അനുഗ്രഹദായകമായി ഫിയാത്ത് മിഷൻ അഞ്ചാമത് ജി.ജി.എം. മിഷൻ ഗാതറിംഗ് 

ഏപ്രിൽ 10 മുതൽ 14 വരെ തൃശ്ശൂർ ജെറുസലേം റിട്രീറ്റ് സെന്ററിൽ, കുട്ടികളും മുതിർന്നവരുമുൾപ്പെടെ അനേകായിരങ്ങൾക്ക് മിഷന്റെ നേർക്കാഴ്ച പകർന്നുനൽകാൻ അഞ്ചാമത് ജി.ജി.എം. നിമിത്തമായി. മൂന്നു റീത്തുകളിലുംപെട്ട, വിവിധ സംസ്ഥാനങ്ങളിലുള്ള മുപ്പതോളം വരുന്ന അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യവും പങ്കുവയ്പുകളും ഏവർക്കും പുത്തനഭിഷേകം പകർന്നു. 350 കുട്ടികളാണ് മിഷനിലേക്കുള്ള ദൈവവിളിക്ക് കാതോർക്കാൻ തയ്യാറായി വന്നിരിക്കുന്നത്. അവരിൽ പത്തു ശതമാനം ദൈവിളികൾ, എന്തിന് വിരലിലെണ്ണാവുന്നവർ മിഷനിലെ വൈദിക-സന്യസ്താന്തസ്സിലേക്കു പ്രവേശിച്ചാൽപ്പോലും അത് ഏറെ ഫലം ചെയ്യും.

ആഫ്രിക്കയിൽ നിന്നുള്ള കെനിയ, മഡ്ഗാസക്കർ, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതിയിൽ അണിയിച്ചൊരുക്കുന്ന സ്റ്റാളുകൾ, വിവിധ നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിലെ വിവരങ്ങൾ തരുന്ന നോർത്ത് ഇന്ത്യൻ സ്റ്റാളുകൾ, സൗത്ത് ഇന്ത്യൻ മിഷനെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ എന്നിവ ഈ മിഷൻ എക്സിബിഷന്റെ വേറിട്ട പ്രത്യേകതയായിരുന്നു. ഒരിക്കൽപ്പോലും കേൾക്കാത്ത, കാണാത്ത നമ്മുടെ മിഷനറിമാരുടെ പ്രവർത്തനങ്ങൾ അവരിൽ നിന്ന് നേരിട്ടറിയാൻ ഈ എക്സിബിഷൻ ഇടവരുത്തിയിട്ടുണ്ട്. അനേകർ മിഷൻ രൂപതകൾക്കായി സാമ്പത്തികസഹായം നൽകി എന്നതും ഇത്തവണത്തെ ജി.ജി.എം. മിഷൻ കോൺഗ്രസ്സിന്റെ പ്രത്യേകതയാണ്. നമുക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ സാധിക്കാത്ത തരത്തിൽ അത്ഭുതകരമായ തിരക്കാണ് മിഷൻ എക്സിബിഷനിൽ പല ദിവസങ്ങളിലും ഉണ്ടായത്. അങ്ങനെയങ്ങനെ വിജയകരമായ അനേകം കാര്യങ്ങൾ. നന്ദി! കർത്താവിന്, സഹകരിച്ചവർക്ക്, പങ്കെടുത്തവർക്ക്, പ്രാർഥിച്ചവർക്ക്, പ്രോത്സാഹിപ്പിച്ചവർക്ക്.

സാധ്യതകൾ ഉപയോഗിക്കുക:

സഭയുടെ എല്ലാ സാധ്യതകളും സ്വാധീനവും മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കണമെന്നും മിഷൻ പ്രവർത്തനമാണ് ക്രൈസ്തവസഭയുടെ പരമവും പ്രധാനവുമായ ദൗത്യമെന്നും മിഷൻ കോൺഗ്രസ്സിന്റെ ആദ്യ ദിനത്തിൽ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. അഖിലേന്ത്യാതലത്തിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ മിഷൻ രൂപതകളും കോൺഗ്രിഗേഷനുകളും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളോടു കൂടിയ അതിവിപുലമായ 50-ൽപരം എക്സിബിഷൻ സ്റ്റാളുകളാണ് അഞ്ചാമത് ജി.ജി.എം. മിഷൻ കോൺഗ്രസ്സിൽ പങ്കെടുത്തത്.

