
ഭൂകമ്പം തങ്ങളുടെ ദൈവാലയം തകർത്തു എങ്കിലും വിശ്വാസ ജീവിതത്തിൽ അതൊരു പ്രശ്നമായി എടുക്കാൻ വെനസ്വേലയിലെ വിശ്വാസികൾ തയ്യാറായിരുന്നില്ല. ആ തകർന്ന ദൈവാലയത്തിനു മുന്നിൽ ഒരുക്കിയ ബലിപീഠത്തിനു മുന്നിൽ വച്ച് 62 വെനസ്വേലൻ കൗമാരക്കാർക്ക് സ്ഥൈര്യലേപനം നൽകിക്കൊണ്ടാണ് അവർ തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂൺ 24-ന് രാജ്യത്തുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദൈവാലയം തകർന്നതിനെ തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന ടാർമാസ് ഗ്രാമത്തിലെ ‘ഔർ ലേഡി ഓഫ് കാൻഡലേറിയ’ ദൈവാലയത്തിന് മുന്നിലാണ് ഈ ശുശ്രൂഷ നടന്നത്.
അന്താരാഷ്ട്ര കത്തോലിക്കാ സംഘടനയായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) ആണ് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഈ വേറിട്ട ചിത്രം പങ്കുവച്ചത്. ലാ ഗ്വൈറ രൂപതാ മെത്രാൻ ബിഷപ്പ് പാബ്ലോ മോഡെസ്റ്റോ ഗോൺസാലസ് പെരസ് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. 62 ചെറുപ്പക്കാരാണ് കടുത്ത ചൂടിനെയും പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് ദൈവാലയത്തിന് മുന്നിലെ ചതുരത്തിൽ വച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്.
പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ചരിത്രപ്രസിദ്ധമായ ദൈവാലയത്തിന്റെ മേൽക്കൂര ഭൂകമ്പത്തിൽ പൂർണ്ണമായി തകർന്നു വീഴുകയായിരുന്നു. തുടർന്ന് ആരാധനക്രമങ്ങൾ ദൈവാലയത്തിനുള്ളിൽ നടത്താൻ കഴിയാത്ത അവസ്ഥയായി. അതിനാൽ തന്നെ താൽക്കാലികമായി ദൈവാലയത്തിനു മുൻപിൽ ഒരുക്കിയ ബലിപീഠത്തിനു മുന്നിൽ ആയിരുന്നു ശുശ്രൂഷകൾ നടത്തിയത്. സ്ഥൈര്യലേപനം സ്വീകരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും ദൈവാലയത്തിന് മുന്നിലെ തെരുവുകളിലും സ്വന്തം വീടുകളുടെ മുൻപിലുമായി നിന്നാണ് ദിവ്യബലിയിൽ പങ്കെടുത്തത്.
ഭൂകമ്പത്തെത്തുടർന്ന് തകർന്ന ദൈവാലയങ്ങളുടെയും ഇടവക കെട്ടിടങ്ങളുടെയും പുനർനിർമ്മാണത്തിനായി ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ (ACN) അടിയന്തര സാമ്പത്തിക സഹായവും പുനരധിവാസ പദ്ധതികളും മേഖലയിൽ നടപ്പിലാക്കി വരുന്നുണ്ട്.




