
വീടിന്റെ ഒരു മൂലയിൽ നിശ്ശബ്ദമായി ഇരിക്കുന്ന മുത്തശ്ശനോ മുത്തശ്ശിയോ, കുടുംബത്തിന്റെ പഴയ ഓർമകളെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. ഒരുകാലത്ത് നമ്മളെ കൈപിടിച്ച് നടത്തിയവർക്ക് ഇന്ന് നമ്മുടെ കൈത്താങ്ങ് ആവശ്യമായി വരുന്നു. പ്രായം കൂടുമ്പോൾ ശരീരത്തിന് കൂടുതൽ പരിചരണം വേണ്ടിവന്നേക്കാം. എന്നാൽ അതിനേക്കാൾ ഏറെ ആവശ്യമുള്ളത് സ്നേഹവും കരുതലും കൂടെയുണ്ടെന്ന ഉറപ്പുമാണ്.
പ്രായമായവരെ വീട്ടിൽ തന്നെ പരിചരിക്കുന്നത് അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം, കുടുംബത്തോടൊപ്പമുള്ള അവരുടെ സന്തോഷകരമായ ജീവിതവും നിലനിർത്താൻ സഹായിക്കുന്നു. അതിന് വലിയ കാര്യങ്ങളൊന്നും ആവശ്യമില്ല. ശ്രദ്ധയോടെയുള്ള ചില ചെറിയ കാര്യങ്ങൾ മതി.
സുരക്ഷിതമായൊരു വീട് ഒരുക്കാം
പ്രായമായവരുടെ വീട്ടിൽ ആദ്യം ശ്രദ്ധിക്കേണ്ടത് സുരക്ഷയാണ്. തെന്നിവീഴാൻ സാധ്യതയുള്ള പരവതാനികൾ, വഴിയിൽ കിടക്കുന്ന സാധനങ്ങൾ, ഇരുണ്ട ഇടങ്ങൾ എന്നിവ അപകടങ്ങൾക്ക് കാരണമാകാം. അതിനാൽ വീട്ടിലെ വഴികൾ വൃത്തിയായും തടസ്സമില്ലാതെയും സൂക്ഷിക്കുക. കുളിമുറിയിലും പടികളിലും ആവശ്യമായ കൈപ്പിടികൾ ഒരുക്കാം. രാത്രിയിൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലത്ത് ലൈറ്റ് വയ്ക്കുന്നതും സഹായകരമാണ്. ചെറിയൊരു മുൻകരുതൽ പോലും വലിയൊരു അപകടം ഒഴിവാക്കാൻ കഴിയും.
ആരോഗ്യത്തിന് കരുതലിന്റെ കൈത്താങ്ങ്
പ്രായമായവരുടെ ആരോഗ്യത്തിൽ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കേണ്ടതാണ്. മരുന്നുകൾ കൃത്യസമയത്ത് കഴിക്കുന്നുണ്ടോ, ഡോക്ടർ നിർദേശിച്ച പരിശോധനകൾ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കുടുംബാംഗങ്ങൾ ശ്രദ്ധ പുലർത്തണം. ഭക്ഷണവും വെള്ളവും മതിയായ അളവിൽ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
“എന്നാൽ അവരുടെ ആരോഗ്യകാര്യങ്ങളിൽ അമിതമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുപകരം, സ്നേഹത്തോടെ കാര്യങ്ങൾ ഓർമിപ്പിക്കുകയും ആവശ്യമായ സമയത്ത് പിന്തുണ നൽകുകയും ചെയ്യുന്നതാണ് ഉചിതം.
ഭക്ഷണം മാത്രമല്ല, സന്തോഷവും നൽകാം
പ്രായമായവരുടെ ആരോഗ്യത്തിന് പോഷകസമൃദ്ധമായ ഭക്ഷണം പ്രധാനമാണ്. അവരുടെ ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ ഭക്ഷണം നൽകുന്നതിനൊപ്പം, അവർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇടയ്ക്കിടെ തയ്യാറാക്കുന്നതും സന്തോഷം നൽകും.
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം അതിലും വിലപ്പെട്ടതാണ്. ഒരു ഭക്ഷണസമയത്തെ ചെറിയ സംഭാഷണം പോലും അവരുടെ ദിവസത്തെ കൂടുതൽ സന്തോഷകരമാക്കാം.
കഴിയുന്ന കാര്യങ്ങൾ സ്വയം ചെയ്യാൻ അനുവദിക്കുക
സ്നേഹവും കരുതലും കൊണ്ടാണ് പലപ്പോഴും നാം പ്രായമായവരുടെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യുന്നത്. എന്നാൽ അവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സ്വന്തം രീതിയിൽ ചെയ്യാൻ അവസരം നൽകുന്നതും നല്ല പരിചരണത്തിന്റെ ഭാഗമാണ്.