ജി.ജി.എമ്മിന്റെ ആദ്യദിനമായ ബുധനാഴ്ച, ബൈബിൾ പകർത്തിയെഴുത്തുകളുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. 2024-ൽ പുതിയ നിയമം പകർത്തിയെഴുതിയവർക്കുള്ള സമ്മാനദാനവും അവരിൽ നിന്നു തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വിശുദ്ധനാട് സന്ദർശിക്കാനുള്ള അവസരവും ബഹുമാനപ്പെട്ട സീറോമലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത നിർവഹിച്ചു. അന്നു തന്നെ സെമിനാരിക്കാർക്കും ആസ്പരൻസിനുമുള്ള മിഷൻ ഗാതറിങ്ങും സംഘടിപ്പിച്ചിരുന്നു.

രണ്ടാം ദിനമായ പതിനൊന്നാം തീയതി വ്യാഴാഴ്ച, ജോലിയിൽ നിന്നും റിട്ടയർ ചെയ്ത സീനിയേഴ്സിനായുള്ള കൂട്ടായ്മയും തൃശ്ശൂർ അതിരൂപതയിലെ അമ്മമാർ ഒരുമിച്ചുവരുന്ന മിഷൻ മാതൃവേദിയും മിഷനെ സ്നേഹിക്കുന്ന വൈദികരും സിസ്റ്റേഴ്സും ഒരുമിച്ചുവരുന്ന കൂട്ടായ്മയും നടന്നു.

ദൈവാരാധനയിൽ ആശ്രയിക്കുക:

മൂന്നാം ദിനമായ വെള്ളിയാഴ്ച, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മിഷനെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ചുകൂടുന്ന മെഗാ മിഷൻ ഡേ തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനി മെത്രാപ്പോലീത്ത നയിച്ചു. ഗുഡ്ഗാവ് രൂപതാധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് മലങ്കര റീത്തിൽ ദിവ്യബലി അർപ്പിച്ചു. മഹാമിഷൻ സംഗമം മാനന്തവാടി രൂപതാധ്യക്ഷൻ ജോസ് പരുന്തോടം ഉദ്ഘാടനം ചെയ്തു. ബ്രദർ തോമസ് കുമളി മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനി മെത്രപ്പോലീത്ത സീറോമലബാർ റീത്തിൽ ബലിയർപ്പിക്കുകയും നമ്മൾ കാണുന്ന അഞ്ചു രീതിയിലുള്ള മിഷൻ മാതൃക അവതരിപ്പിക്കുകയും ആ മാതൃക സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. വൈകിട്ട് 6.30-ന് മിഷൻ ദിവ്യകാരുണ്യ ആരാധന ബഹുമാനപ്പെട്ട ദേവസ്യ കാനാട്ട് അച്ഛൻ നേതൃത്വം നൽകി. അനേകം വിദ്യാർഥികളും മുതിർന്നവരും എക്സിബിഷൻ കാണാൻ ഒഴുകിയെത്തി.

സഹനത്തിലും ദൈവഹിതം കാത്തിരിക്കുക:

നാലാം ദിനമായ ശനിയാഴ്ച വിശ്വാസപരിശീലന അധ്യാപകർക്കും വിശ്വാസപരിശീലന വിദ്യാർഥികൾക്കും നേതൃത്വത്തിൽ പ്രോലൈഫ് നഴ്സുമാർക്കും യുവജനങ്ങൾക്കും വെവ്വേറെ കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. ബിഷപ്പ് എമരിത്തുസ് ചാക്കോ തോട്ടുപാലിക്കൽ കാർമികനായ ലത്തീൻ റീത്തിലുള്ള ഹിന്ദി കുർബാനയോടെ ആരംഭിച്ചു. കുട്ടികൾക്കും കാറ്റഗീസും ടീച്ചർമാർക്കും നേഴ്സുമാർക്കും പ്രത്യേകം പ്രത്യേകം മിഷൻ ഗാനങ്ങൾ സംഘടിപ്പിച്ചു.

