ഞായർ പ്രസംഗം: ഏലിയാ-സ്ലീവാ-മൂശാക്കാലം രണ്ടാം ഞായര്‍ മത്തായി 17: 9-13, ക്രിസ്തുവിന്റെ സാക്ഷികളായി, കാലഘട്ടത്തിന്റെ പ്രവാചകരായി മാറുക

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,

തിരുസഭാമാതാവിനോടൊപ്പം ഏലിയാ-സ്ലീവാ-മൂശാക്കാലങ്ങളിലെ ഏലിയായുടെ രണ്ടാം ഞായറാഴ്ചയിലേക്ക് ഇന്ന് നാം പ്രവേശിച്ചിരിക്കുകയാണ്. മിശിഹായുടെ രണ്ടാമത്തെ ആഗമനത്തിനായി ഒരുങ്ങാനും ലോകത്തെ ഒരുക്കാനും സ്ലീവായുടെ പുകഴ്ചയുടെ സാക്ഷികളാകാനും തിരുസഭ ഈ കാലഘട്ടത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് നമ്മുടെ ധ്യാനത്തിനായി തിരുസഭ നല്‍കിയിരിക്കുന്ന നാല് വായനകളുടെയും മര്‍മ്മം എന്നുപറയുന്നത് ‘ക്രിസ്തുവിന്റെ സാക്ഷികളായി, കാലഘട്ടത്തിന്റെ പ്രവാചകരായി മാറുക’ എന്നതാണ്.

ഇന്നത്തെ ഒന്നാം വായനയില്‍ ദൈവം മോശയെപ്പോലൊരു പ്രവാചകനെ വാഗ്ദാനം ചെയ്യുന്നു. രണ്ടാം വായനയില്‍ അഗ്‌നി പോലെ ജ്വലിച്ച ഏലിയാ പ്രവാചകനെ നാം കാണുന്നു. ലേഖനത്തില്‍ ഈജിപ്ഷ്യന്‍ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച മോശയുടെ വിശ്വാസതീക്ഷ്ണത വെളിപ്പെടുന്നു. സുവിശേഷത്തിലാകട്ടെ, വരാനിരുന്ന ഏലിയാ, സ്‌നാപകയോ ഹന്നാനാണെന്നും പ്രവാചകന്മാര്‍ സഹിക്കേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ചും ഈശോ സംസാരിക്കുന്നു. നമ്മുടെ മാമ ദീസായിലൂടെ നാം ഓരോരുത്തരും ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തില്‍ പങ്കാളികളാണെന്ന വലിയ ആത്മീയസത്യം തിരുസഭ ഇന്ന് നമ്മുടെ മുമ്പില്‍ വയ്ക്കുന്നുണ്ട്.

ആരാണ് പ്രവാചകന്‍?

പ്രവാചകന്‍ ദൈവത്തിന്റെ ശബ്ദമാണ്. വേദഗ്രന്ഥത്തിന്റെ ഭാഷ്യത്തില്‍ പ്രവാചകന്‍ ഭാവികാര്യങ്ങള്‍ മുന്‍കൂട്ടി പറയുന്ന ഒരുവനല്ല. പിന്നെയോ, ദൈവത്തിനു വേണ്ടി സംസാരിക്കുന്നവനാണവന്‍. നിയമാ. 18-ാം അധ്യായം 18-ാം വാക്യത്തില്‍ തമ്പുരാന്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ”എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും; ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോട് പറയും.”

ലോകത്തിന്റെ തെറ്റായ രീതികള്‍ക്കു നേരെ ദൈവത്തിനായ് വിരല്‍ ചൂണ്ടാനും തിരുത്താനും കെല്‍പുള്ള ദൈവത്തിന്റെ ശബ്ദമാകണം ഓരോ പ്രവാചകനും. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC 783) വ്യക്തമാക്കുന്നു: ”മാമോദീസായിലൂടെ എല്ലാ വിശ്വാസികളും ക്രിസ്തുവിന്റെ പുരോഹിത-പ്രവാചക-രാജകീയ ദൗത്യത്തില്‍ പങ്കാളികളാകുന്നു.” അനീതി കാണുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്നവന്‍ പ്രവാചകനല്ല. നീതിപൂര്‍വകമായ ജീവിതത്തിന്റെ പ്രലോഭനം അതൊരു ആദര്‍ശം മാത്രമായി ചുരുക്കുക എന്നതാണ്. അനീതിക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്താത്തിടത്തോളം കാലം അതൊരു ആദര്‍ശമായിത്തന്നെ തുടരുമെന്നതാണ് സത്യം. സഭ എന്നും പ്രസക്തമാകുന്നത് അനീതിക്കെതിരെ ലോകത്തിന്റെ മനഃസാക്ഷിയായിട്ട് മാറുമ്പോഴാണ്.

