
അനാഥത്വത്തിന്റെയും പോളിയോയുടെയും ഇരുട്ടിൽ നിന്ന് ആകാശത്തിന്റെ അതിരുകളില്ലാത്ത പരപ്പിലേക്ക് ചിറകടിച്ചുയർന്ന ഒരു മനുഷ്യനുണ്ട്, ഗൗതം ലൂയിസ്. മദർ തെരേസ എന്ന അഗതികളുടെ അമ്മ നൽകിയ ആത്മവിശ്വാസത്തിൽ പിന്നീട് പൈലറ്റായി മാറിയ ഒരു പോളിയോ ബാധിതന്റെ അതിശയകരമായ ജീവിതയാത്ര.
കൊൽക്കത്തയിലെ തെരുവോരങ്ങളിൽ പോളിയോ രോഗത്തെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട ഗൗതം ലൂയിസ് ഇന്ന് ലോകം അറിയപ്പെടുന്ന കൊമേഴ്ഷ്യൽ പൈലറ്റും സംഗീത മാനേജറും ഫോട്ടോഗ്രാഫറും ഭിന്നശേഷിക്കാർക്കായുള്ള ആകാശയാത്രാ വിദ്യാലയത്തിന്റെ സ്ഥാപകനുമാണ്.
1977- ൽ കൊൽക്കത്തയിലായിരുന്നു ഗൗതം ലൂയിസിന്റെ ജനനം. ഒന്നര വയസ്സുള്ളപ്പോൾ ബാധിച്ച പോളിയോ രോഗം അദ്ദേഹത്തിന്റെ ഇരു കാലുകളുടെയും ചലനശേഷി കവർന്നു. രോഗബാധിതനും ദുരിതമനുഭവിക്കുന്നവനുമായ ആ കുഞ്ഞിനെ നോക്കാൻ നിവൃത്തിയില്ലാതെ അമ്മ അവനെ കൊൽക്കത്തയിലെ മദർ തെരേസയുടെ അഭയകേന്ദ്രത്തിൽ ഉപേക്ഷിക്കുകയായിരുന്നു. വേദന നിറഞ്ഞ ശസ്ത്രക്രിയകളും ഏകാന്തതയും സംസാരിക്കാൻ പോലും കഴിയാതെ കരഞ്ഞു തീർത്ത ദിവസങ്ങളും നിറഞ്ഞതായിരുന്നു അവന്റെ ബാല്യം. എന്നാൽ ആ ഇരുണ്ട നാളുകളിൽ മദർ തെരേസ അവന് ഒരു കാവൽ മാലാഖയായി ഒപ്പം ഉണ്ടായിരുന്നു. അവനെ ചേർത്തുപിടിച്ചുകൊണ്ട് മദർ പറഞ്ഞ വാക്കുകൾ ഗൗതമിന്റെ ജീവിതത്തിന്റെ വഴിത്തിരിവായിമാറി
’യാതൊന്നും പ്രയാസമുള്ളതല്ല. അത് വേറൊരു രീതിയിൽ ചെയ്യണമെന്നു മാത്രം. നിന്നെ സഹായിക്കാൻ ആരുമില്ലെങ്കിൽ നീ അത് സ്വയം ചെയ്തു തുടങ്ങുക.’
എന്നാൽ വിധി അദ്ദേഹത്തിനായി മറ്റൊരു നിയോഗം കരുതിവച്ചിരുന്നു. ബ്രിട്ടീഷ് പൗരയായ പട്രീഷ്യ ലൂയിസ് എന്ന വനിത കൊൽക്കത്ത സന്ദർശിച്ച വേളയിൽ ആ കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു. അങ്ങനെ ഒമ്പതാം വയസ്സിൽ കൊൽക്കത്തയിലെ തെരുവുകളിൽ നിന്ന് ലണ്ടനിലെ ആഡംബര ജീവിതത്തിലേക്കും മികച്ച വിദ്യാഭ്യാസത്തിലേക്കും ഗൗതം പറിച്ചുനടപ്പെട്ടു. രാജകുടുംബാംഗങ്ങളും പ്രമുഖരും പഠിക്കുന്ന ലണ്ടനിലെ ഹിൽ ഹൗസ് സ്കൂളിലും, തുടർന്ന് ബെദേൽസ് സ്കൂളിലും അദ്ദേഹം വിദ്യാഭ്യാസം നേടി.
