
ക്രിസ്തുമസ് രാവുകളിൽ സാന്തായുടെ വേഷമണിഞ്ഞ് കുട്ടികളുടെ മനസ്സിൽ സന്തോഷത്തിന്റെ നക്ഷത്രങ്ങൾ തെളിക്കുന്ന ഒരു മനുഷ്യൻ. ഡേവ് ബെൽ എന്ന സ്നേഹനിധിയായ ആ മനുഷ്യൻ ഒരിക്കൽ കൂടെ സ്നേഹത്തിന്റെ പുതിയൊരു അദ്ധ്യായം എഴുതുകയാണ്. കളിപ്പാട്ടങ്ങളോ സമ്മാനങ്ങളോ നൽകുന്ന സന്തോഷത്തിനുമപ്പുറം ഒരു ജീവനെ കൈപിടിച്ച് കരയ്ക്കടുപ്പിച്ചുകൊണ്ടാണ് ഇദ്ദേഹം സ്നേഹത്തിന്റെ മാതൃക വീണ്ടുംലോകത്തിനു കാട്ടിത്തരുന്നത്.
പൗഹാട്ടൺ ഗ്രാമത്തിൽ വർഷങ്ങളായി സാന്താക്ലോസായി വേഷമിട്ട് ആളുകളുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡേവ് ബെൽ. സാധാരണ, ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം അണിയാനായി അദ്ദേഹം ഡിസംബർ വരെ കാത്തു നിൽക്കുമായിരുന്നു. എന്നാൽ ഇവിടെ വ്യത്യസ്തവും മൂല്യമേറിയതുമായ ആ സമ്മാനം നൽകാൻ ഡിസംബർ വരെ കാത്തിരിക്കാൻ ഉള്ള സമയം ഈ സന്തായ്ക്ക് ഉണ്ടായിരുന്നില്ല. തന്റെ ഒരു വൃക്ക അപരിചിതനായ ഒരു രോഗിക്ക് ദാനം ചെയ്തുകൊണ്ട് ഡേവ് യഥാർഥ ജീവിതത്തിലും ദൈവത്തിന്റെ ദൂതനായി മാറി. ഹെൻറിക്കോ ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമവേളയിലും തന്റെ പ്രിയപ്പെട്ട സാന്താ തൊപ്പി തലയിലണിയാൻ അദ്ദേഹം മറന്നില്ല.
“‘എനിക്ക് രണ്ട് വൃക്കകളുണ്ട്; ജീവിക്കാൻ എനിക്ക് ഒരെണ്ണം മാത്രം മതി. എന്നാൽ ഒന്നുമില്ലാതെ, ഒരു പുതുജീവനായി പ്രാർഥനയോടെ കാത്തിരിക്കുന്ന മറ്റൊരാൾ അവിടെയുണ്ട്” – ഡേവ് തന്റെ നിർവ്യാജമായ ചിരിയോടെ പറയുന്നു.
ക്രിസ്തുമസിന്റെയും ത്യാഗത്തിന്റെയും യഥാർഥ അർഥം സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത ഡേവിനായി ഇനിയുമുണ്ട് വെല്ലുവിളികൾ. വൃക്ക ദാനം ചെയ്യുന്നതിനായി മാത്രം അദ്ദേഹം തന്റെ ശരീരഭാരത്തിൽ നിന്ന് 40 പൗണ്ടോളം (ഏകദേശം 18 കിലോ) കുറച്ചിരുന്നു. വരുന്ന ഡിസംബറിലെ ആഘോഷങ്ങൾക്ക് മുന്നോടിയായി പഴയ സാന്തായുടെ രൂപത്തിലേക്ക് വീണ്ടുമെത്താനുള്ള കഠിനശ്രമത്തിലാണ് അദ്ദേഹം ഇപ്പോൾ.
അവയവ ദാനത്തിന്റെ മാഹാത്മ്യവും മഹത്വവും തന്റെ ജീവിത മാതൃകയിലൂടെ തെളിയിച്ചുകൊണ്ട് ലോകത്തിനു മുന്നിൽ മാതൃകയായി മാറുകയാണ് വ്യത്യസ്തനായ ഈ ക്രിസ്തുമസ് അപ്പൂപ്പൻ. തന്റെ ഈ പ്രവൃത്തിയിലൂടെ സ്നേഹവും കരുണയുമാണ് ഏറ്റവും വലിയ സമ്മാനങ്ങളെന്ന് ലോകത്തെ വീണ്ടും ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം.
സീനിയ എൽസ ഇഗ്‌നേഷ്യസ്