സ്വന്തം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക, ചെറിയ വീട്ടുജോലികളിൽ സഹായിക്കുക, ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടുക തുടങ്ങിയവ അവരുടെ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും നിലനിർത്താൻ സഹായിക്കും. ആവശ്യമായിടത്ത് സഹായം നൽകുന്നതിനൊപ്പം, സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനും കഴിയുന്ന കാര്യങ്ങൾ സ്വയം ചെയ്യാനുമുള്ള അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും വേണം.
അവരുടെ കഥകൾ കേൾക്കാം
പ്രായമായവരുടെ കൈകളിൽ മരുന്നുകളേക്കാൾ വിലപ്പെട്ട മറ്റൊന്നുണ്ട്—അവരുടെ ജീവിതാനുഭവങ്ങൾ. അവർ പങ്കുവയ്ക്കുന്ന പഴയ ഓർമകളും കഥകളും പലപ്പോഴും ഒരു കുടുംബത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമാണ്.
അവർ സംസാരിക്കുമ്പോൾ ഫോൺ മാറ്റിവച്ച് കുറച്ചുനേരം ശ്രദ്ധയോടെ കേൾക്കുക. ഒരേ കഥ പലതവണ പറഞ്ഞാലും മടുപ്പുകാണിക്കാതെ ക്ഷമയോടെ കേൾക്കാൻ ശ്രമിക്കുക. തങ്ങളുടെ വാക്കുകൾ കേൾക്കാനും മനസ്സിലാക്കാനും ഒരാളുണ്ടെന്ന തോന്നൽ പോലും അവർക്ക് വലിയ ആശ്വാസവും സന്തോഷവും നൽകും.
ഒറ്റപ്പെടലിന് ഇടം നൽകാതിരിക്കുക
വീട്ടിലുണ്ടായിട്ടും ഒറ്റപ്പെട്ടതായി തോന്നുന്നത് പ്രായമായവരെ ഏറെ വേദനിപ്പിച്ചേക്കാം. അതിനാൽ അവരോടൊപ്പം സമയം ചെലവഴിക്കാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. കൊച്ചുമക്കളോടൊപ്പം സംസാരിക്കാനും കുടുംബത്തിലെ ചെറിയ കാര്യങ്ങളിൽ പങ്കുചേരാനും അവസരം നൽകാം.
സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം തുടരാനും സഹായിക്കുക. കഴിയുമെങ്കിൽ ചെറിയ യാത്രകൾക്കും കുടുംബസംഗമങ്ങൾക്കും അവരെയും ഒപ്പം കൂട്ടാം.
മനസ്സിനും പരിചരണം വേണം
ശരീരത്തിന്റെ ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം മനസ്സിന്റെ ആരോഗ്യത്തിനും നൽകണം. പ്രായം കൂടുന്നതിനൊപ്പം പലർക്കും ഒറ്റപ്പെടൽ, ആശങ്ക, ദുഃഖം തുടങ്ങിയ വികാരങ്ങൾ അനുഭവപ്പെടാം. “എന്താണ് വിഷമം?” എന്ന് ചോദിക്കുന്നതിനേക്കാൾ ചിലപ്പോൾ “ഞാൻ ഇവിടെ ഉണ്ടല്ലോ” എന്നൊരു വാക്കാണ് കൂടുതൽ ആശ്വാസം നൽകുന്നത്. അവരുടെ വികാരങ്ങളെ ചെറുതായി കാണാതെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുക.
പരിചരിക്കുന്നവരും സ്വയം ശ്രദ്ധിക്കണം
പ്രായമായ ഒരാളെ പരിചരിക്കുന്നത് സ്നേഹത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ അതിനിടെ സ്വന്തം ആരോഗ്യവും വിശ്രമവും അവഗണിക്കരുത്. കുടുംബാംഗങ്ങൾ ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുമ്പോൾ പരിചരണം കൂടുതൽ എളുപ്പമാകും. സ്വന്തം ആരോഗ്യവും മനസ്സമാധാനവും കാത്തുസൂക്ഷിക്കുന്ന ഒരാൾക്ക് മാത്രമേ മറ്റൊരാൾക്ക് മികച്ച പരിചരണം നൽകാനാകൂ.
പ്രായമായവരെ പരിചരിക്കാൻ വലിയ കാര്യങ്ങളൊന്നും ആവശ്യമില്ല. സമയത്ത് നൽകുന്ന മരുന്നിനൊപ്പം സ്നേഹത്തോടെയുള്ള ഒരു വാക്കും, പങ്കിടുന്ന ഒരു പുഞ്ചിരിയും, നൽകുന്ന സഹായത്തോടൊപ്പം ബഹുമാനവും മതി. ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച് വളർത്തിയവരുടെ വാർധക്യത്തിൽ അവർക്ക് താങ്ങാകുന്നത് സ്നേഹം തിരിച്ചുനൽകാനുള്ള മനോഹരമായ അവസരമാണ്.
വിവർത്തനം: ഡിൻസി തോമസ്