യൗവനത്തിൽ ബ്രിട്ടീഷ് സംസ്കാരവുമായി ഇണങ്ങിയ ഗൗതം, തന്റെ ആദ്യകാല കൊൽക്കത്ത ജീവിതത്തെയും പോളിയോ ബാധിതമായ ഭൂതകാലത്തെയും ബോധപൂർവം മറക്കാൻ ശ്രമിച്ചു. സ്കൂൾ പഠനത്തിനുശേഷം സംഗീത ലോകത്തേക്ക് കടന്നുവന്ന അദ്ദേഹം പ്രശസ്തമായ റോക്ക് ബാൻഡുകളുടെ മാനേജരായി പ്രവർത്തിച്ചു. പ്രശസ്ത റോക്ക് ബാൻഡ് ആയ ‘ഓസിസി’ന്റെ അമരക്കാരനായ അലൻ മക്ഗീയുടെ വലംകയ്യായി അദ്ദേഹം മാറി. സംഗീത പരിപാടികൾക്കിടയിൽ എപ്പോഴും ഷൂ നഷ്ടപ്പെടുത്തുന്നതുകൊണ്ട് സുഹൃത്തുക്കൾ അദ്ദേഹത്തെ ‘മിസ്റ്റർ ഷൂ’ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.
ജീവിതം സുഖകരമായി മുന്നേറുന്നതിനിടയിലാണ് ഗൗതം തന്റെ ഇരുപതുകളുടെ അവസാനത്തിൽ വളർത്തമ്മയോടൊപ്പം കൊൽക്കത്തയിലേക്ക് തിരികെ വരുന്നത്. ആ സന്ദർശനത്തിൽ തന്നെപ്പോലെ പോളിയോ ബാധിച്ച് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ അദ്ദേഹം അവിടെക്കണ്ടു. ആ യാഥാർഥ്യം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. തന്റെ ഭൂതകാലത്തെയും വേരുകളെയും അംഗീകരിക്കാനും സ്വന്തം ജനതയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാനും ആ യാത്ര അദ്ദേഹത്തിന് പ്രചോദനമായി.
ഇതിനിടയിലാണ് അദ്ദേഹത്തിന് ആകാശത്തോടുള്ള അടങ്ങാത്ത അഭിനിവേശം യാഥാർഥ്യമാകുന്നത്. കാലുകൾക്ക് സ്വാധീനമില്ലാത്ത ഒരാൾക്ക് വിമാനം പറത്താനാകുമോ എന്ന ചോദ്യത്തിന് സ്വന്തം പ്രവൃത്തിയിലൂടെ അദ്ദേഹം ഉത്തരമേകി. പ്രത്യേകമായി രൂപകൽപ്പന ചെയ്ത നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് പൈലറ്റ് ലൈസൻസ് നേടിയ അദ്ദേഹം, ലോകത്തിലെ ഭിന്നശേഷിക്കാരായ ചുരുക്കം ചില കൊമേഴ്ഷ്യൽ പൈലറ്റുമാരിൽ ഒരാളായി മാറി.
ഭിന്നശേഷിക്കാർക്ക് തടസ്സങ്ങളില്ലാതെ വിമാനം പറത്തിപ്പഠിക്കാൻ യുകെയിൽ ‘ഫ്രീഡം ഇൻ ദി എയർ’ എന്ന എൻ.ജി.ഒ സംഘടനയ്ക്കും ഫ്ലൈയിംഗ് സ്കൂളിനും ഗൗതം ലൂയിസ് രൂപം നൽകി. ഭിന്നശേഷി എന്നത് ആകാശത്ത് ഒരു തടസ്സമല്ലെന്നും അവിടെ എല്ലാവരും ഒരേ വേഗതയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം തെളിയിച്ചു.
പോളിയോ രോഗ നിർമാർജ്ജനത്തിനായി ലോകാരോഗ്യ സംഘടനയുടെയും യുണിസെഫിന്റെയും റോട്ടറി ഇന്റർനാഷണലിന്റെയും ആഗോള അംബാസഡറായി ഗൗതം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉൾനാടുകളിൽ പോളിയോ വാക്സിനേഷൻ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കാരണമായി. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ മദർ തെരേസയുടെ സ്മരണയ്ക്കായി ഡോക്യുമെന്ററികളും സംഗീത ആൽബങ്ങളും നിർമ്മിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
തെരുവിന്റെയോ ശാരീരികാവസ്ഥയുടെയോ പേരിൽ വിധിയെഴുതപ്പെടുന്ന ഏത് മനുഷ്യർക്കും പ്രചോദനമാണ് ഗൗതം ലൂയിസിന്റെ ജീവിതം. അനാഥാലയത്തിന്റെ ഇരുണ്ട കോണുകളിൽ നിന്ന് ആകാശത്തിന്റെ നീലച്ചില്ലകളിലേക്ക് സ്വയം ചിറക് മുളപ്പിച്ച ആ മനുഷ്യൻ നമ്മെ പഠിപ്പിക്കുന്നത് ഒരു കാര്യമാണ് ‘പരിമിതികൾ നമ്മുടെ ചിറകരിയുന്നില്ല, മറിച്ച് നമ്മെ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.’
സീനിയ എൽസ ഇഗ്നേഷ്യസ്




