മുതിർന്ന ഈശോസഭാ വൈദികൻ ഫാ. ജോർജ് നെടുങ്ങാട്ട് നിര്യാതനായി

മുതിർന്ന ഈശോസഭാ വൈദികൻ ഫാ. ജോർജ് നെടുങ്ങാട്ട് SJ (90) നിര്യാതനായി. കോഴിക്കോട് മലാപ്പറമ്പിലുള്ള ഈശോസഭയുടെ ക്രൈസ്റ്റ് ഹാളിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് (ഒക്ടോബർ 27) നാലു മണി മുതൽ ക്രൈസ്റ്റ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. വെള്ളിയാഴ്ച്ച (ഒക്ടോബർ 28) രാവിലെ 10 മണിക്ക് മൃതസംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.

1932 ഡിസംബർ 21-ന്  മൂവാറ്റുപുഴക്കടുത്ത് പെരിങ്ങുഴയിലുള്ള നെടുങ്ങാട്ട് ഐപ്പിന്റെയും മറിയത്തിന്റെയും മകനായാണ് ജനനം. ജോസഫ്, മത്തായി, ജയിംസ് എന്നീ മൂന്ന് സഹോദരന്മാരാണ് ഫാ. ജോർജിന് ഉണ്ടായിരുന്നത്. 1950-ൽ തന്റെ 18-ാമത്തെ വയസിൽ അദ്ദേഹം ഈശോസഭയുടെ കോഴിക്കോട്ട് ക്രൈസ്റ്റ് ഹാളിൽ നൊവിഷ്യേറ്റിൽ ചേർന്നു. കുർസങിലെ ഈശോസഭയുടെ സെന്റ് മേരീസ് കോളേജിൽ നിന്നും വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം, 1964 മാർച്ച് 19-ന്  അവിടെ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. 1968 ഫെബ്രുവരി രണ്ടിന് അദ്ദേഹം റോമിൽ വച്ച് ഈശോസഭാ വൈദികനായി നിത്യവ്രതവാഗ്‌ദാനമെടുത്തു.

റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പൗരസ്ത്യ കാനൻ നിയമത്തിൽ ഉപരിപഠനത്തിനു ശേഷം 40 വർഷം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ ഡീൻ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു. റോമിൽ നിന്നും വിരമിച്ച ശേഷം ബാംഗ്ളൂരിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ 2015 വരെ  കാനൻ ലോ പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൗരസ്ത്യ കാനൻ നിയമങ്ങളുടെ ഏകീകരണത്തിൽ സുപ്രധാനപങ്ക് വഹിച്ച വൈദികനാണ് ഫാ. ജോർജ് നെടുങ്ങാട്ട് SJ.

അൽഫോൻസാമ്മ മുതൽ ഇന്ത്യയിൽ നിന്നും വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ദൈവദാസരുമായ എല്ലാ പുണ്യാത്മാക്കളുടെയും നാമകരണ പ്രക്രിയയിൽ നിസ്തുലമായ പങ്കുവഹിച്ച വൈദികനാണ് ഫാ. ജോർജ് നെടുങ്ങാട്ട് SJ. 2015-നു ശേഷം അദ്ദേഹം കാലടി സമീക്ഷയിൽ സേവനമനുഷ്ഠിച്ചു. 2022 മാർച്ച് മുതൽ ചികിത്സക്കായി അദ്ദേഹം കോഴിക്കോട് മലാപ്പറമ്പിലുള്ള ഈശോസഭയുടെ ക്രൈസ്റ്റ് ഹാളിൽ വിശ്രമജീവിതത്തിലായിരുന്നു.

മലയാളം, ഇംഗ്ലീഷ്, ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, സ്‌പാനിഷ്‌ ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികൾ

1. Mariam Thereasa Chiramel Mankidiyan –I
2. Mariam Theresa Chiramel Mankidiyan – II
3. Two Miracles of Mother Mariam Thresia
4. Journal of St Thomas Christians (2)
5. Crucified with Christ for all
6. Laity and Church Temporalities
7. The Spirit of the Eastern Code
8. The Synod of Diamper Revised
9. Orientalia Christiana Periodica
10. Quest for the Historical Thomas Apostle in India
11. Theological Studies
12. Digital CCEO
13. Renewal of Life of Law

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.