എല്‍ സാല്‍വദോറിലെ ബിഷപ്പായിരുന്ന വി. ഓസ്‌കാര്‍ റൊമേരോയുടെ ജീവിതം നല്‍കുന്ന സമാനതകളില്ലാത്ത ഒരു പ്രവാചകമാതൃകയുണ്ട്. തുടക്കത്തില്‍ വിവാദങ്ങളില്‍ നിന്നകന്ന്, സ്വന്തം പഠനത്തിലും സുരക്ഷിതമായ സഭാശുശ്രൂഷകളിലും മാത്രം മുഴുകിയിരുന്ന ശാന്തനായ ഒരു ഇടയനായിരുന്നു അദ്ദേഹം. എന്നാല്‍, പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങിത്തിരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ആത്മമിത്രമായ ഫാ. റുട്ടിലിയോ ഗ്രാന്‍ഡെ വെടിയേറ്റുവീണ നിമിഷം റൊമേരോയുടെ ഉള്ളിലെ പ്രവാചകന്‍ ഉണര്‍ന്നു. ചോരയില്‍ കുതിര്‍ന്ന തന്റെ സ്‌നേഹിതന്റെയും ഒപ്പം കൊല്ലപ്പെട്ട നിര പരാധികളുടെയും മൃതദേഹങ്ങള്‍ക്കു മുന്നില്‍ രാത്രി മുഴുവന്‍ മുട്ടിലിരുന്ന് പ്രാര്‍ഥിച്ച ആ മെത്രാന്‍ ഒരു പുതിയ മനുഷ്യനായിട്ടാണ് എഴുന്നേറ്റത്. ”എന്റെ ജനതയുടെ രക്തം നിലവിളിക്കുമ്പോള്‍ എനിക്കിനി മൗനം പാലിക്കാനാവില്ല” എന്ന അതിതീവ്രമായ അവബോധത്തോടെ അദ്ദേഹം പീഡിതരുടെ പക്ഷം ചേര്‍ന്നു. മരണത്തിന്റെ കറുത്ത നിഴലുകള്‍ ചുറ്റുമുണ്ടായിട്ടും അധികാരത്തിന്റെ ക്രൂരതകള്‍ക്കെതിരെ സത്യം വിളിച്ചുപറയാന്‍ അദ്ദേഹം കാണിച്ച ആ ചങ്കൂറ്റമാണ് ക്രിസ്തീയ പ്രവാചകത്വം. സുഖസൗകര്യങ്ങളുടെയും നിസ്സംഗതയുടെയും സുരക്ഷിത താവളങ്ങളില്‍ നിന്ന് പുറത്തുകടന്ന്, അപരന്റെ നീതിക്കു വേണ്ടി ദൈവത്തിന്റെ ഉറച്ച ശബ്ദമാകാന്‍ നമുക്ക് കഴിയുന്നുണ്ടോ?

