ആഗസ്റ്റ് 19: വിശുദ്ധ ജോണ്‍ യൂഡ്‌സ്

1603 നവംബര്‍ 14-ന് ഫ്രാന്‍സിലെ നോര്‍ മന്റി എന്ന സ്ഥലത്തെ റീ എന്ന ഗ്രാമത്തിലാണ് വി. ജോണ്‍ യൂഡ്‌സ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു കര്‍ഷകനും ഭിഷഗ്വരനുമായിരുന്നു. ബാല്യകാലം മുതല്‍ തന്നെ ജോണില്‍ അനന്യസാധാരണമായ ഗുണവിശേഷങ്ങള്‍ പ്രശോഭിച്ചിരുന്നു. പ്രാർഥിക്കുക എന്നതായിരുന്നു അവന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി.

ജോണിന്റെ പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിച്ചത് ബ്ലാനറി എന്ന വൈദികനായിരുന്നു. അതിനുശേഷം ഉപരിപഠനാര്‍ഥം ജോണ്‍, കേയിനിലെ ജെസ്വീറ്റ് കോളേജില്‍ പ്രവേശിച്ചു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരികെയെത്തിയ ജോണിനെ വിവാഹം കഴിപ്പിക്കാനാണ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ താല്പര്യപ്പെട്ടിരുന്നത്. എന്നാല്‍, ഒരു വൈദികനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് 1620 സെപ്റ്റംബര്‍ 19-ാം തീയതി ജോണ്‍, പ്രഥമപട്ടം സ്വീകരിച്ചു.

ജോണിന്റെ സെമിനാരിജീവിതം തികച്ചും സന്തോഷപ്രദമായിരുന്നു. പഠനത്തില്‍ സമര്‍ഥനായിരുന്ന അദ്ദേഹം പ്രസംഗകലയില്‍ തനിക്കുണ്ടായിരുന്ന അഭിരുചി കൂടെക്കൂടെയുള്ള പരിശീലനംകൊണ്ട് വികസിപ്പിച്ചു. വൈദികവിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം പ്രശസ്തരായ പ്രാസംഗികരുടെ നിരയിലേക്ക്  ഉയര്‍ന്നിരുന്നു. ബുദ്ധിനിറയെ അറിവും ഹൃദയംനിറയെ സ്‌നേഹവും സമ്പാദിച്ച ജോണ്‍ 1625 ഡിസംബര്‍ 20-ാം തീയതി വൈദികനായി.

വിശുദ്ധന്റെ പ്രേഷിതരംഗം വളരെ വിശാലമായിരുന്നു. അശരണരായ ദുഃഖിതരെയും രോഗികളെയും ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക, അവരില്‍ ദൈവസ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുക എന്നിവ അദ്ദേഹം വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകായിരങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗമാധുര്യം ആസ്വദിക്കാന്‍വന്ന അക്രൈസ്തവരായവര്‍പോലും സത്യവിശ്വാസികളായിത്തീര്‍ന്ന അനേകം സംഭവങ്ങളുണ്ട്.

വൈദികരുടെ നവീകരണത്തിനായി സെമിനാരി സ്ഥാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സംശയത്തോടെയാണ് ഒററ്ററി നോക്കിക്കണ്ടത്. അതിനാല്‍ തന്റെ പ്രേഷിതപ്രവര്‍ത്തനത്തിനായി വിശുദ്ധന്‍ ഒററ്ററിയില്‍ നിന്ന് രാജിവയ്ക്കുകയും അഞ്ച് വൈദികരോടൊപ്പം ‘ഈശോയുടെയും മറിയത്തിന്റെയും സഭ’ എന്ന പേരില്‍ പുതിയൊരു സഭ സ്ഥാപിക്കുകയും  ചെയ്തു. അദ്ദേഹത്തിന്റെ ഈ ഉദ്യമങ്ങള്‍ പലവിധ എതിര്‍പ്പുകള്‍ക്കും കാരണമായി. അതിനാല്‍ അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് ഈ സഭയ്ക്ക് റോമിന്റെ അംഗീകാരം ലഭിച്ചത്. ‘ഗുഡ് ഷെപ്പേര്‍ഡ് സഹോദരിമാര്‍’ എന്ന സന്യാസിനീ സഭയും അദ്ദേഹം സ്ഥാപിച്ചതാണ്.

തിരുഹൃദയ ഭക്തനായിരുന്ന ജോണ്‍, എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും തിരുഹൃദയഭക്തി പ്രചരിപ്പിച്ചു. ‘എന്റെ കര്‍ത്താവേ… എന്റെ സര്‍വാസ്വവുമേ, മറിയമേ… എന്റെ ശരണമേ’ എന്ന സുകൃതജപം ഉച്ചരിച്ചുകൊണ്ട് ജോണ്‍ 1680 ആഗസ്റ്റ് 19-ാം തീയതി തന്റെ ആത്മാവിനെ ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.

എമിലി ബിച്ചീരി

എമിലി ബിച്ചീരി 1238-ല്‍ വെല്‍സെല്ലിയില്‍ ജനിച്ചു. ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ എമിലി ചേര്‍ന്നു. ഇരുപതാമത്തെ വയസ്സില്‍ മഠാധിപയായി തിരഞ്ഞെടുക്കപ്പെട്ടു. അധികാരപദം ഏറ്റെടുക്കാന്‍ അവള്‍ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ സമൂഹത്തിന്റെ താല്പര്യങ്ങള്‍ക്കു വഴങ്ങി.

ഒരു സന്യാസിനി എന്ന നിലയില്‍ ദൈവത്തോടും മനുഷ്യരോടുമുള്ള കടമകള്‍ അവള്‍ പരമാവധി വിശ്വസ്തതയോടുകൂടി നിറവേറ്റി. ഒരിക്കല്‍ മഠത്തിലുണ്ടായ അതിഭയങ്കരമായ തീപിടിത്തം അവളുടെ പ്രാര്‍ഥന മൂലം അത്ഭുതകരമായി ശമിച്ചുവെന്ന് പറയപ്പെടുന്നു. ഏതാനും അവസരങ്ങളില്‍ അവള്‍ക്ക് ക്രിസ്തുവും പരിശുദ്ധ അമ്മയും ദര്‍ശനമരുളിയതായി ആശ്രമരേഖകള്‍ തെളിയിക്കുന്നു. എഴുപത്തിയാറാമത്തെ വയസ്സില്‍ ആ സുകൃതിനി ഇഹലോകവാസം വെടിഞ്ഞു.

വിചിന്തനം: ”ദൈവം നമ്മുടെ ജീവിതത്തിലേക്ക് അനര്‍ഥങ്ങള്‍ നല്‍കുകയോ, നാം ആഗ്രഹിച്ചിരുന്ന ആശ്വാസം പിന്‍വലിക്കുകയോ ചെയ്താലും നാം പരിത്യക്തരാണെന്നു കരുതേണ്ട. ദൈവരാജ്യത്തിലേക്കുള്ള വഴിയുടെ സ്വഭാവം ഇതാണ്.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.