ്വയം ക്ഷമിക്കാൻ പഠിക്കുക.
3. പ്രശ്നങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുക
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അത് വലിയൊരു ദുരന്തമാണോ അതോ ചെറിയൊരു ബുദ്ധിമുട്ട് മാത്രമാണോ എന്ന് ശാന്തമായി ചിന്തിക്കുക. പലപ്പോഴും ചെറിയ കാര്യങ്ങളെ നമ്മൾ വലിയ പ്രശ്നങ്ങളായി കാണാറുണ്ട്. മുൻപ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എങ്ങനെയാണ് പരിഹരിച്ചതെന്ന് ഓർത്തുനോക്കുന്നത് ധൈര്യം തരും.
4. കാര്യങ്ങൾ മാറ്റിവെക്കാതെ ചെറിയ ചുവടുകളായി തുടങ്ങുക
സങ്കടമോ പേടിയോ തോന്നുമ്പോൾ നമ്മൾ പല കാര്യങ്ങളും ചെയ്യാൻ മടിക്കുകയും മാറ്റിവെക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിനുപകരം ആ വലിയ കാര്യത്തെ ചെറിയ ഭാഗങ്ങളായി തിരിച്ച് പതുക്കെ ചെയ്തു തുടങ്ങുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടും.
5. മനസ്സിനെ ശാന്തമാക്കുക
അമിതമായി ദേഷ്യമോ വിഷമമോ തോന്നുമ്പോൾ ദീർഘമായി ശ്വാസമെടുക്കുക. ഇത് അനാവശ്യ ചിന്തകൾ ഒഴിവാക്കാനും നിലവിലുള്ള സാഹചര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും.
6. മനസ്സ് തുറന്ന് സംസാരിക്കുക
വിഷമങ്ങൾ മനസ്സിൽ തന്നെ ഒതുക്കി വെക്കരുത്. അത് ഒരു ഡയറിയിൽ എഴുതിവെക്കുകയോ, വിശ്വസ്തനായ ഒരു സുഹൃത്തിനോടോ അല്ലെങ്കിൽ ഒരു തെറാപ്പിസ്റ്റിനോടോ തുറന്നു പറയുകയോ ചെയ്യുക. നല്ലൊരു സൗഹൃദവലയം മാനസിക കരുത്ത് കൂട്ടാൻ സഹായിക്കും.
7. ആരോഗ്യകരമായ ജീവിതശൈലി
ശരീരവും മനസ്സും തമ്മിൽ വലിയ ബന്ധമുണ്ട്. അതുകൊണ്ട് നല്ല ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ കൃത്യമായി കൊണ്ടുപോവുക. സോഷ്യൽ മീഡിയയുടെയും വാർത്തകളുടെയും അമിത ഉപയോഗം കുറയ്ക്കുന്നതും മനസ്സിന് നല്ലതാണ്.
നല്ല മാനസികാരോഗ്യം ഹൃദ്രോഗം, ഡിമെൻഷ്യ (മറവിരോഗം) പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാനസിക കരുത്ത് എന്നത് പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല. അത് പതുക്കെ പരിശീലിച്ചെടുക്കേണ്ട ഒന്നാണ്. അതിനായി ശ്രമിച്ചു തുടങ്ങാൻ ഒരിക്കലും വൈകിയിട്ടില്ല. ഇന്നല്ലെങ്കിൽ നാളെ നമുക്ക് നമ്മുടെ മനസ്സിനെ ശക്തമാക്കാൻ സാധിക്കും.
വിവർത്തനം: ഡിൻസി തോമസ്




