തായ്‌വാനിൽ ആദ്യമായി ജൂത സെമിത്തേരി സ്ഥാപിച്ചു

തായ്‌വാനിലെ ജൂത സമൂഹം രാജ്യത്തെ തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക സെമിത്തേരി സ്ഥാപിച്ചു. ജൂൺ 23 ന് അന്തരിച്ച 73 വയസുകാരനായ ഇസ്രായേൽ പൗരന്റെ മൃതദേഹം ഇവിടെ സംസ്‌കരിച്ചുകൊണ്ടായിരുന്നു സെമിത്തേരിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

തായ്‌വാനിലെ ജൂത ചരിത്രത്തിലെ ‘വളരെ സുപ്രധാനമായൊരു നാഴികക്കല്ല്’ എന്നാണ് തായ്‌വാൻ ചാബാദ് ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ഇതുവരെ തായ്‌വാനിൽ ജൂതന്മാർക്കായി പ്രത്യേക ശ്മശാനങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ഇവിടെ മരണമടയുന്ന ജൂത പൗരന്മാരുടെ മൃതദേഹങ്ങൾ മറ്റ് രാജ്യങ്ങളിലെ ജൂത സെമിത്തേരികളിലേക്ക് കൊണ്ടുപോയാണ് സംസ്‌കരിച്ചിരുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി തായ്‌വാനിൽ താമസിച്ചിരുന്ന ഇസ്രായേൽ പൗരനാണ് തായ്‌പേയ് സെമിത്തേരിയിൽ ആദ്യമായി അടക്കം ചെയ്യപ്പെട്ടത്.

ചാബാദ് തായ്‌വാൻ പ്രതിനിധി റബ്ബി ഷ്ലോമി താബിബിന്റെ അഭ്യർത്ഥനപ്രകാരം, ഹോങ്കോങ്ങിൽ നിന്നുള്ള പ്രമുഖ ജൂത സന്നദ്ധ സംഘടനയായ ‘ഴാക്ക’ (ZAKA) യുടെ അന്താരാഷ്ട്ര വിഭാഗമാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ തായ്‌വാനിൽ എത്തിയത്. ഹോങ്കോങ് ചാബാദ് പ്രതിനിധി റബ്ബി മെൻഡി റബിനോവിറ്റ്സിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ എത്തിയാണ് മൃതദേഹം ശുദ്ധീകരിക്കുന്നതും യഹൂദ ആചാരപ്രകാരം സംസ്‌കരിക്കുന്നതുമായുള്ള എല്ലാ കാര്യങ്ങളും നിർവഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.