പ്രതീക്ഷയുടെ യാത്ര 175: 6000 മനുഷ്യര്‍ 

2023 ൽ പുറത്തിറങ്ങിയ ‘വൺ ലൈഫ്’ (One Life) എന്ന ചലച്ചിത്രം വെറുമൊരു ജീവചരിത്ര സിനിമയല്ല, മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ നിശ്ശബ്ദമായ കരുത്തിനെക്കുറിച്ചുള്ള ആഴമേറിയൊരു പഠനമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ്, നാസി ഭരണത്തിൻ കീഴിലായിരുന്ന ചെക്കോസ്ലോവാക്യയിൽ നിന്ന് 669 ജൂതകുട്ടികളെ സുരക്ഷിതമായി ലണ്ടനിലെത്തിച്ച് അവരുടെ ജീവൻ രക്ഷിച്ച നിക്കോളാസ് വിന്റൺ എന്ന സാധാരണക്കാരനായ ബ്രിട്ടീഷുകാരന്റെ യഥാർഥ കഥയാണ് ഈ ചിത്രം പറയുന്നത്.

1938 ൽ ഇരുപത്തിയൊൻപതുകാരനായ നിക്കോളാസ് വിന്റൺ പ്രാഗിലേക്ക് എത്തുന്നതോടെയാണ് സിനിമയുടെ യഥാർഥ പശ്ചാത്തലം രൂപപ്പെടുന്നത്. മ്യൂണിക്ക് ഉടമ്പടിക്ക് തൊട്ടുപിന്നാലെ നാസി പടയുടെ ക്രൂരതകളിൽ നിന്ന് രക്ഷ നേടാനായി ജർമ്മനിയില്‍ നിന്നും ആസ്ട്രിയയില്‍ നിന്നും പ്രാഗിലേക്ക് അഭയാർഥികളായി എത്തിയ ആയിരക്കണക്കിന് കുടുംബങ്ങളുടെ ദയനീയാവസ്ഥ അദ്ദേഹത്തെ വല്ലാതെ പിടിച്ചുകുലുക്കുന്നു. മൈനസ് ഡിഗ്രി തണുപ്പിൽ ഭക്ഷണമോ, കിടപ്പാടമോ ഇല്ലാതെ ടെന്റുകളിലും തുറന്ന പ്രദേശങ്ങളിലും കഴിയുന്ന ആ മനുഷ്യരുടെ കണ്ണീർ കണ്ടപ്പോൾ, ഒരു കാഴ്ചക്കാരനായി മാത്രം അവിടെ തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അഭയാർഥി ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന ഡോറീൻ വാർണർ എന്ന ധീരയായ വനിതയെ കണ്ടുമുട്ടുന്നതോടെയാണ് വിന്റന്റെ ജീവിതത്തിന്റെ ദിശ മാറുന്നത്.

യൂറോപ്പിനെ വിഴുങ്ങാൻ പോകുന്ന ഒരു മഹായുദ്ധത്തിന്റെ ഭീകരത മുൻകൂട്ടിക്കണ്ട വിന്റൺ, വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ ആഘാതം തിരിച്ചറിയുന്നു. മുതിർന്നവരെ രക്ഷിക്കുക അസാധ്യമാണെങ്കിലും, ആ കുരുന്നുകളെയെങ്കിലും നാസികളുടെ പക്കൽ നിന്നും രക്ഷിക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം പ്രവൃത്തിപഥത്തിൽ ഇറങ്ങുകയാണ്. തന്റെ സുഖവും സൗകര്യങ്ങളും വെടിഞ്ഞ് ആ വലിയ ദൗത്യത്തിനായി അദ്ദേഹം കഠിനമായി പ്രയത്നിക്കുന്നു. അമ്മയായ ബാബെറ്റ് എല്ലാ കാര്യങ്ങളിലും ശക്തമായ പിന്തുണയുമായി ഒപ്പമുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ സങ്കീർണ്ണമായ നിയമക്കുരുക്കുകളെയും ബ്യൂറോക്രാറ്റിക് തടസ്സങ്ങളെയും അദ്ദേഹം അതിജീവിച്ചു. കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തുക, ഓരോ കുട്ടിക്കും വേണ്ടിയുള്ള പണം സമാഹരിക്കുക, ട്രെയിൻ യാത്രയ്ക്കുള്ള അനുമതിപത്രങ്ങൾ ശരിയാക്കുക തുടങ്ങിയവയെല്ലാം അദ്ദേഹം കഷ്ടതകള്‍ സഹിച്ചു ചെയ്യുകയാണ്.

