
നഗരത്തിന്റെ ചരിത്രകേന്ദ്രമായ എൽ പ്യൂബ്ലോ ഡി ലോസ് ആഞ്ചലസിലെ പത്തടി ഉയരമുള്ള ചരിത്രപ്രസിദ്ധമായ മരക്കുരിശും ക്രിസ്തുമസ് കാലത്തെ പുൽക്കൂടും സംരക്ഷിക്കാൻ നിയമപോരാട്ടവുമായി പ്രദേശത്തെ വ്യാപാരികൾ. മതചിഹ്നങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസി നൽകിയ ഹർജിക്കെതിരെ ഓൾവേര സ്ട്രീറ്റിലെ വ്യാപാരികൾ യുഎസ് നൈൻത് സർക്യൂട്ട് അപ്പീൽ കോടതിയെ സമീപിച്ചു.
ലോസ് ആഞ്ചലസ് സ്വദേശിയായ ജാക്ക് ഗെറിറ്റ്സൺ എന്ന വ്യക്തിയാണ് നഗരസഭയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. പൊതുസ്ഥലത്ത് സ്ഥിതിചെയ്യുന്ന കുരിശും പുൽക്കൂടും അനാവശ്യമാണെന്നും ഇത് അമേരിക്കൻ ഭരണഘടനയുടെ ഫസ്റ്റ് അമൻഡ്മെന്റിലെ ‘എസ്റ്റാബ്ലിഷ്മെന്റ് ക്ലോസ്’ (ഭരണകൂടം പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കരുതെന്ന നിയമം) ലംഘിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ഹർജി. എന്നാൽ, ഈ വാദം നേരത്തെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹർജിക്കാരൻ അപ്പീൽ കോടതിയെ സമീപിച്ചത്.
മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമസഹായ സംഘടനയായ ‘ബെക്കറ്റിന്റെ’ (Becket) പിന്തുണയോടെയാണ് വ്യാപാരികൾ കേസിൽ കക്ഷിചേർന്നത്. 1929 ൽ ലോസ് ആഞ്ചലസ് നഗരത്തിന്റെ 148-ാം വാർഷികത്തോടനുബന്ധിച്ചാണ് ഓൾവേര സ്ട്രീറ്റിന്റെ മുൻവശത്ത് ഈ മരക്കുരിശ് സ്ഥാപിച്ചത്. ക്രിസ്തുമസ് കാലത്ത് പരമ്പരാഗത മെക്സിക്കൻ ആഘോഷമായ ‘ലാസ് പോസാദാസ്’ (Las Posadas) നടക്കുമ്പോഴാണ് അടുത്തുള്ള ഗസീബോയിൽ പുൽക്കൂട് ഒരുക്കുന്നത്. പ്രദേശത്തിന്റെ മെക്സിക്കൻ-അമേരിക്കൻ പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിൽ ഈ ചിഹ്നങ്ങൾക്ക് നിർണ്ണായക പങ്കുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിക്ക് എതിർപ്പുണ്ടെന്ന കാരണം കൊണ്ട് നഗരം സ്വന്തം ചരിത്രത്തെയും പാരമ്പര്യത്തെയും തുടച്ചുനീക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.




