

മാലാഖമാരെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ ഉറവിടം വിശുദ്ധ ഗ്രന്ഥവും മറ്റ് ദൈവിക വെളിപാടുകളുമാണ്. ശരീരമില്ലാത്ത, മനുഷ്യരല്ലാത്ത, ആത്മാവിൽ നിലനിൽക്കുന്ന, നിത്യതയുള്ള ദൈവികസൃഷ്ടികളാണ് മാലാഖമാർ. പ്രധാനമായും യഹൂദമതത്തിൽ നിന്നുമാണ് ക്രിസ്തുമതത്തിലേക്കും ഈ വിശ്വാസം കടന്നുവന്നിട്ടുള്ളത്. ഇന്നത്തെ സുവിശേഷഭാഗത്ത് യേശു, ചെറിയവരിൽ ആരെയും നിന്ദിക്കരുത് എന്നുപറഞ്ഞിട്ട് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കയാണ്” (18:10). അതിന്റെ അർഥം, ദൈവത്തിനും മനുഷ്യർക്കുമിടയിലുള്ള സന്ദേശവാഹകരാണ് മാലാഖമാർ എന്നതാണ്. മാത്രമല്ല, നമ്മുടെ ജനനം മുതൽ മരണം വരെയുള്ള ദൈവത്തിന്റെ കരുതലിന്റെ അടയാളം കൂടിയാണ് നമ്മുടെ കാവൽ മാഖാമാർ.
ദൈവത്തിന്റെ സന്ദേശം മനുഷ്യരിലെത്തിക്കാൻ ഉപയോഗിച്ചിരുന്ന മാർഗമായിരുന്നു വിശുദ്ധ ഗ്രന്ഥത്തിൽ മാലാഖമാർ. ഉൽപത്തി പുസ്തകത്തിൽ സോദോം – ഗോമോറ നഗരത്തിന്റെമേൽ ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നതും ലോത്തിനെ ആ നാശത്തിൽ നിന്നും രക്ഷിക്കുന്നതും ദൈവദൂതന്മാരാണ് (ഉൽപ. 19). പുറപ്പാട് പുസ്തകത്തിൽ കാളക്കുട്ടിയെ ആരാധിച്ച ജനത്തിന്റെ പാപത്തിന് മാപ്പ് അപേക്ഷിക്കാൻ മലമുകളിൽ വീണ്ടും ചെന്ന മോശയെ “എന്റെ മാലാഖമാർ നിനക്കു മുൻപേ പോകും” (പുറ. 32:34) എന്നുപറഞ്ഞാണ് ദൈവം തിരികെ അയയ്ക്കുന്നത്. സങ്കീർത്തനങ്ങളിൽ പലപ്പോഴും തന്റെ പ്രിയപ്പെട്ടവരുടെ സംരക്ഷണത്തിനായി ദൈവം മാലാഖമാരെ നല്‍കുമെന്നു പറഞ്ഞിരിക്കുന്നു: “നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോടു കൽപിക്കും” (91:11). ദാനിയേലിന്റെയും ജോബിന്റെയും തോബിത്തിന്റെയും പുസ്തകങ്ങളിലും മാലാഖമാരിലുള്ള വിശ്വാസം എടുത്തുപറയുന്നുണ്ട്.
യേശു ഗത്സമെൻ തോട്ടത്തിൽ ഹൃദയം നുറുങ്ങി പ്രാർഥിക്കുന്ന സമയത്ത് അവിടുത്തെ ശക്തിപ്പെടുത്താനായി സ്വർഗത്തിൽ നിന്നും ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നു (ലൂക്കാ. 22:43). പത്രോസിനെ കാരാഗൃഹത്തിൽ ബന്ധനസ്ഥനാക്കിയപ്പോൾ ദൈവദൂതനാണ് അവനെ മോചിപ്പിച്ച് നഗരത്തിനു പുറത്തെത്തിക്കുന്നത് (അപ്പ. 12: 7-11). ഹെബ്രായർക്കുള്ള ലേഖനത്തിൽ, “രക്ഷയുടെ അവകാശികളാകാനിരിക്കുന്നവർക്ക് ശുശ്രൂഷ ചെയ്യാൻ അയയ്ക്കപ്പെട്ട സേവകാത്മാക്കളാണ്” മാലാഖമാർ (1:14). നാം ജനിക്കുമ്പോൾ തന്നെ ദൈവം ഓരോരുത്തർക്കും ഒരു കാവൽമാലാഖയെ നിയോഗിക്കുന്നുവെന്ന് വി. ജെറോം പറയുന്നു. നമ്മളാരും ഒറ്റയ്ക്കല്ലെന്നും നമ്മുടെ ജീവിതയാത്രയിലുണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ പരീക്ഷണങ്ങളെയും പ്രലോഭനങ്ങളെയും തരണം ചെയ്യാൻ ഓരോരുത്തർക്കും ദൈവം മാലാഖമാരുടെ സഹായം ലഭ്യമാക്കിയിരിക്കുന്നുവെന്നും വി. അക്വീനാസ് എഴുതുന്നു. ഈ ദൈവികസാന്നിധ്യത്തെ തിരിച്ചറിഞ്ഞ് ഓരോ നിമിഷവും ദൈവവഴിയിലൂടെ സഞ്ചരിക്കുന്നതിന് നമുക്ക് പരിശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




