ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ഫ്രാൻസിസ് പാപ്പായുടെ അഞ്ചാം സന്ദർശനം; പ്രതീക്ഷയോടെ വിശ്വാസികൾ

ഫ്രാൻസിസ് മാർപാപ്പയുടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള അഞ്ചാമത്തെ അപ്പസ്തോലിക പര്യടനം ജൂലൈ രണ്ടു മുതൽ ഏഴു വരെയാണ്. ഇത്തവണ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും സൗത്ത് സുഡാനിലേക്കുമാണ് പാപ്പായുടെ സന്ദർശനം. പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിലൂടെ അനുരഞ്ജനവും സമാധാനവും കൈവരിക്കാൻ കഴിയുമെന്നാണ് വിശ്വാസി സമൂഹത്തിന്റെ പ്രതീക്ഷ.

ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും 25 വർഷത്തിലേറെയായി അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ആക്രമണങ്ങൾ നേരിടുന്നതുമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജൂലൈ രണ്ടു മുതൽ അഞ്ചു വരെയാണ് പാപ്പാ സന്ദർശനം നടത്തുന്നത്.

2014-ൽ ഫ്രാൻസിസ് മാർപാപ്പക്ക് കോംഗോ സന്ദർശിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു. 1980-ലും 1987-ലും വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ രാജ്യം സന്ദർശിച്ചിരുന്നു. വിശ്വാസികളെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനായി എത്തുന്നത് പത്രോസിന്റെ പിൻഗാമിയാണെന്ന് അവരെ അറിയിക്കുന്നതിനാണ് സഭ വിശ്വാസികളുടെ ആത്മീയ തയ്യാറെടുപ്പിന് ഊന്നൽ നൽകുന്നതെന്ന് കിക്ക്വിറ്റ് ബിഷപ്പ് സൂചിപ്പിച്ചു.

കോംഗോ സന്ദർശനത്തിനു ശേഷം മാർപാപ്പ ജൂലൈ അഞ്ചു മുതൽ ഏഴു വരെ ദക്ഷിണ സുഡാനിൽ സന്ദർശനം നടത്തും. 2011 ജൂലൈ മുതൽ ദക്ഷിണ സുഡാൻ ഒരു സ്വതന്ത്രരാജ്യമാണ്. ആ വർഷത്തെ സെൻസസ് അനുസരിച്ച്, ജനസംഖ്യയുടെ 70 % ക്രിസ്ത്യാനികളും 20 % ആനിമിസ്റ്റ് മതങ്ങളും 3 % മുതൽ 5 % വരെ മുസ്ലീങ്ങളും ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.