തീരദേശ ജനതയുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

തീരദേശ ജനതയുടെ അവകാശങ്ങൾ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. വള്ളങ്ങളും ബോട്ടുകളും ഉൾപ്പെടെ സമരമുഖത്തുണ്ട്. പോലീസ്, സമരം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വിഴിഞ്ഞം തുറമുഖനിർമ്മാണത്തെ തുടർന്നുള്ള തീരശോഷണത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ സെക്രട്ടറിയേറ്റ് വളഞ്ഞത്.

സെക്രട്ടറിയേറ്റ് മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ സംഘർഷം ഉടലെടുത്തു. സമരത്തിന് ബോട്ടുകളുമായെത്തിയ വാഹനങ്ങൾ പോലീസ് തടയുകയായിരുന്നു. ഇതിനെ തുടർന്ന് പലയിടത്തും പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളമുണ്ടായി. സെക്രട്ടറിയേറ്റിലേക്ക് ബോട്ടുകൾ കൊണ്ടുപോയ വാഹനങ്ങൾ കടത്തിവിടാൻ അനുവദിക്കുകയില്ലെന്നായിരുന്നു പോലീസ് നിലപാട്. വാഹനങ്ങൾ കയറ്റിവിടാത്തതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്‌തംഭിച്ചു. നിരവധി വൈദികരും സമരത്തിന്റെ ഭാഗമായിട്ടുണ്ട്. സമാധാനപരമായ സമരമാണെന്നും തടഞ്ഞാൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും സമരനേതാക്കൾ പറഞ്ഞു.

കടലാക്രമണത്തെ തുടർന്ന് തീരദേശ ജനതയുടെ നിരവധി വീടുകളാണ് നഷ്ടപെട്ടത്. ഇവർക്ക് പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൊഴിയൂർ മുതൽ വർക്കല വരെയുള്ള തീരദേശവാസികൾ പട്ടിണിയിലാണെന്ന് ലത്തീൻ അതിരൂപതാ ഭാരവാഹികൾ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.