
കേരളത്തിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനത്തിൽ വ്യക്തമാക്കുന്നത്.
അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ അലർട്ടുകൾ പ്രഖ്യാപിക്കുന്നത് മഴയുടെ അളവ് അടിസ്ഥാനമാക്കിയാണ്. ഇതിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യുന്ന അവസ്ഥയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. എന്നാൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം അതിശക്തമായ മഴയായും, 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നത് ശക്തമായ മഴയായും വകുപ്പ് വിലയിരുത്തുന്നു.




