
കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിൽ ചരിത്രപ്രസിദ്ധമായ കത്തോലിക്കാ ദൈവാലയം തീവച്ച് നശിപ്പിച്ച സംഭവത്തിൽ 68 കാരൻ അറസ്റ്റിൽ. സെന്റ് സിമോൺ ഇടവകയിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ദൈവാലയമാണ് അക്രമിയുടെ തീവയ്‌പ്പിൽ പൂർണ്ണമായി കത്തിയമർന്നത്. സംഭവത്തെ തുടർന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ആസൂത്രിതമായി തീവയ്പ്പ് നടത്തിയതിന് (Arson) കേസെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 24 ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ, മരത്തിൽ നിർമ്മിച്ച ചരിത്രപ്രാധാന്യമുള്ള പള്ളിക്കെട്ടിടവും അതിനുള്ളിലെ അപൂർവമായ തിരുശേഷിപ്പുകളും പൂർണ്ണമായും നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. പ്രദേശത്തെ കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസജീവിതത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും കേന്ദ്രമായിരുന്ന ദൈവാലയം നഷ്ടപ്പെട്ടത് പ്രാദേശിക വിശ്വാസികൾക്ക് കനത്ത ആഘാതമായി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാനഡയിലുടനീളം നൂറിലധികം കത്തോലിക്കാ ദൈവാലയങ്ങൾക്കു നേരെ തീവയ്പ്പും ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. റെസിഡൻഷ്യൽ സ്കൂളുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് രാജ്യത്ത് പള്ളികൾക്കു നേരെയുള്ള ആക്രമണങ്ങൾ വർധിച്ചത്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അക്രമത്തിനു പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.