ബിഷപ്പ് അലക്സ് വടുക്കുതല, ആർച്ച്ബിഷപ്പ് ഡൊമിനിക് ലൂമൺ, ബിഷപ്പ് ബെന്നി വർഗീസ്, ഫാ. തെയ്യാലക്കൽ മോനു ജോയിച്ചൻ രാജ്കോട്ട്, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ നേതൃത്വം നൽകി. ‘മണിപ്പൂർ കനലാകുമ്പോൾ’ എന്ന സെമിനാർ ആർച്ച്ബിഷപ്പ് ഡൊമിനിക്, മിസ്റ്റർ ജോൺ മണിപ്പൂർ എന്നിവർ വിഷയം അവതരിപ്പിച്ചു. അഡ്വ. സേവി ജോസഫ് മോഡറേഷൻ ചെയ്ത പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

ഏറ്റവും അധികമാളുകൾ എക്സിബിഷനിൽ പങ്കെടുത്ത ദിനമായിരുന്നു നാലാം ദിനം. ‘പാലക്കാട് രൂപതാധ്യക്ഷൻ പീറ്റർ കൊച്ചുപുരയ്ക്കൽ, ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷൻ പോളി കണ്ണൂക്കാടൻ, രാമനാഥപുരം രൂപതാധ്യക്ഷൻ പോൾ ആലപ്പാട്ട് എന്നിവരുടെ അനുഗ്രഹീതസാന്നിധ്യം നാലാം ദിനത്തെ ദൈവീകസമ്പന്നമാക്കി.

വൈകിട്ടു നടന്ന മിഷൻ അവാർഡ് സെറിമണി അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് നിർവഹിച്ചു. ഫാ. ചാക്കോ വി.എൽ.,അത്മായ പ്രേക്ഷിതൻ അഡ്വേഴ്സൺ, ഫാ. ഡേവിസ് പട്ടത്ത് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. തുടർന്ന് ക്രോസ് ടോക്ക് ബാന്റിന്റെ സംഗീതനിശ ഉണ്ടായിരുന്നു.

അമ്മയോടു ചേർന്ന് ആമ്മേൻ പറയുക:

അഞ്ചാം ദിനം കോട്ടപ്പുറം രൂപതാധ്യക്ഷൻ മാർ അംബ്രോസ് പുത്തൻവീട്ടിൽ മലയാളം ലത്തിൻ റീത്തിൽ ബലിയർപ്പിച്ച് ആരംഭിച്ചു. അതിഥിത്തൊഴിലാളികൾക്കായി പ്രത്യേകമായി നടത്തിയ സംഗമത്തിൽ ബിഷപ്പ് ജോൺ തോമസ് ഇറ്റാനഗർ, ചാക്കോ തോട്ടുമാനിക്കൽ, ഇൻഡോർ ആർച്ച്ബിഷപ്പ് ഡൊമിനിക് ല്യൂമൺ, ബ്രദർ എഡ്വിൻ എന്നിവർ നേതൃത്വം നൽകി. അതിരൂപതാ വിൻസെന്റ് ഡി പോൾ സംഗമത്തിന് ബിഷപ്പ് തോമസ് തറയിൽ നേതൃത്വം നൽകി.

‘ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ അഡ്വ. ജസ്റ്റിൻ എം.പി., അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ വിഷയം അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞു നടന്ന സംഗമത്തിൽ പുതുക്കാട് വിൻസൻ, ബിഷപ്പ് ബെന്നി വർഗീസ് ഇറ്റാനഗർ നേതൃത്വം നൽകി. ആയിരത്തിലധികം പേർ സന്ദർശിച്ച മിഷൻ എക്സിബിഷൻ മുഖേന വലിയൊരു ജ്വലനം ഉണ്ടാവാൻ സഹായിച്ചു. മിഷൻ കോൺഗ്രസ്സിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന മിഷൻ റാലി പുനലൂർ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ പരിശുദ്ധ അമ്മയ്ക്ക് മാല ചാർത്തിക്കൊണ്ട് ആരംഭിച്ചു.

തുടർന്നു നടന്ന മിഷൻ ജപമാല റാലിയിൽ സി.ബി.സി.ഐ. പ്രസിഡൻറ് മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഭാരത സുവിശേഷവൽക്കരണത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമർപ്പിച്ചു. വിവിധ ഇന്ത്യൻ ഭാഷകളിൽ  – ഹിന്ദി, ഒറിയ, കന്നട, തെലുഗു, മറാട്ടി – നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലി ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനത്തു നിന്നുള്ള പ്രതിനിധികൾ മിഷൻ റാലിയിൽ പങ്കെടുത്തു.

അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് വ്യത്യസ്ത കളറുകൾ – ചുവപ്പ്, മഞ്ഞ, പച്ച, വെള്ള, നീല ഷാളുകൾ – അണിഞ്ഞ് 50-ഓളം പേർ അണിനിരന്നു. മിഷൻ പ്രദേശങ്ങളിലായിരിക്കുന്ന എല്ലാ മിഷനറിമാരെയുംകുറിച്ചു കേൾക്കാനും അറിയാനും മിഷനറിയായി സ്വയം സമർപ്പിക്കാനും ഒത്തുകൂടുന്ന ഏകദിന കൂട്ടായ്മകളാണ് മിഷൻ ഗാതറിങ്ങുകൾ. അഞ്ചാമത് ജി.ജി.എം. മിഷൻ കോൺഗ്രസ്സിൽ വിവിധ മിഷൻ ഗാതറിങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ആരംഭം – വളർച്ച – തുടർച്ച

ആത്മീയ – ഭൗതികമേഖലകളിൽ സമ്പന്നമായ കേരള സഭാമക്കൾക്ക് ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളുടെ പരിമിതികൾ പരിചയപ്പെടുത്തുന്നതിനായി 2017-ലാണ് പരിശുദ്ധാത്മപ്രേരിതമായി ആദ്യത്തെ മിഷൻ കോൺഗ്രസ്സ് നടത്തിയത്. ഇതുവഴി ഭാരതസഭയ്ക്കുഉണ്ടായ അനവധിയായ നന്മകളാണ് മിഷൻ കോൺഗ്രസ്സുകൾ തുടർന്നും സംഘടിപ്പിക്കാൻ പ്രേരകമായത്. മിഷൻ കോൺഗ്രസ്സിലെ എക്സിബിഷൻ വഴി മിഷനിലെ നേർചിത്രങ്ങൾ ഹൃദയത്തിൽ പകർത്തിയ പല കുട്ടികളും യുവാക്കളും വൈദികരുമാകാൻ തീരുമാനമെടുക്കുകയുണ്ടായി. മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ച പല അത്മായരും ജീവിതകാലയളവിൽ കുറച്ചുനാളത്തേക്കെങ്കിലും മിഷനിൽ ശുശ്രൂഷ ചെയ്യാൻ സന്നദ്ധത അറിയിച്ച് കടന്നുപോയി.

അനവധി ഗ്രാമീണ ദൈവാലയങ്ങൾ മിഷനിൽ നിർമ്മിക്കപ്പെടാൻ മിഷൻ കോൺഗ്രസ്സുകൾ നിമിത്തമായി. മിഷൻ പ്രദേശങ്ങളുടെ യഥാർഥ അവസ്ഥ മനസ്സിലാക്കാൻ മിഷൻ കോൺഗ്രസ്സ് സന്ദർശിച്ച ആബാലവൃദ്ധം ജനങ്ങൾക്കും സാധിച്ചു. ഇത്തരത്തിൽ സഭയ്ക്കു ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വർഷവും ജി.ജി.എം. മിഷൻ കോൺഗ്രസ്സുകൾ അതിവിപുലമായി സംഘടിപ്പിച്ചുവരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അഭിവന്ദ്യ പിതാക്കന്മാരുടെ ആശീർവാദത്തോടെ ശ്രദ്ധേയമായ ശുശ്രൂഷകൾ നിർവഹിച്ച്  മിഷൻ രംഗത്തു പ്രവർത്തിച്ചുവരുന്നു.

ബൈബിൾ ഇല്ലാത്ത ഭാഷകളിൽ ബൈബിൾ നിർമ്മിച്ച് ലോകമെങ്ങുമുള്ള മിഷൻ മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിൾ നിർമ്മാണ വിതരണ ശുശ്രൂഷ, മധ്യസ്ഥപ്രാർഥന ശുശ്രൂഷ, മിഷൻ മേഖലകളിലെ ധ്യാനശുശ്രൂഷകൾ എന്നിങ്ങനെ മിഷനെ പരിപോഷിക്കാനായി പ്രതിജ്ഞാബദ്ധരാണ് ഫിയാത്ത് മിഷൻ.

പ്രിൻസ് ഡേവിസ് തെക്കൂടൻ, മീഡിയ ഇൻ-ചാർജ്, ഫിയാത്ത് മിഷൻ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.