
പുതുപ്പള്ളി: വൈദികരുടെ കായികക്ഷമതയും എക്യുമെനിക്കൽ കൂട്ടായ്മയും ലക്ഷ്യമിട്ട് ചങ്ങനാശ്ശേരി കത്തനാർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗ് കിരീടം ഏകം എറണാകുളത്തിന്. പുതുപ്പള്ളി ബെയ്ൽസ് അരീന ടർഫിൽ നടന്ന ആവേശകരമായ ഫൈനലിൽ ചങ്ങനാശ്ശേരി കത്തനാർ ക്രിക്കറ്റ് ക്ലബ്ബിനെ ഏഴു വിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റ് ആയിരുന്നു ഇത്. തിരുവനന്തപുരം മുതൽ തലശ്ശേരി വരെയുള്ള വിവിധ രൂപതകളിൽ നിന്നും ഭദ്രാസനങ്ങളിൽ നിന്നുമുള്ള വൈദികർ അണിനിരന്ന 16 കരുത്തുറ്റ ടീമുകളാണ് കപ്പുയർത്താൻ രണ്ടു ദിവസമായി മാറ്റുരച്ചത്.
ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരുടെ പൂർണ്ണമായ ഏകോപനത്തിലും മേൽനോട്ടത്തിലുമാണ് ചരിത്രപ്രധാനമായ ഈ കായിക മാമാങ്കം സംഘടിപ്പിച്ചത്.




