
മതപരമായ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും വിദ്വേഷപ്രസംഗങ്ങൾ നടത്താതിരിക്കുന്നതിനും രാജ്യത്തെ രണ്ട് വലിയ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി നൈജീരിയയിലെ അൻപതിലധികം ക്രൈസ്തവ-മുസ്ലീം നേതാക്കൾ ചേർന്ന് അന്തർമത സമാധാന കരാറിൽ ഒപ്പുവച്ചു. ഓഗസ്റ്റ് 12 ന് അബൂജയിൽ വച്ച് ഒപ്പുവച്ച ഈ കരാർ, പ്രത്യേകിച്ച് വടക്കൻ-മധ്യ മേഖലകളിൽ വർഷങ്ങളായി മതപരമായ അക്രമങ്ങൾ അനുഭവിച്ചുവരുന്ന രാജ്യത്തിന് വളരെ പ്രതീക്ഷ നൽകുന്ന ഒരു ചുവടുവയ്പ്പാണ്.
രാജ്യത്തുടനീളമുള്ള ക്രൈസ്തവ-മുസ്ലീം നേതാക്കൾക്കിടയിൽ സഹകരണം വളർത്തുന്നതിനായി ഒരു പുതിയ സമിതി രൂപീകരിക്കാനും കരാർ ലക്ഷ്യമിടുന്നു. സമൂഹത്തിൽ സ്വാധീനമുള്ള മതനേതാക്കളുടെ ഈ നീക്കം സ്വാഗതാർഹമാണെങ്കിലും, കരാർ ഒപ്പുവച്ചതുകൊണ്ടു മാത്രം നൈജീരിയയിലെ ദീർഘകാല സുരക്ഷാ-മതസ്വാതന്ത്ര്യ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരമാകില്ല. മതപരമായും പ്രദേശികപരമായും നൈജീരിയ ഇന്നും തികച്ചും വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. രാജ്യത്തെ 20 കോടിയിലധികം വരുന്ന ജനസംഖ്യയിൽ, ഭൂരിപക്ഷം മുസ്ലീങ്ങളുള്ള വടക്കൻ മേഖലയും, ഭൂരിപക്ഷം ക്രിസ്ത്യാനികളുള്ള തെക്കൻ മേഖലയുമായി വേർതിരിഞ്ഞു കിടക്കുന്നു. ബൊക്കോ ഹറാം (Boko Haram), ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) തുടങ്ങിയ തീവ്രവാദ സംഘടനകൾ ദശാബ്ദത്തിലേറെയായി നിരവധി നൈജീരിയക്കാരെ കൊല്ലുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
മതപരമായ സംഘർഷങ്ങൾ വളരെ സങ്കീർണ്ണമായി തുടരുന്ന സമയത്താണ് ഈ സമാധാന കരാർ നിലവിൽ വരുന്നത് എന്നത് ശ്രദ്ധേയമാണ്. അബൂജയിൽ നടന്ന സമ്മേളനത്തിൽ, പുതിയൊരു അധ്യായത്തിന് തുടക്കമിടാൻ ഇരുവിഭാഗത്തിലെയും നേതാക്കൾ ആഗ്രഹിക്കുന്നുവെന്ന് മുസ്ലീം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഇസ്സ പറഞ്ഞു. തീവ്രവാദ ആശയങ്ങൾ ഇരു മതവിഭാഗങ്ങളിലെയും ജനങ്ങളെ ഒരുപോലെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
പ്രസിഡന്റ് ബോല ടിനുബുവിനു വേണ്ടി ഡെപ്യൂട്ടി സെനറ്റ് പ്രസിഡന്റ് ബറാവു ജിബ്രിനും ചടങ്ങിൽ പങ്കെടുത്തു. ഭിന്നതകൾ നിലനിൽക്കുമ്പോഴും നൈജീരിയയെ ഒന്നിപ്പിച്ചുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കരാർ പ്രോത്സാഹജനകമാണെങ്കിലും, പ്രഖ്യാപനങ്ങൾ കൊണ്ടുമാത്രം നൈജീരിയയിലെ മതപരമായ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ല.
വടക്കൻ, മധ്യ നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ വർഷങ്ങളായി തീവ്രവാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. ദൈവാലയങ്ങൾ തകർക്കപ്പെടുകയും വൈദികരും വിശ്വാസികളും കൊല്ലപ്പെടുകയോ, തട്ടിയെടുക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. അതേസമയം, തീവ്രവാദ ആക്രമണങ്ങളിൽ വലിയൊരു വിഭാഗം മുസ്ലീങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ഈ സാഹചര്യത്തിൽ, സംയുക്ത അന്തർമത സഹകരണം വളരെ അത്യാവശ്യമാണ്.




