പ്രതീക്ഷയുടെ യാത്ര 171: സ്വപ്നങ്ങളുടെ പുതിയ തീരം

2019 ൽ ടൈലർ നീൽസൺ, മൈക്കൾ സ്വാർട്ട്സ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ദി പീനട്ട് ബട്ടർ ഫാൽക്കൺ’ (The Peanut Butter Falcon) എന്ന അമേരിക്കൻ ചലച്ചിത്രം നൽകുന്ന വൈകാരിക അനുഭവവും ജീവിതപാഠങ്ങളും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതാണ്. ഡൗൺ സിൻഡ്രോം ബാധിച്ച സാക്ക് എന്ന യുവാവിന്റെയും, ജീവിതത്തിൽ പലതും നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന ടൈലർ എന്ന ചെറുപ്പക്കാരന്റെയും അപ്രതീക്ഷിത സൗഹൃദത്തെയും അവരുടെ സാഹസിക യാത്രയെയും ഈ ചിത്രം വളരെ ഹൃദ്യമായി ആവിഷ്കരിക്കുന്നു.

ഡൗൺ സിൻഡ്രോം ഉള്ളതിനാൽ ഒരു നഴ്സിങ് ഹോമിൽ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയനായി ജീവിക്കാൻ വിധിക്കപ്പെട്ട സാക്കിന്റെ ചെറിയ ലോകത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പ്രൊഫഷണൽ ഗുസ്തിക്കാരനാകണമെന്നതാണ് സാക്കിന്റെ ഏറ്റവും വലിയ സ്വപ്നം. തന്റെ പ്രിയപ്പെട്ട ഗുസ്തി താരം ‘സോൾട്ട് വാട്ടർ റെഡ്നെക്’ നടത്തുന്ന റെസ്ലിംഗ് സ്കൂളിൽ ചേരുക എന്നതാണ് അവന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ, താമസിക്കുന്ന നഴ്സിങ് ഹോമിലെ പരിമിതമായ ചുറ്റുപാടുകളും മറ്റുള്ളവരുടെ പരിഹാസങ്ങളും അവനെ മാനസികമായി തളർത്തുന്നു. അവിടെയുള്ള വൃദ്ധനായ ഒരു കൂട്ടുകാരന്റെ സഹായത്തോടെ ഒരു രാത്രി അവൻ ആ സ്ഥാപനത്തിൽ നിന്ന് ഒളിച്ചോടുകയാണ്.

ഒളിച്ചോട്ടത്തിനിടയിൽ സാക്ക് യാദൃശ്ചികമായി കണ്ടുമുട്ടുന്നത് ടൈലർ എന്ന യുവാവിനെയാണ്. പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് സ്വന്തം ക്യാമ്പ് ഉപേക്ഷിച്ച് ഒളിവ് ജീവിതം നയിക്കുന്ന ടൈലർ, ആദ്യം സാക്കിനെ ഒഴിവാക്കാൻ നോക്കുന്നുണ്ടെങ്കിലും ക്രമേണ അവന്റെ അവസ്ഥ മനസ്സിലാക്കി അവന് തുണയാകാൻ തീരുമാനിക്കുന്നു. അവർ ഒരുമിച്ച് ഒരു ചങ്ങാടം നിർമ്മിച്ച് നദിയിലൂടെ യാത്ര തിരിക്കുന്നു. ഈ യാത്ര അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ വഴിത്തിരിവായി മാറുകയാണ്.

