
റോമൻ കത്തോലിക്കാ സഭയുടെ പ്രധാനപ്പെട്ട നാല് വലിയ ബസിലിക്കകളിൽ (Papal Basilicas) ഒന്നാണ് ‘സാന്താ മരിയ മജോറാ’. റോമിലെ പ്രശസ്തമായ ഏഴ് തീർഥാടന ദൈവാലയങ്ങളിൽ ഒന്നായ ഇത്, റോമിലെ ഏറ്റവും വലിയ മരിയൻ ദൈവാലയവും പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും മാതൃദൈവാലയവുമാണ്. ‘മഞ്ഞുമാതാവിന്റെ ബസിലിക്ക’ (Our Lady of the Snow) എന്ന പേരിലാണ് ഈ തീർഥാടന കേന്ദ്രം അറിയപ്പെടുന്നത്.
റോമിലെ എസ്ക്വിലിൻ കുന്നിൽ സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക, 1929-ലെ ലാറ്ററൻ ഉടമ്പടി പ്രകാരം ഇറ്റാലിയൻ അതിർത്തിക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. എങ്കിലും വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള ഈ പ്രദേശത്തിന് അന്താരാഷ്ട്ര നയതന്ത്ര പരിരക്ഷയും പ്രതിരോധ അവകാശങ്ങളും ലഭിച്ചിട്ടുണ്ട്.
ഉണ്ണിയേശു കിടന്ന പുൽത്തൊട്ടിയുടെ തിരുശേഷിപ്പും, റോമൻ ജനതയുടെ സംരക്ഷകയായി വണങ്ങപ്പെടുന്ന ‘സാലുസ് പോപ്പുലി റൊമാനി’ (Salus Populi Romani) എന്ന പരിശുദ്ധ മറിയത്തിന്റെ വിഖ്യാത ചിത്രവും ഈ ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1838 ഓഗസ്റ്റ് 15-ന് ഗ്രിഗറി പതിനാറാമൻ മാർപാപ്പ ഈ ചിത്രത്തിന് ഔദ്യോഗികമായി കിരീടധാരണം നടത്തിയിരുന്നു.
മഞ്ഞിന്റെ അദ്ഭുതം
14-ാം നൂറ്റാണ്ട് മുതൽ ഈ ദൈവാലയം ‘മഞ്ഞുമാതാവിന്റെ പള്ളി’ എന്നും അറിയപ്പെടുന്നു. എ.ഡി. 352-ൽ ലിബേരിയസ് മാർപാപ്പയുടെ ഭരണകാലത്ത്, ജോൺ എന്ന ധനികനായ ഒരു വ്യക്തിയും അദ്ദേഹത്തിന്റെ ഭാര്യയും തങ്ങൾക്ക് ലഭിച്ച ദൈവീക ദർശനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദൈവാലയം പണിയാൻ തീരുമാനിച്ചു. ആഗസ്റ്റ് മാസത്തിലെ കടുത്ത വേനലിൽ, എസ്ക്വിലിൻ കുന്നിൻ മുകളിൽ അദ്ഭുതകരമായി മഞ്ഞ് പെയ്യുകയും, മഞ്ഞ് വീണു കിടന്ന ആ സ്ഥലത്ത് അവർ ദൈവാലയം പണിയുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഈ അദ്ഭുതത്തിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന തിരുനാൾ വിശുദ്ധ കുർബാനയ്ക്കിടയിലും സന്ധ്യാപ്രാർഥനയിലും ബസിലിക്കയുടെ താഴികക്കുടത്തിൽ നിന്ന് വെള്ള റോസാപ്പൂവിതളുകൾ താഴേക്ക് വിതറാറുണ്ട്.
തുടക്കത്തിൽ ‘ലിബേരിയൻ ബസിലിക്ക’ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ ദൈവാലയത്തിൽ, ഏഴാം നൂറ്റാണ്ടിൽ യേശുവിന്റെ പുൽത്തൊട്ടിയുടെ തിരുശേഷിപ്പ് കൊണ്ടുവന്നതോടെ ‘ബെത്ലഹേമിലെ പുൽത്തൊട്ടിയുടെ മാതാവിന്റെ പള്ളി’ എന്ന് ഇത് അറിയപ്പെടാൻ തുടങ്ങി.
പേപ്പൽ ബസിലിക്ക എന്ന പദവി
കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട നാല് മേജർ ബസിലിക്കകളിൽ ഒന്നാണിത് (സെന്റ് ജോൺ ലാറ്ററൻ, സെന്റ് പീറ്റേഴ്സ്, സെന്റ് പോൾസ് വിത്തൗട്ട് ദി വാൾസ് എന്നിവയാണ് മറ്റ് മൂന്നെണ്ണം). ‘പേപ്പൽ ബസിലിക്ക’ എന്ന് വിളിക്കപ്പെടുന്ന ഈ ദൈവാലയങ്ങൾ പാരമ്പരാഗതമായി ചരിത്രപ്രസിദ്ധമായ അഞ്ച് പാത്രിയർക്കീസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു; സാന്താ മരിയ മജോറാ അന്ത്യോഖ്യൻ പാത്രിയർക്കീസുമായി ബന്ധപ്പെട്ടിരിക്കുന്നു. 1552-ൽ ഫിലിപ്പ് നേരി തപസ്സ് യാത്രയായി തുടക്കം കുറിച്ച റോമിലെ ഏഴ് തീർഥാടന പള്ളികളുടെ 20 കിലോമീറ്റർ പാതയിൽ ഈ ബസിലിക്കയും ഉൾപ്പെടുന്നു.
ദൈവാലയത്തിന്റെ ചരിത്രവഴികൾ
എ.ഡി. 431-ൽ നടന്ന പ്രശസ്തമായ എഫേസൂസ് കൗൺസിലിൽ പരിശുദ്ധ മറിയത്തെ ‘ദൈവമാതാവ്’ (Mother of God) ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഓർമ്മയ്ക്കായി സിക്സ്റ്റസ് മൂന്നാമൻ മാർപാപ്പ എ.ഡി. 434-ൽ ഈ ബസിലിക്ക ദൈവമാതാവിനായി സമർപ്പിച്ചു.
ഈ പള്ളിയുടെ ഉള്ളിൽ, സഭയുടെ പ്രാരംഭ ഘട്ടത്തിലെ മനോഹരമായ മൊസൈക്ക് ചിത്രപ്പണികൾ കാണാം. ക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും ജീവിതരംഗങ്ങളും പഴയനിയമ സംഭവങ്ങളും (മോശ ചെങ്കടൽ പിളർക്കുന്നതും മറ്റും) ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മാത്രമല്ല, ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം ഈ ബസിലിക്കയിലെ സ്ഫോർസ ചാപ്പലിനും പോളിൻ ചാപ്പലിനും ഇടയിലുള്ള ഭാഗത്താണ് അടക്കം ചെയ്തിരിക്കുന്നത്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




