
ഇന്ത്യ നിർദേശിച്ചിരിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികൾ ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ വ്രണപ്പെടുത്തിയേക്കുമെന്ന് യു.എസ്. കോൺഗ്രസ് അംഗം റൈലി മൂർ മുന്നറിയിപ്പ് നൽകി. വിദേശസഹായം കൈപ്പറ്റി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെയും (NGO) കത്തോലിക്കാ സഭ ഉൾപ്പെടെയുള്ള ക്രിസ്തീയ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഈ നീക്കം ക്രിസ്ത്യാനികൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.
വിദേശത്തുനിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നത് ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ കത്തോലിക്കാ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ മതസ്വാതന്ത്ര്യവും സന്നദ്ധസംഘടനകളുടെ സ്വാതന്ത്ര്യവും തടസ്സപ്പെടുന്നത് അമേരിക്കയുമായുള്ള നയതന്ത്ര സൗഹൃദത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും കൊണ്ടുവരുന്ന കർശന നിബന്ധനകൾ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ഭീഷണിയിലാക്കുന്നതാണെന്ന് ക്രിസ്തീയ സംഘടനകൾ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യവും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള അവകാശവും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നിയമഭേദഗതികളിൽ പുനർചിന്തനം നടത്തണമെന്നും യു.എസ്. പ്രതിനിധി ആവശ്യപ്പെട്ടു.