ക്രിസ്തീയ പ്രവാചകത്വം ധീരതയും ത്യാഗവും ആവശ്യപ്പെടുന്നുണ്ട്

ഒരു യഥാര്‍ഥ പ്രവാചകന്റെ പാത ഒരിക്കലും സുഗമമായിരിക്കില്ല. അവിടെ പലവിധത്തിലുള്ള സഹനങ്ങളും ത്യാഗങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടായേക്കാം. തെറ്റ് ചെയ്തവനോട് തെറ്റ് തെറ്റാണെന്നു പറഞ്ഞതിന്റെ പേരില്‍ തല വെട്ടി തളികയില്‍ വയ്ക്കപ്പെട്ട സ്‌നാപകയോഹന്നാന് തന്റെ ജീവന്‍ തന്നെ സത്യത്തിനു വേണ്ടി ബലികഴിക്കേണ്ടി വന്നു. ഈ വിധമുള്ള ഒരു വിശ്വാസത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ തന്റെ Lumen Fidei (57) എന്ന ചാക്രികലേഖനത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: ”വിശ്വാസം നമ്മെ കഷ്ടപ്പാടുകളില്‍ നിന്ന് ഒഴിവാക്കുന്നില്ല മറിച്ച്, കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് പ്രത്യാശയുടെ വെളിച്ചം നല്‍കുന്നു. അത് ദൈവത്തിന്റെ വിശ്വസ്തതയില്‍ ആശ്രയിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു.”

ക്രിസ്തുവിന് സാക്ഷ്യം വഹിക്കുമ്പോള്‍ നമുക്കും പലതും നഷ്ടപ്പെട്ടേക്കാം. സ്ഥാനമാനങ്ങള്‍, സുഹൃത്തുക്കള്‍, സാമ്പത്തിക ലാഭങ്ങള്‍ എന്തിനേറെ സ്വന്തം ജീവന്‍ തന്നെയും സത്യത്തിനു വേണ്ടി ത്യജിക്കാന്‍ പ്രവാചകനായ ഒരു ക്രിസ്ത്യാനിക്ക് സാധിക്കണം. ഭാരതത്തിന്റെ മണ്ണില്‍ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. ഇന്‍ഡോറിലെ പാവപ്പെട്ട കര്‍ഷകരെ ചൂഷണം ചെയ്തിരുന്ന ജന്മികള്‍ക്കെതിരെ അവള്‍ ക്രിസ്തുവിന്റെ ശബ്ദമായി മാറി. ഫലമോ, ബസ്സില്‍ വച്ച് 54 കുത്തുകളേറ്റ് അവള്‍ കൊല്ലപ്പെട്ടു. എന്നാല്‍, ആ രക്തം ഇന്നും വലിയൊരു പ്രവാചകശബ്ദമായി ഭാരതസഭയില്‍ ജ്വലിച്ചുനില്‍ക്കുന്നു. സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ വരുന്ന പ്രതിസന്ധികളെ ഭയപ്പെടാന്‍ പാടില്ല. കാരണം, സത്യത്തന് സാക്ഷ്യം നല്‍കിയവരുടെ ഒരു നീണ്ട നിര നമുക്കു ചുറ്റുമുണ്ട് എന്ന സത്യം നമ്മെ ഭരിക്കണം.

ഓരോ പ്രവാചകന്റെയും ജീവിതം ക്രിസ്തുവിനെ ചൂണ്ടിക്കാട്ടുന്ന ചൂണ്ടുപലകകളാണ്

പ്രവാചകന്റെ ഏറ്റവും വലിയ ലക്ഷ്യം അവനവനിലേക്ക് ആളുകളെ ആകര്‍ഷിക്കുക എന്നതല്ല മറിച്ച്, ക്രിസ്തുവിലേക്ക് ലോകത്തെ നയിക്കുക എന്നതാണ്. വരാനിരുന്ന ഏലിയ ആയ സ്‌നാപകയോഹന്നാന്‍ ചെയ്തത് അതാണ്. “അവന്‍ വളരണം, ഞാന്‍ കുറയണം” എന്നതായിരുന്നു അവന്റെ മുദ്രാവാക്യം. ”ഇതാ, ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നുപറഞ്ഞ് അവന്‍ ഈശോയെ ലോകത്തിന് കാണിച്ചുകൊടുത്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ Lumen Gentium (35) എന്ന പ്രമാണ രേഖ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്.

”അല്‍മായര്‍ തങ്ങളുടെ അനുദിന ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ക്കിടയില്‍ സുവിശേഷവല്‍ക്കരണം നിര്‍വഹിക്കുമ്പോള്‍ അവര്‍ വിശ്വാസത്തിന്റെ ശക്തരായ പ്രഘോഷകരായി മാറുന്നു.” ഇതിനോട് ചേര്‍ത്തുവയ്‌ക്കേണ്ടതാണ് അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റെ വാക്കുകള്‍: ”എപ്പോഴും സുവിശേഷം പ്രഘോഷിക്കുക; ആവശ്യമെങ്കില്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കുക.”