യാത്രയ്ക്കിടയിൽ സാക്കിന് നീന്താനും മത്സ്യബന്ധനം നടത്താനും സ്വതന്ത്രമായി ജീവിക്കാനുമുള്ള പരിശീലനം ടൈലർ നൽകുന്നു. സമൂഹത്തിന്റെ വിലക്കുകളും മറ്റുള്ളവരുടെ സഹതാപവും മാത്രം അറിഞ്ഞു വളർന്ന സാക്കിന്, ടൈലർ ഒരു സുഹൃത്തിനെക്കാളേറെ ഒരു മൂത്ത സഹോദരനെപ്പോലെയായി മാറുന്നു. സാക്കിന്റെ വൈകല്യങ്ങളെ കളിയാക്കുന്നവരോട് ശക്തമായി പ്രതികരിക്കാനും സ്വന്തം കാലിൽ നിൽക്കാൻ അവനെ പ്രാപ്തനാക്കാനും ടൈലർ ശ്രമിക്കുന്നു. അവരുടെ ഈ സൗഹൃദം പരസ്പരം ഉള്ളിലെ മുറിവുകളെ ഉണക്കുന്ന ഔഷധമായി മാറുന്നു. അതിനിടയിൽ സാക്കിനെ തിരികെ കൊണ്ടുപോകാൻ ചുമതലയേറ്റ എലീനർ എന്ന സാമൂഹികപ്രവർത്തകയും അവരുടെ യാത്രയിലേക്ക് എത്തിപ്പെടുന്നു. ആദ്യഘട്ടത്തിൽ സാക്കിനെ തിരികെ സ്ഥാപനത്തിൽ എത്തിക്കാൻ ശ്രമിക്കുന്ന എലീനർ, സാക്കിന്റെയും ടൈലറുടെയും ആത്മാർഥമായ സൗഹൃദവും സാക്കിന്റെ സ്വപ്നങ്ങളുടെ ആഴവും മനസ്സിലാക്കുമ്പോൾ അവരെ തടയാൻ ശ്രമിക്കുന്നില്ല, മറിച്ച് അവരുടെ യാത്രയിൽ പങ്കാളിയാകുന്നു. മൂന്നുപേരും ചേർന്ന് നടത്തുന്ന ആ യാത്ര മനുഷ്യസ്നേഹത്തിന്റെ മനോഹരമായ ഒരു ചിത്രമായി മാറുന്നു.

ഒടുവിൽ, സാക്ക് തന്റെ പ്രിയപ്പെട്ട ഗുസ്തിതാരം റെഡ്നെക്കിനെ കണ്ടുമുട്ടുന്നു. തുടക്കത്തിൽ റെഡ്നെക്കിന് സാക്കിന്റെ അവസ്ഥ കണ്ട് അദ്ഭുതവും ആശങ്കയും തോന്നിയെങ്കിലും, സാക്കിന്റെ ആത്മവിശ്വാസം കണ്ടപ്പോൾ അയാൾ അവനെ ഒരു ഗുസ്തിമത്സരത്തിന് തയ്യാറാക്കുന്നു. എതിരാളിയുടെ മുന്നിൽ പതറാതെ നിന്ന് പോരാടുന്ന സാക്ക് ഒടുവിൽ തന്റെ സ്വപ്നപൂര്‍ത്തീകരണത്തിലേക്ക് ചുവട്  വയ്ക്കുന്നതോടെ ചിത്രം പൂർണ്ണാകുന്നു.

ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ സന്ദേശം ശാരീരികമോ, മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിന്റെ അതിരുകളിലേക്ക് മാറ്റിനിർത്തരുത് എന്നുള്ളതാണ്. അവരുടെ ഉള്ളിലെ കഴിവുകളെയും സ്വപ്നങ്ങളെയും അംഗീകരിക്കാൻ സമൂഹം തയ്യാറാകണം. ആരും നിസ്സാരരല്ലെന്നും ആത്മാർഥമായ പരിശ്രമവും നല്ല സുഹൃത്തുക്കളുടെ പിന്തുണയുമുണ്ടെങ്കിൽ അസാധ്യമായ ഏത് കാര്യവും സാധ്യമാക്കാമെന്നും ചിത്രം ഓർമ്മിപ്പിക്കുന്നു.

അതോടൊപ്പം തന്നെ, ജീവിതത്തിന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളെയും അതിജീവിച്ചു മുന്നേറാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയെക്കുറിച്ചും ഈ ചിത്രം സംസാരിക്കുന്നുണ്ട്. നഷ്ടബോധങ്ങളെ പിൻതള്ളി പുതിയൊരു തുടക്കത്തിനായി സ്വയം സജ്ജമാകാനും ഈ കഥാപാത്രങ്ങൾ കാണിക്കുന്ന ധൈര്യം ഏവർക്കും പ്രചോദനമാണ്. കൈവിട്ടുപോയ പ്രതീക്ഷകളുടെ നോവുകൾ ഉള്ളിലുണ്ടെങ്കിലും, പുതിയൊരു തീരത്തേക്ക് കപ്പൽ കയറാൻ മടിക്കരുതെന്ന സന്ദേശമാണ് ‘ദി പീനട്ട് ബട്ടർ ഫാൽക്കൺ’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.