
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മാർവലിന്റെ പ്രശസ്ത സൂപ്പർഹീറോ ‘ദി ഇൻക്രെഡിബിൾ ഹൾക്ക്’ താരം ലൂ ഫെറിഗ്നോ, ലെയോ പതിനാലാമൻ മാർപാപ്പയെ നേരിൽ കണ്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പൊതു കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എഴുപത്തിനാലുകാരനായ ഈ അമേരിക്കൻ നടനും മുൻ ബോഡിബിൽഡറുമായ ഫെറിഗ്നോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
മാർപാപ്പയെ കാണുക എന്നത് തന്റെ ജീവിതകാലം മുഴുവനുമുള്ള ആഗ്രഹമായിരുന്നുവെന്നും, അത് സാക്ഷാത്കരിക്കപ്പെട്ടതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഫെറിഗ്നോ പറഞ്ഞു. ഒരു കത്തോലിക്കാ ഇറ്റാലിയൻ കുടുംബത്തിൽ വളർന്ന തനിക്ക് കുട്ടിക്കാലം മുതൽക്കേ മാർപാപ്പയെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ‘ഹൾക്ക്’ കഥാപാത്രത്തിന്റെ പ്രശസ്തമായ മസിൽ ഫ്ലെക്സിംഗ് (flexing) പോസ് ചെയ്തുകൊണ്ടാണ് ഫെറിഗ്നോ പോസ് ചെയ്തത്. 1977 മുതൽ 1982 വരെ അമേരിക്കൻ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ‘ദി ഇൻക്രെഡിബിൾ ഹൾക്ക്’ പരമ്പരയിലൂടെയാണ് അദ്ദേഹം ലോകമെമ്പാടും പ്രശസ്തനായത്.
ലോകത്ത് കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനവും സ്നേഹവും പ്രചരിപ്പിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയെപ്പോലൊരു മഹാനായ ആത്മീയാചാര്യനെയാണ് ലോകത്തിനും രാജ്യത്തിനും ആവശ്യമെന്ന് ഫെറിഗ്നോ കൂട്ടിച്ചേർത്തു.