1938 ൽ അതിർത്തികൾ അടയുന്നതിന് തൊട്ടുമുൻപുള്ള ആ ദിവസങ്ങളിൽ, ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. പലരും അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ, വിന്റൺ പ്രവർത്തിക്കാൻ തയ്യാറായി. ആ ഇച്ഛാശക്തിയാണ് 669 കുടുംബങ്ങളുടെ പുനരുജ്ജീവനത്തിന് കാരണമായത്. എന്നാൽ, താൻ ചെയ്ത ഈ വലിയ കാര്യത്തെക്കുറിച്ച് അദ്ദേഹം വർഷങ്ങളോളം ആരോടും പറഞ്ഞില്ല. അദ്ദേഹത്തിന്റെ പക്കൽ സൂക്ഷിച്ചിരുന്ന ആ രേഖകൾ 50 വർഷങ്ങൾക്കു ശേഷമാണ് പുറംലോകം അറിയുന്നത്.

ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ മുഹൂർത്തം, 1988 ൽ ബിബിസിയുടെ ‘ദാറ്റ്സ് ലൈഫ്’ (That’s Life!) എന്ന പരിപാടിയിൽ നിക്കോളാസ് വിന്റൺ അതിഥിയായി എത്തുന്നതാണ്. താൻ അന്ന് രക്ഷിച്ച കുട്ടികളിൽ പലരും ഇപ്പോൾ മുതിർന്നവരായി തന്റെ ഇരുവശത്തും ഇരിക്കുന്നുണ്ടെന്ന് മനസ്സിലാക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നിറയുന്ന ഭാവം, ആ വാക്കുകൾക്ക് അതീതമായ ഒരു ആത്മനിർവൃതിയാണ്. ‘ഒരാളെ രക്ഷിക്കുന്നവന്‍ ലോകം മുഴുവനെയും രക്ഷിക്കുന്നു’ എന്ന തത്വത്തിന്റെ ജീവനുള്ള ഉദാഹരണമായി അദ്ദേഹം മാറുന്നു.

ജീവിതത്തിന്റെ സായന്തനത്തിൽ താൻ ചെയ്ത നന്മകളെ ഓർക്കുമ്പോൾ അഭിമാനത്തേക്കാൾ ഉപരിയായി, നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ചുള്ള വിചാരങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. താൻ ചെയ്തത് വലുതാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയില്ല. പകരം, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതാണ് ഇന്നത്തെ കാലഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ മാതൃകയാക്കേണ്ട മനോഭാവം. പലപ്പോഴും നന്മ ചെയ്യുമ്പോൾ വലിയ പ്രതിഫലങ്ങളോ, അംഗീകാരമോ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ, നിക്കോളാസ് വിന്റന്റെ ജീവിതം പഠിപ്പിക്കുന്നത്, നന്മ എന്നത് ഒരു രഹസ്യമായി സൂക്ഷിക്കപ്പെടേണ്ട ഒന്നാണെന്നും അതിന്റെ ഫലം കാലം തന്നെ വെളിപ്പെടുത്തുമെന്നുമാണ്.

ചിലപ്പോൾ നമ്മള്‍ നടത്തുന്ന ഒരു ചെറിയ ചുവടുവയ്പ്പ് പോലും വലിയൊരു മാറ്റത്തിന് തുടക്കമിട്ടേക്കാം. അർപ്പണബോധവും ക്ഷമയുമുണ്ടെങ്കിൽ അസാധ്യമായ പലതും സാധ്യമാകും. വിന്റന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ അമ്മ വഹിച്ച പങ്കും, ഒപ്പം നിന്നവരുടെ സഹകരണവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒറ്റയ്ക്കല്ല, ഒരു കൂട്ടായ്മയായി പ്രവർത്തിക്കുമ്പോഴാണ് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നത്. സിനിമയുടെ അവസാനം, ആ പരിപാടിയിലെ മുഴുവൻ കാണികളും തങ്ങൾ നിക്കോളാസ് വിന്റൺ രക്ഷിച്ചവരുടെ പിൻതലമുറക്കാരാണെന്ന് വെളിപ്പെടുത്തുമ്പോൾ, ഒരു മനുഷ്യൻ വിതച്ച നന്മയുടെ വിത്ത് എത്ര വലിയ വൃക്ഷമായി വളർന്നു എന്ന് പ്രേക്ഷകൻ തിരിച്ചറിയുന്നു. ആറായിരത്തിലധികം ആളുകൾ ഇന്ന് ജീവിച്ചിരിക്കുന്നത് വിന്റൺ എന്ന ഒറ്റ മനുഷ്യന്റെ തീരുമാനത്തിന്റെ കരുത്തിലാണ്!

നിക്കോളാസ് വിന്റന്റെ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്നേഹം എന്നാൽ വെറുമൊരു വികാരമല്ല, മറിച്ച് പ്രവർത്തനമാണെന്നാണ്. വെറുപ്പിന്റെയും യുദ്ധത്തിന്റെയും കറുത്ത നിഴലുകൾ വീഴുന്ന ലോകത്ത്, പ്രത്യാശയുടെയും കരുണയുടെയും കനൽ അണയാതെ സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും സാധിക്കും. അതിന് മനസ്സ് വയ്ക്കണമെന്നു മാത്രം. നിക്കോളാസ് വിന്റനെപ്പോലെ, ഓരോ ചെറിയ കാര്യത്തിലും വലിയ നന്മ കാണാൻ നമുക്കും സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.