ഫാ. അഗസ്റ്റസ് ടോൾട്ടന്റെ നാമകരണ നടപടികൾ ആരംഭിച്ച് വത്തിക്കാൻ

ആഫ്രോ – അമേരിക്കൻ വൈദികനായ ഫാ. അഗസ്റ്റസ് ടോൾട്ടന്റെ നാമകരണ നടപടികൾ ആരംഭിച്ച് വത്തിക്കാൻ. ഫാ. അഗസ്റ്റസിനെ സംസ്കരിച്ചിരിക്കുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ ദേവാലയത്തിലേക്ക് വത്തിക്കാന്റെ പ്രതിനിധികൾ പോയിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു അത്ഭുതം കൂടെ സ്ഥിരീകരിച്ചാൽ ഫാ. അഗസ്റ്റസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തും.

1854-ൽ അടിമത്വകാലത്ത് ജനിച്ച അഗസ്റ്റസ്, കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം മിസിസിപ്പി നദി കടന്ന് ഒടുവിൽ ഫ്രീ സ്റ്റേറ്റ് ഓഫ് ഇല്ലിനോയിയിലെ ക്വിൻസിയിൽ താമസിക്കുകയായിരുന്നു. ക്വിൻസിയിൽ, അഗസ്റ്റസിന് ഒരു ഐറിഷ് കത്തോലിക്കാ വൈദികനായ ഫാ. പീറ്റർ മക്ഗിർ നടത്തുന്ന ഒരു കത്തോലിക്കാ സ്കൂളിൽ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചു. തുടർന്ന്, ഒരു വൈദികനാകാനാണ് തന്റെ വിളിയെന്ന് അഗസ്റ്റസ് തിരിച്ചറിഞ്ഞു. എന്നാൽ വംശീയതയുടെ പേരിൽ അദ്ദേഹത്തെ ഒരു സന്യാസ സമൂഹവും സ്വീകരിച്ചില്ല. ഒടുവിൽ ഫാ. മക്ഗിർ ഒരു റോമൻ സെമിനാരിയിൽ അദ്ദേഹത്തിന് പ്രവേശനം നേടിക്കൊടുത്തു. അങ്ങനെ ടോൾട്ടൻ 1886- ൽ വൈദികനായി അഭിഷിക്തനായി.

വൈദികനായ അദ്ദേഹം അമേരിക്കയിലെ കറുത്തവർഗ്ഗക്കാരായ കത്തോലിക്കർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. മാത്രമല്ല, ചിക്കാഗോയിൽ സെന്റ് മോണിക്കാസ് ദേവാലയവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മനോഹരമായ ശബ്‍ദവും പ്രസംഗപാടവവും അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. യുഎസ് കോൺഗ്രസിനു മുമ്പിലും പരിശുദ്ധ കുർബാന അർപ്പിക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

ചിക്കാഗോയിലെ മേഴ്‌സി ഹോസ്പിറ്റലിൽ വച്ച് തന്റെ നാല്പത്തിമൂന്നാമത്തെ വയസ്സിലാണ് ഫാ. ടോൾട്ടൺ അന്തരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ക്വിൻസിയിലേക്ക് കൊണ്ടുവരികയും അവിടെ സംസ്കരിക്കുകയുമായിരുന്നു.

2016- ൽ ഫാ. ടോൾട്ടന്റെ ഭൗതികാവശിഷ്ടങ്ങൾ വത്തിക്കാൻ പ്രതിനിധികൾ പരിശോധനയ്ക്കും സ്ഥിരീകരണത്തിനുമായി പുറത്തെടുത്തിരുന്നു. മൂന്നു വർഷങ്ങൾക്കു ശേഷം, ഫ്രാൻസിസ് മാർപാപ്പ ഫാ. ടോൾട്ടനെ ധന്യനായി ഉയർത്തി. ഇപ്പോൾ വത്തിക്കാൻ, ഫാ. ടോൾട്ടനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നടപടികളാണ് നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.