വിശുദ്ധ പദവിയിലേക്കു സഞ്ചരിക്കുന്ന പതിമൂന്നുകാരിയുടെ ഔദ്യോഗിക ഛായാചിത്രം പുറത്തുവിട്ട് ഫിലിപ്പീൻസ് രൂപത

ഫിലിപ്പീൻസിൽ നിന്നുള്ള ദൈവദാസിയായ നിന റൂയിസ് അബാദിന്റെ  ഔദ്യോഗിക ഛായാചിത്രം ഏപ്രിൽ ഏഴിന് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഫിലിപ്പൈൻസിലെ ഇലോകോസ് നോർട്ടെ മേഖലയിൽ സ്ഥിതിചെയ്യുന്ന ലാവോഗ് പട്ടണത്തിലെ സെന്റ് വില്യം കത്തീഡ്രലിൽ വച്ച് നാമകരണ നടപടികളുടെ അടുത്ത ഘട്ടം ആരംഭിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കു മുന്നോടിയായാണ് ഛായാചിത്രം അവതരിപ്പിച്ചത്.

ലാവോഗിലെ ബിഷപ്പ് റെനാറ്റോ മയഗ്ബയുടെ നേതൃത്വത്തിൽ നടന്ന പരിശുദ്ധ കുർബാനയ്ക്കു ശേഷം റൂയിസ് അബാദിന്റെ ജീവചരിത്രം വായിക്കുകയും രേഖകൾ ബിഷപ്പിനു സമർപ്പിക്കുകയും, അവർ അവ നിയമാനുസൃതമാണെന്ന് അംഗീകരിക്കുകയും ചെയ്തു. വിശുദ്ധ പദവിയിലേക്കുള്ള നടപടികൾ വിജയകരമായി പര്യവസാനിക്കുകയാണെങ്കിൽ നിന റൂയിസ് അബാദ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധരിൽ ഒരാളായി മാറും.

1993 ആഗസ്റ്റിൽ അന്തരിച്ച റൂയിസ് അബാദ്, അവൾക്ക് 10 വയസ്സുള്ളപ്പോൾ കണ്ടെത്തിയ ഭേദമാക്കാനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി ബാധിച്ചിട്ടും ദൈവത്തിൽ നിന്നും അകന്നില്ല. ദൈവത്തോടുള്ള അവളുടെ ഭക്തിയും ജീവകാരുണ്യ പ്രവർത്തനങ്ങളും ചുറ്റുമുള്ളവരിൽ വലിയ സാന്നിധ്യം ചെലുത്തിയിരുന്നു. അവളുടെ മരണത്തിന് മുപ്പതു വർഷത്തിനുശേഷം, 2023 ജൂലൈയിൽ, ഫിലിപ്പീൻസ് കൗമാരക്കാരിയുടെ ജീവിതത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാനുള്ള ഔപചാരിക അഭ്യർഥന ഫിലിപ്പീൻസിലെ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് (CBCP) അംഗീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.