
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകാൻ സാധ്യതയുള്ളതിനെ തുടർന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് നിലവിൽ തടസ്സങ്ങളൊന്നുമില്ല. സംസ്ഥാനത്ത് ഒട്ടുമിക്ക ഇടങ്ങളിലും ഇന്ന് സാധാരണ രീതിയിലുള്ള മഴ ലഭിച്ചേക്കും.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് കരുതുന്നത്. ഇതുമൂലം വരുന്ന 17 വരെയുള്ള ദിവസങ്ങളിൽ മറ്റു വലിയ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും മഴയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.




