അമ്മമാരും കുഞ്ഞുങ്ങളും മരിച്ചുവീഴുന്നു; താലിബാൻ ഭരണത്തിന് കീഴിൽ നരകതുല്യമായി അഫ്ഗാനിലെ ആശുപത്രികൾ

വടക്കൻ അഫ്ഗാനിസ്ഥാനിലെ അസീസ്‌ഗുൽ എന്ന യുവതിക്ക് പ്രസവവേദന തുടങ്ങിയപ്പോൾ കുടുംബാംഗങ്ങൾ അവളെയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിലേക്ക് പോയത് ഒരു കഴുതപ്പുറത്തായിരുന്നു; മൂന്ന് മണിക്കൂർ നീണ്ട ആ യാത്രക്കൊടുവിൽ അവർ ലക്ഷ്യസ്ഥാനത്തെത്തിയെങ്കിലും, ജീവനോടെ തിരിച്ചുവരാൻ ഭാഗ്യമുണ്ടായില്ല. ശക്തമായ രക്തസ്രാവത്തോടെയാണ് അസീസ്‌ഗുൽ ക്ലിനിക്കിൽ എത്തിയത്. എന്നാൽ ആവശ്യത്തിന് ജീവനക്കാരോ ജീവൻ രക്ഷാ ഉപകരണങ്ങളോ അവിടെയുണ്ടായിരുന്നില്ല. ഒടുവിൽ മറ്റൊരു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അവളും അവളുടെ ഉദരത്തിലുള്ള കുഞ്ഞും മരണപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മാതൃമരണനിരക്കുള്ള രാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാനിൽ, ഓരോ രണ്ട് മണിക്കൂറിലും ഗർഭധാരണത്തെയോ പ്രസവത്തെയോ തുടർന്ന് ഒരു സ്ത്രീ വീതം മരണപ്പെടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ താലിബാൻ ഭരണത്തിന് കീഴിൽ സ്ഥിതി കൂടുതൽ ഭീകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിറഞ്ഞുകവിയുന്ന ആശുപത്രികളും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളും

ബദഖ്ഷാൻ പ്രവിശ്യയിലെ ഫൈസാബാദ് പ്രൊവിൻഷ്യൽ ഹോസ്പിറ്റലിലെ പ്രസവ വാർഡിൽ ദിവസേന നൂറോളം സ്ത്രീകളാണ് ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ ഒരേസമയം ഒരൊറ്റ ഗൈനക്കോളജിസ്റ്റ് മാത്രമാണ് ഈ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുള്ളത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന 24 കാരിയായ മസൂമ എത്തിയപ്പോൾ വാർഡിൽ കാലുകുത്താൻ ഇടമില്ലായിരുന്നു. തനിക്ക് മുന്നിൽ എട്ട് രോഗികൾ കൂടിയുണ്ടായിരുന്നു. മണിക്കൂറുകളോളം കാത്തിരുന്നൊടുവിൽ സിസേറിയൻ ചെയ്തപ്പോഴേക്കും മസൂമയുടെ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു; ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് പൊക്കിൾക്കൊടി കുരുങ്ങി ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചത്.

മറ്റൊരു ആശുപത്രിയിൽ, സിസേറിയൻ ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും താലിബാൻ ബന്ധമുള്ള രോഗികൾക്ക് മുൻഗണന നൽകി തങ്ങളെ ദിവസങ്ങളോളം തിരിഞ്ഞുനോക്കിയില്ലെന്ന് മറ്റൊരു അമ്മയും കണ്ണീരോടെ പറയുന്നു. ചികിത്സ കിട്ടാതെ വൈകിയതിനെ തുടർന്ന് ആ അമ്മയുടെ കുഞ്ഞും പ്രസവിച്ചയുടൻ മരണപ്പെട്ടു.

പ്രതിസന്ധിക്ക് കാരണം പലത്

യു.എസിലെ മുൻ ഭരണകൂടങ്ങൾ നൽകിയിരുന്ന സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറച്ചതിനെ തുടർന്ന് 2025-ൽ അഫ്ഗാനിസ്ഥാനിലെ അഞ്ഞൂറിലധികം ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തുകയോ ഭാഗികമായി അടച്ചുപൂട്ടുകയോ ചെയ്തു. ഇത് പ്രതിസന്ധിക്ക് വലിയ കാരണമാണ്. മാത്രമല്ല താലിബാൻ രാജ്യത്തെ സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ജോലി ചെയ്യുന്നതിനും ഏർപ്പെടുത്തിയ വിലക്ക് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഡോക്ടർമാരും മിഡ്വൈഫുമാരും ആകാൻ പഠിക്കേണ്ട പുതിയ തലമുറയ്ക്ക് ഇതിലൂടെ അവസരം നഷ്ടപ്പെട്ടു. പുരുഷ ഡോക്ടർമാരെ കാണാൻ സംസ്കാരവും നിയമങ്ങളും അനുവദിക്കാത്ത അഫ്ഗാൻ സമൂഹത്തിൽ ഇത് വലിയൊരു ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാജ്യത്തെ പല ആശുപത്രികളിലെയും 90 ശതമാനത്തോളം ഉപകരണങ്ങളും തകർന്ന നിലയിലാണ്. അടിസ്ഥാനപരമായ മരുന്നുകളോ ബാൻഡേജുകളോ പോലും ഇല്ലാത്ത അവസ്ഥയാണ് പലയിടത്തും ഉള്ളത്.

ആശുപത്രി ഇടനാഴികളിലെ തറയിൽ കിടന്ന് വേദന കൊണ്ട് പുളയുന്ന പാവം അമ്മമാരെ തിരിഞ്ഞുനോക്കാൻ പോലും ആരുമില്ലാത്ത അവസ്ഥയാണ്. “പണ്ടൊക്കെ ഇവിടെ നല്ല സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുമുണ്ടായിരുന്നു. എന്നാൽ ഇന്ന്… പാവം അമ്മമാർ ആശുപത്രി ഇടനാഴികളിൽ വേദന കൊണ്ട് കരയുമ്പോൾ, അവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് ആർക്കും ഒരു നിശ്ചയവുമില്ല,” അഞ്ച് വർഷം മുമ്പ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അലിയ വേദനയോടെ ഓർക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.