താടിയെല്ലിലെ വേദനയും ക്ലിക്ക് ശബ്ദവും: എന്താണ് ടി.എം.ജെ (TMJ) ഡിസോർഡറുകൾ?

സി. ഡോ. സംഗീത SVM

അഞ്ജലിക്ക് 25 വയസ്സാണ്. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും ചെവിയുടെ തൊട്ടുമുന്നിൽ നിന്ന് ഒരു ‘ക്ലിക്ക്’ ശബ്ദം കേൾക്കുന്നത് ആദ്യം അവള്‍ കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒരു ദിവസം രാവിലെ, ആപ്പിൾ കടിച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. പെട്ടെന്ന് താടിയെല്ല് ലോക്കായി. മാത്രമല്ല, കടുത്ത വേദനയും വായ അടയ്ക്കാൻ പറ്റാത്ത അവസ്ഥയും. വെറുമൊരു പല്ലുവേദനയോ, ചെവിവേദനയോ ആണെന്നു കരുതി അവൾ ഡോക്ടറെ കാണാൻ പോയി. എന്നാൽ, പരിശോധനയ്ക്കു ശേഷമാണ് അതൊരു വലിയ പ്രശ്നമാണെന്ന് അഞ്ജലി അറിയുന്നത്; താടിയെല്ലിന്റെ സന്ധിയെ തകരാറിലാക്കുന്ന ‘ടെമ്പോറോമണ്ഡിബുലാർ ജോയിന്റ് ഡിസോർഡർ’ (TMJ Disorder) ആയിരുന്നു ആ വില്ലൻ.

അഞ്ജലിയെപ്പോലെയാണ് നമ്മളില്‍ പലരും. ഭക്ഷണം ചവയ്ക്കുമ്പോഴോ വായ തുറക്കുമ്പോഴോ നമുക്കും പലപ്പോഴും ശബ്ദവും വേദനയും ഉണ്ടാകാറുണ്ട്. എന്നാല്‍ ആരുംതന്നെ ഇത് ഗൗരവമായി എടുക്കാറില്ല. എന്നാൽ, കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കടുത്ത അസ്വസ്ഥതയായി ഇത് മാറും. അതിനാല്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് ടി.എം.ജെ (TMJ)?

നമ്മുടെ ചെവിക്ക് തൊട്ടുമുന്നിലായി താടിയെല്ലിനെ (Mandible) തലയോട്ടിയുമായി (Temporal bone) ബന്ധിപ്പിക്കുന്ന സന്ധിയാണ് ടെമ്പോറോമണ്ഡിബുലാർ ജോയിന്റ് (TMJ). ശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ സന്ധികളിൽ ഒന്നാണിത്. സംസാരിക്കാനും ചവയ്ക്കാനും നമുക്ക് സാധിക്കുന്നത് ഈ സന്ധിയുടെയും ഇതിന് ചുറ്റുമുള്ള പേശികളുടെയും അതിനിടയിലുള്ള മൃദുവായ കുഷ്യൻ പോലുള്ള ഡിസ്കിന്റെയും (Articular Disc) കൃത്യമായ പ്രവർത്തനം കൊണ്ടാണ്. ഈ സന്ധിക്കോ, ഇതിന് ചുറ്റുമുള്ള പേശികൾക്കോ ഡിസ്കിനോ ഉണ്ടാകുന്ന തകരാറുകളെയാണ് പൊതുവായി ടി.എം.ജെ ഡിസ്ഓര്‍ഡറുകള്‍ (TMJ Disorders) എന്ന് വിളിക്കുന്നത്.

പ്രധാന ലക്ഷണങ്ങൾ

സന്ധിയിലെ ശബ്ദം: വായ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ ചെവിക്ക് മുന്നിൽ കേൾക്കുന്ന ക്ലിക്ക് ശബ്ദങ്ങൾ അല്ലെങ്കിൽ പല്ലുകൾ ഉരസുന്നത് പോലുള്ള പോപ്പിംഗ് (Popping) ശബ്ദങ്ങൾ.

താടിയെല്ല് ലോക്കാവുക: വായ പൂർണ്ണമായി തുറക്കാനോ, അടയ്ക്കാൻ സാധിക്കാതെ താടിയെല്ല് പെട്ടെന്ന് തടഞ്ഞുനിൽക്കുക.

ചെവിവേദനയും തലവേദനയും: ചെവിക്കുള്ളിലോ, ചുറ്റുമോ ഉള്ള വേദന, വിട്ടുമാറാത്ത തലവേദന (Tension Headaches), കഴുത്തിലും തോളിലുമുള്ള വേദന.

ചവയ്ക്കുമ്പോഴുള്ള പ്രയാസം: കട്ടിയുള്ള ഭക്ഷണങ്ങൾ ചവയ്ക്കുമ്പോൾ താടിയെല്ലിന് അനുഭവപ്പെടുന്ന അമിത ആയാസവും വേദനയും.

ഉണ്ടാകാനുള്ള കാരണങ്ങൾ

പല്ലുകടിയും കടിച്ചുപിടിക്കലും (Bruxism & Clenching): ഉറക്കത്തിലോ സ്ട്രെസ്സ് വരുമ്പോഴോ പല്ലുകൾ അറിയാതെ ശക്തിയായി കടിച്ചുപിടിക്കുന്നത് സന്ധിക്ക് അമിതഭാരം നൽകുന്നു.

