
2005 ഡിസംബറിൽ ക്രിസ്തുമസ് അവധിക്കാലത്തിന്റെ സന്തോഷവുമായി നൈജീരിയയിലെ അബൂജയിൽ നിന്ന് പോർട്ട് ഹാർകോർട്ടിലേക്ക് പറന്നുയർന്ന വിമാനം. ആ വിമാനത്തിൽ 16 വയസ്സുകാരി കെച്ചിയുമുണ്ടായിരുന്നു; അവളോടൊപ്പം അതേ ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന 60 സഹപാഠികളും. വീടുകളിലേക്ക്, തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് തിരികെയെത്താനുള്ള ആവേശത്തിലായിരുന്നു അവർ. എന്നാൽ വിധി അവർക്കായി കാത്തുവച്ചത് മറ്റൊന്നായിരുന്നു.
പോർട്ട് ഹാർകോർട്ട് വിമാനത്താവളത്തിൽ വച്ച് ആ വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ഭൂരിഭാഗം യാത്രക്കാരും അന്ന് മരണത്തിന് കീഴടങ്ങി. എന്നാൽ മരണത്തിന്റെ താഴ്‌വരയിൽ നിന്ന് അദ്ഭുതകരമായി രണ്ടുപേർ മാത്രം ജീവിതത്തിലേക്ക് തിരിച്ചെത്തി. അതിലൊരാളായിരുന്നു കെച്ചി.
തീയിൽ കുരുത്ത ജീവിതം
ശരീരത്തിന്റെ 65 ശതമാനത്തിലധികവും പൊള്ളലേറ്റ് അതിവേദനയുടെ ലോകത്തിലേക്കാണ് കെച്ചി കണ്ണുതുറന്നത്. ഒരു പരീക്ഷണത്തിന്റെ തുടക്കം മാത്രമായിരുന്നു അത്. 2007-ൽ കൂടുതൽ മികച്ച ചികിത്സയ്ക്കായി കെച്ചിയും കുടുംബവും ടെക്സസിലേക്ക് താമസം മാറി.
ഗാൽവെസ്റ്റണിലെ ഷ്രൈനേഴ്സ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രനിൽ വച്ച് അവളുടെ ജീവിതം പുനർനിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതുവരെ നൂറിലധികം ശസ്ത്രക്രിയകൾ. ഓരോ ശസ്ത്രക്രിയയും വേദനയുടേതായിരുന്നു; ഒപ്പം പ്രതീക്ഷയുടേതും. പൊള്ളലിന്റെ പാടുകൾ മായ്ക്കാനും, ശരീരത്തിന് അല്പമെങ്കിലും ആശ്വാസം നൽകാനും അവൾ ആ വേദനകളെയെല്ലാം ചിരിച്ചുകൊണ്ട് നേരിട്ടു.
അതിജീവനത്തിന്റെ പുതിയ പുലരി
കെച്ചിയുടെ ജീവിതത്തിലേക്ക് ‘എക്സ്ട്രാ’യും ‘ഗ്രോസ്മാൻ ബേൺ ഫൗണ്ടേഷനും’ ഒപ്പം ‘ആർട്ടിസ്റ്റ്സ് ഫോർ ട്രോമ’യും കടന്നുവന്നതോടെ അതിജീവനത്തിന്റെ അടുത്ത അധ്യായം ആരംഭിച്ചു. പ്രശസ്ത പ്ലാസ്റ്റിക് സർജൻ ഡോ. പീറ്റർ ഗ്രോസ്മാന്റെ നേതൃത്വത്തിൽ പുതിയ ശസ്ത്രക്രിയകൾ നടന്നു.
അവളുടെ കൺപോളകൾക്ക് പൂർണ്ണത നൽകാൻ, കഴുത്തിലെ മുറുക്കം കുറച്ച് തല സ്വതന്ത്രമായി തിരിക്കാൻ, കൈകൾ വായുവിൽ ഉയർത്തിപ്പിടിച്ച് മനസ്സ് തുറന്ന് പാടാൻ അങ്ങനെ തടസ്സങ്ങളില്ലാതെ ജീവിക്കാൻ അവർ അവളെ പ്രാപ്തയാക്കി.
സംഗീതവും വെളിച്ചവും
കെച്ചി കേവലം ഒരു വൈദ്യശാസ്ത്ര അദ്ഭുതം മാത്രമല്ല, തനിക്കേറ്റ മുറിവുകളേക്കാൾ ശക്തമാണ് തന്റെ ആഗ്രഹങ്ങളെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത പോരാളി കൂടിയാണ് അവൾ. 2017-ൽ ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ സീസൺ 12 ന്റെ വേദിയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുമ്പോൾ അവൾ സ്വന്തം വേദനകളെല്ലാം മറന്ന് പാടുകയായിരുന്നു.
വേദനകളിൽ നിന്ന് നേട്ടങ്ങളിലേക്ക്
ആ വേദിക്ക് ശേഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതീക്ഷയുടെ വെളിച്ചമായി മാറാൻ കെച്ചിക്ക് സാധിച്ചു. നിലവിൽ WE Movement, Be Strong Global, യുണൈറ്റഡ് നേഷൻസ് ഫൗണ്ടേഷന്റെ TOGETHER BAND പദ്ധതി തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ അംബാസഡറായി കെച്ചി പ്രവർത്തിച്ചു വരുന്നു.
യുവാക്കളുടെ ശാക്തീകരണം, ബുള്ളിയിംഗ് വിരുദ്ധ ബോധവൽക്കരണം, സുസ്ഥിര ജീവിതരീതികൾ തുടങ്ങി നിരവധി ആഗോള വിഷയങ്ങളിൽ കെച്ചി സജീവമായി ശബ്ദമുയർത്തുന്നുണ്ട്. 2022 മാർച്ച് 29 – നാണ് ബേക്കർ പബ്ലിഷിംഗ് ഗ്രൂപ്പിലൂടെ കെച്ചിയുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ‘മോർ ദാൻ മൈ സ്കാർസ്’ (More Than My Scars) എന്ന പുസ്തകം പുറത്തിറങ്ങിയത്. കൂടാതെ ‘ കെച്ചി ‘ എന്ന പേരിൽ അവർ തന്റെ ആദ്യ സംഗീത ആൽബവും പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ പ്രമുഖ ഡിജിറ്റൽ മ്യൂസിക് പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമാണ്.
കത്തിയമർന്ന ചിറകുകൾ വച്ച് വീണ്ടും ആകാശത്തേക്ക് ഉയർന്നുപറന്ന ഒരു ശലഭത്തെപ്പോലെ വിധി തോൽപ്പിച്ചിടത്തുനിന്നെല്ലാം സ്വന്തം ശബ്ദം കൊണ്ട് ലോകത്തെ കീഴടക്കിയ അവിശ്വസനീയമായ ഒരു അതിജീവനം! അതാണ് ഇന്ന് കെച്ചി.
സീനിയ എൽസ ഇഗ്‌നേഷ്യസ്




