
നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് നാല് ഗ്രാമങ്ങളിൽ സായുധസംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ നാൽപതിലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കായി രാജ്യത്ത് ശക്തമായ തെരച്ചിൽ പ്രഖ്യാപിച്ച് പ്രസിഡന്റ് ബോല ടിനുബു രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നൈജർ സംസ്ഥാനത്തെ ഉൾപ്രദേശമായ ബോർഗു മേഖലയിലെ ഡെകാര, ഗിഡാൻ സാന, സബോൺ ഗിഡ, മസാക്ക എന്നീ ഗ്രാമങ്ങളിൽ ആക്രമണമുണ്ടായത്. വെള്ളിയാഴ്ചയിലെ പ്രാർഥനാസമയത്ത് ഗ്രാമങ്ങളിലെ പള്ളികൾ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയത്. സൈനികവേഷത്തിലെത്തിയ തോക്കുധാരികൾ ഗ്രാമവാസികളെ ആക്രമിക്കുകയും അഞ്ഞൂറോളം പേരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു
തങ്ങൾ തടവിലാക്കിയവരെ വനത്തിലിരുത്തിക്കൊണ്ടുള്ള ദൃശ്യങ്ങൾ അക്രമികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെയാണ് കൂട്ടബന്ദിയാക്കലിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. വീഡിയോയിൽ തങ്ങളുടെ ഗ്രാമത്തിലുള്ളവരെ തിരിച്ചറിഞ്ഞതായി പ്രദേശവാസികൾ പറഞ്ഞു. കാണാതായ പ്രിയപ്പെട്ടവർ ജീവനോടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞ ആശ്വാസത്തിലാണ് ചില കുടുംബങ്ങൾ. ഇതുവരെ മോചനദ്രവ്യം സംബന്ധിച്ച ആവശ്യങ്ങളൊന്നും അക്രമികൾ ഉന്നയിച്ചിട്ടില്ല.
കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മനുഷ്യത്വത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും പ്രസിഡന്റ് ബോല ടിനുബു വ്യക്തമാക്കി. ഒളിവിലുള്ള അക്രമികളെ ഉടൻ പിടികൂടാൻ സുരക്ഷാസേനയ്ക്ക് അദ്ദേഹം കർശന നിർദേശം നൽകി.