ഡിസ്ക് തെന്നി മാറൽ (Disc displacement): സന്ധിക്കുള്ളിലെ കുഷ്യൻ പോലെ പ്രവർത്തിക്കുന്ന അർട്ടിക്കുലാർ ഡിസ്ക് അതിന്റെ സ്വാഭാവിക സ്ഥാനത്ത് നിന്ന് മാറിപ്പോവുന്നത്.

മാനസിക സമ്മർദം: സ്ട്രെസ്സ് കൂടുമ്പോൾ അറിയാതെ മുഖത്തെയും താടിയെല്ലിലെയും പേശികൾ വലിഞ്ഞുമുറുകുന്നത് (Muscle Spasm).

അപകടങ്ങൾ / ആഘാതങ്ങൾ: താടിയെല്ലിനേൽക്കുന്ന അപകടങ്ങളോ വീഴ്ചകളോ സന്ധിക്ക് ക്ഷതമേൽപ്പിക്കാം.

പല്ലുകളുടെ നിരയിലെ തകരാറുകൾ: പല്ലുകൾ ശരിയായ രീതിയിൽ മുട്ടാതിരിക്കുകയോ നിരതെറ്റിയിരിക്കുകയോ ചെയ്യുന്നത്.

വാതരോഗങ്ങൾ: ഒസ്റ്റിയോആർത്രൈറ്റിസ് അല്ലെങ്കിൽ റുമറ്റോയ്ഡ് ആർത്രൈറ്റിസ് TMJ സന്ധിയെ ബാധിക്കാം.

അത്യാധുനിക പരിഹാരമാർഗങ്ങൾ

ടി.എം.ജെ ഡിസോർഡറുകൾക്ക് ഭൂരിഭാഗം കേസുകളിലും ശസ്ത്രക്രിയയില്ലാത്ത ലളിതമായ രീതികളിലൂടെ (Non-surgical conservative treatments) പരിഹാരം കാണാൻ സാധിക്കും:

സ്പ്ലിന്റ് തെറാപ്പി (Occlusal Splints / Night Guards): പല്ലുകൾക്ക് അനുയോജ്യമായി നിർമ്മിക്കുന്ന നൈറ്റ് ഗാർഡുകൾ രാത്രി ധരിക്കുന്നത് വഴി സന്ധിക്കുള്ള പ്രഷർ കുറയ്ക്കാനും, പല്ലുകൾ തമ്മിൽ അമരുന്നത് തടയാനും സാധിക്കും.

ഫിസിയോതെറാപ്പിയും വ്യായാമങ്ങളും: പേശികളുടെ ആയാസം കുറയ്ക്കാനായി പ്രത്യേക ജോയിന്റ് എക്സർസൈസുകൾ, അൾട്രാസൗണ്ട് തെറാപ്പി, മസാജ് എന്നിവ നൽകുന്നു.

ലേസർ ചികിത്സ വഴി ഒരു പരിധി വരെ വേദന കുറയ്ക്കാൻ സാധിക്കും.

മരുന്നുകൾ: കഠിനമായ വേദനയുള്ളപ്പോൾ മസിൽ റിലാക്സന്റുകൾ, വേദനാസംഹാരികൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം നൽകുന്നു.

ബോട്ടോക്സ് തെറാപ്പി: പേശികളുടെ അമിത മുറുക്കം കുറയ്ക്കാൻ അല്പം ബോട്ടോക്സ് സന്ധിയോട് ചേർന്ന പേശികളിലേക്ക് ഇൻജക്ട് ചെയ്യാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജീവിതശൈലി മാറ്റങ്ങളും

അമിതമായി വായ തുറന്ന് കോട്ടുവാ വിടാതിരിക്കുക.
സ്ഥിരമായി ച്യൂയിംഗം ചവയ്ക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക.
കടുപ്പമുള്ള ഭക്ഷണങ്ങൾക്ക് പകരം മൃദുവായ ഭക്ഷണങ്ങൾ കഴിക്കുക.
വേദനയുള്ള ഭാഗത്ത് ഇളം ചൂടുപിടിക്കുക (Warm compress).
ചെവിക്ക് മുന്നിലുള്ള ക്ലിക്ക് ശബ്ദമോ, താടിയെല്ലിലെ വേദനയോ നിസ്സാരമായി കാണരുത്. കൃത്യസമയത്ത് ഒരു ദന്തവിദഗ്ദ്ധനെ കണ്ട് പ്രാഥമിക ഘട്ടത്തിൽ തന്നെയഥാർഥ കാരണം കണ്ടുപിടിച്ച് അതിന് അനുസൃതമായി ചികിത്സകൾ ആരംഭിച്ചാൽ സന്ധിക്കുണ്ടാകുന്ന സ്ഥിരമായ തകരാറുകൾ തടയാനും വേദനയില്ലാത്ത ജീവിതം നയിക്കാനും സാധിക്കും.

സി. ഡോ. സംഗീത എസ് വി എം
ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റല്‍, കിടങ്ങൂര്‍, കോട്ടയം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.