‘ഗ്രാമങ്ങൾ പൂർണ്ണമായും ഒലിച്ചുപോയി’ – നേപ്പാളിലെ പ്രളയത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് വിവരിച്ച് ഫാ. സൈലസ്

“ഭോട്ടെ കോശി നദിക്കരയിലെ ചില പ്രദേശങ്ങളിൽ മുഴുവൻ ഗ്രാമങ്ങളും പൂർണ്ണമായും ഒലിച്ചുപോയി. നദിക്കരയിലുണ്ടായിരുന്ന നിരവധി വീടുകളാണ് തകർന്നടിഞ്ഞത്.”- അപ്രതീക്ഷിതമായി കുതിച്ചെത്തിയ വെള്ളം ഒരു സമൂഹത്തിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെയും പ്രതീക്ഷകളെ തല്ലിക്കെടുത്തിയ നേപ്പാളിലെ അവസ്ഥകളെ കുറിച്ച് സംസാരിക്കുകയാണ് ഫാ. സൈലസ് ബൊഗാട്ടി. നേപ്പാൾ അപ്പസ്തോലിക് വികാരിയേറ്റ് അഡ്മിനിസ്ട്രേറ്റർ ആയി ചുമതല വഹിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ആദ്യം പകച്ചുപോയി എങ്കിലും സാധ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് ജനങ്ങളെ ചേർത്തു നിർത്തുകയാണ് ഇവർ.

13 ഇടവകകളും പതിനായിരത്തോളം വിശ്വാസികളും മാത്രമുള്ള നേപ്പാളിലെ കത്തോലിക്കാ സമൂഹം വളരെ ചെറുതാണ്. “മതം നോക്കാതെ നേപ്പാളിലെ ജനങ്ങൾക്കായി സഭ എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്, ദുരന്തത്തിന്റെ ഈ ഘട്ടത്തിലും ഞങ്ങൾ അത് തുടരും” എന്ന് ഫാ. ബൊഗാട്ടി വ്യക്തമാക്കി. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള രസൂവ (Rasuwa) പ്രദേശത്തെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചതെന്ന് ഫാ. ബൊഗാട്ടി പറഞ്ഞു. “ടിബറ്റിലേക്കുള്ള പ്രധാന വാണിജ്യ പാത ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ലാങ്താംഗ് താഴ്‌വരയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ സ്യാബ്രുബെസിയും (Syabrubesi) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ എല്ലാ ഹോട്ടലുകളും വസതികളും ഒലിച്ചുപോയി. ഈ പ്രദേശത്ത് കനത്ത ജീവഹാനിയാണുണ്ടായത്. നദിയിലെ പ്രളയജലം താഴേക്ക് ഒഴുകിയെത്തി അഞ്ച് ജില്ലകളിൽ വൻ നാശനഷ്ടം വിതച്ചു. ജലപ്രവാഹം വഴിയിലുള്ളതെല്ലാം നശിപ്പിച്ചു. ചില പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്, രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടിലാണ് തുടരുന്നത്”- നിലവിലെ അവസ്ഥയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നു.

മഴ തുടരുമെന്ന പ്രവചനമുള്ളതിനാൽ പലരും ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് കഴിയുന്നത്. അതിനാൽ ടാർപോളിൻ, ബെഡ്ഷീറ്റുകൾ, കിടക്കകൾ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് ഫാ. ബൊഗാട്ടി പറഞ്ഞു.

“കത്തോലിക്കാ സമൂഹത്തിലെ ചില അംഗങ്ങൾ ജോലി ആവശ്യത്തിനായി സ്യാബ്രുബെസിയിലേക്ക് പോയിരുന്നു. അവരിൽ ചിലർ വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ടാകാം, നിലവിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എങ്കിലും കത്തോലിക്കാ പള്ളികൾക്കോ ചാപ്പലുകൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ല. ദുരിതാശ്വാസം എത്തിക്കുന്നതിലൂടെയും പുനരധിവാസത്തിൽ പങ്കാളികളാകുന്നതിലൂടെയും ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ ഞങ്ങൾക്ക് സാധിക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 26-നാണ് നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ദുരന്തമുണ്ടായത്. ആയിരക്കണക്കിന് ആളുകളാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തത്. ടിബറ്റിലെ മഞ്ഞുമല പ്രദേശത്തുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്; എന്നാൽ കൃത്യമായ കാരണം ഇപ്പോഴും അന്വേഷിച്ചുവരികയാണ്. നേപ്പാളിൽ മാത്രം മരിച്ചവരുടെ എണ്ണം 1,252 ആയി ഉയർന്നു. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത 21 മരണങ്ങൾ കൂടി ഉൾപ്പെടെ ദുരന്തത്തിൽ ആകെ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 1,273 ആയി. ആയിരക്കണക്കിന് ആളുകളെയാണ് ഇനിയും കണ്ടെത്താനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.