സിംബാബ്‌വെ ബോട്ട് ദുരന്തത്തിൽ മരണം 84 ആയി; ഇരകൾക്ക് ആശ്വാസഹസ്തവുമായി ചിൻഹോയി രൂപത

സിംബാബ്‌വെയിലെ കരിബ തടാകത്തിൽ (Lake Kariba) ഫെറി ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സഹായവും ആശ്വാസവും എത്തിക്കാൻ കത്തോലിക്കാ സഭയുടെ ചിൻഹോയി (Chinhoyi) രൂപത ആഹ്വാനം ചെയ്തു.

കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ തിരമാലകളെത്തുടർന്നാണ് ‘എംബുയ നെഹാന്ദ’ (Mbuya Nehanda) എന്ന യാത്രാ ബോട്ട് തടാകത്തിൽ മറിഞ്ഞത്. 90 പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ബോട്ടിൽ കുഞ്ഞുങ്ങളടക്കം 150-ലധികം യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് വിവരങ്ങൾ. മരണപ്പെട്ടവരിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളടക്കം 18-ഓളം കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തകർ ഇതുവരെ 77 പേരെ ജീവനോടെ രക്ഷപ്പെടുത്തി.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കാനും അവർക്ക് ആവശ്യമായ സാമ്പത്തിക-ഭൗതിക സഹായങ്ങൾ നൽകാനും ചിൻഹോയി രൂപതാ നേതൃത്വം വിശ്വാസികളോടും സന്നദ്ധ സംഘടനകളോടും അഭ്യർഥിച്ചു. അപകടത്തിൽപ്പെട്ട പല കുടുംബങ്ങൾക്കും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിനും അടിയന്തര പ്രാഥമിക ആവശ്യങ്ങൾക്കും സഹായം അത്യാവശ്യമാണെന്ന് രൂപത വ്യക്തമാക്കി.

പ്രദേശത്ത് റോഡ് ഗതാഗത സൗകര്യങ്ങൾ കുറവായതിനാൽ ഗ്രാമീണരും മത്സ്യത്തൊഴിലാളികളും പ്രധാനമായും ആശ്രയിക്കുന്നത് ഇത്തരം ബോട്ടുകളെയാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.