സീറോ മലങ്കര മെയ് 18 മത്തായി 13: 31-35 പ്രതിഫലം

ഫാ. തോമസ്‌ ചെറുതോട്

അല്പം മാവ് മുഴുവൻ മാവിനെയും പുളിപ്പിക്കുന്നതു പോലെ കഴിയുന്ന നന്മകൾ ഈശോയ്ക്കു വേണ്ടി സന്തോഷത്തോടെയും പൂർണ്ണതയോടും കൂടി ചെയ്യുക. ഒരുപക്ഷേ നാം നിസ്സാരമായി കാണുന്ന ചില പ്രവർത്തികളായിരിക്കാം ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നത്. വി. മത്തായി 10:42-ൽ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു, ചെറിയവരിൽ ഒരുവന് ശിഷ്യൻ എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.

തന്റെ കൈയ്യിലെ അഞ്ച് അപ്പവും രണ്ട് മീനും ആ ബാലൻ ഈശോയ്ക്ക് നല്‍കിയപ്പോൾ അത് അഞ്ഞൂറോളം മനുഷ്യർക്ക് ഭക്ഷിച്ച് തൃപ്തിയാകത്തക്കവിധം ഈശോ വർദ്ധിപ്പിച്ചു. കടുകുമണി വളരെ ചെറുതാണ്. ഒരുപക്ഷേ, മനുഷ്യദൃഷ്ടിയിൽ നാം ചെയ്യുന്ന നന്മകൾ വളരെ ചെറുതായിരിക്കും. എന്നാൽ ദൈവസന്നിധിയിൽ വളർന്നു പന്തലിച്ച് വൻവൃക്ഷമായി അതു മാറുന്നു. ഈശോ ഇത് വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒരുവൻ വിതയ്ക്കുന്നതേ കൊയ്യൂ. നന്മ വിതയ്ക്കുന്നവൻ പത്തിരട്ടിയായി നന്മ കൊയ്തെടുക്കുന്നു. മനുഷ്യദൃഷ്ടിയിൽ നിസ്സാരങ്ങളായവ ദൈവസന്നിധിയിൽ വലിയ വിലയുള്ളവയായിരിക്കും.

ഫാ. തോമസ് ചെറുതോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.