നമ്മുടെ ജീവിതം കാണുന്ന മറ്റുള്ളവര്‍ക്ക് ക്രിസ്തുവിനെ അനുഭവിക്കാന്‍ സാധിക്കണം. എല്ലാ മനുഷ്യരും കാണുന്ന, കേള്‍ക്കുന്ന, അറിയുന്ന തങ്ങളുടെ അനുദിന ജീവിതങ്ങളില്‍ അനുഭവിക്കുന്ന സുവിശേഷം എന്നുപറയുന്നത് അത് നമ്മള്‍ തന്നെയാണ്, നമ്മുടെ ജീവിതസാക്ഷ്യമാണ്. വി. അഗസ്തി നോസ് പറയുന്നതുപോലെ, ”എന്റെ ജീവിതം ക്രിസ്തുവിലേക്ക് ചൂണ്ടുന്ന ഒരു ദിശാസൂചികയായിരിക്കണം.” നാം ചെയ്യുന്ന പ്രവൃത്തികള്‍, നാം സംസാരിക്കുന്ന രീതി, മറ്റുള്ളവരോടുള്ള നമ്മുടെ കരുണ – ഇതെല്ലാം നമ്മളിലൂടെ ഈ കാലഘട്ടത്തില്‍ മിശിഹായെ വെളിപ്പെടുത്തണം. നാം ക്രിസ്തുവിന്റെ യഥാര്‍ഥ സാക്ഷികളായിത്തീരുന്നത് അപ്പോഴാണ്.

പ്രിയമുള്ളവരേ, ഈ ഞായറാഴ്ച തിരുസഭ നമുക്ക് നല്‍കുന്നത് മൂന്ന് വലിയ ക്ഷണങ്ങളാണ്. അനീതിക്കും അസത്യങ്ങള്‍ക്കും മുന്നില്‍ നിശ്ശബ്ദത പാലിക്കാതെ ഏലിയായെപ്പോലെ വചനത്തിന്റെ അഗ്‌നിയുള്ള ദൈവത്തിന്റെ ശബ്ദമായി മാറാന്‍, ക്രിസ്തുമാര്‍ഗത്തില്‍ നേരിടേണ്ടിവരുന്ന നഷ്ടങ്ങളെയും ഒറ്റപ്പെടലുകളെയും, മോശയെപ്പോലെയും സ്‌നാപകനെപ്പോലെയും സത്യത്തിനു വേണ്ടിയുള്ള ധീരമായ ത്യാഗങ്ങളായി ഏറ്റെടുക്കാന്‍, ഒടുവില്‍ നമ്മുടെ വാക്കുകളേക്കാളുപരി എളിമയും സ്‌നേഹവും നിറഞ്ഞ അനുദിന പ്രവൃത്തികളിലൂടെ ക്രിസ്തുവിലേക്ക് വിരല്‍ ചൂണ്ടുന്ന ജീവിക്കുന്ന സാക്ഷ്യങ്ങളായി മാറാന്‍. അങ്ങനെ സുരക്ഷിതത്വ ത്തിന്റെ വലയങ്ങള്‍ ഭേദിച്ച്, സത്യത്തിന് വില കൊടുത്ത്, നമ്മുടെ ജീവിതം വഴി അപരന് ക്രിസ്തുവിനെ അനുഭവവേദ്യമാക്കുമ്പോഴാണ് ഈ കാലഘട്ടത്തിന്റെ യഥാര്‍ഥ പ്രവാചകരായി നാം രൂപാന്തരപ്പെടുന്നതെന്ന വലിയ സത്യം നമ്മുടെ ഉള്ളിന്റെയുള്ളില്‍ നമുക്ക് ഉറപ്പിക്കാം. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വേശ്വരാ എന്നേക്കും, ആമ്മേന്‍.

ബ്രദര്‍ ബിവിന്‍ ആനിത്തോട്ടത്തില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.