
ജീവിതം നൽകിയ അപ്രതീക്ഷിത തിരിച്ചടികൾക്ക് മുന്നിൽ പതറാതെ മനക്കരുത്ത് കൊണ്ട് വിജയം വെട്ടിപ്പിടിച്ച പ്രചോദനാത്മകമായ ജീവിതയാത്രയാണ് മലയാളി പാരാ ബാഡ്മിന്റൺ താരം ആൽഫിയ ജെയിംസിന്റേത്. വീൽചെയറിനെ തളർച്ചയായിട്ടല്ല തന്റെ ചിറകുകളാക്കി മാറ്റിയ ഈ കാസർകോടുകാരി ഇന്ന് ലോക പാരാ ബാഡ്മിന്റൺ വേദിയിൽ ഇന്ത്യയുടെ അഭിമാന താരമാണ്. ആൽഫിയ ജെയിംസ്! ആ പേരുപോലും ഇന്ന് ആത്മവിശ്വാസത്തിന്റെ പേരാണ്. അപ്രതീക്ഷിത തിരിച്ചടികൾക്കു മുന്നിൽ പതറാതെ പറന്നുയർന്ന ആ ജീവിതം വായിച്ചറിയാം.
വീഴ്ചയും പരീക്ഷണങ്ങളും
ആൽഫിയ ജെയിംസിന്റെ ജീവിതത്തെ പാടെ മാറ്റിമറിച്ച ദാരുണമായ ആ അപകടം സംഭവിക്കുന്നത് അവൾ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ്. അന്ന് വയസ്സ് വെറും 16. വീട്ടിലെ മൂന്നാം നിലയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ ആ ദുരന്തത്തിൽ ആൽഫിയയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അരയ്ക്ക് താഴോട്ട് ചലനശേഷി പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്തു.
സ്കൂൾതലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന സജീവമായ ഒരു ബാസ്‌കറ്റ്‌ബോൾ കളിക്കാരി കൂടിയായിരുന്ന ആൽഫിയയ്ക്ക് ഈ അപകടം അവളുടെ കായിക സ്വപ്നങ്ങൾക്ക് മുകളിലേറ്റ കനത്ത തിരിച്ചടിയായിരുന്നു. അപകടത്തെ തുടർന്ന് രണ്ട് വർഷത്തോളം ആശുപത്രി കിടക്കയിൽ കഴിയേണ്ടി വന്ന ആൽഫിയ കടുത്ത വിഷാദരോഗത്തിലൂടെയും മാനസിക പ്രയാസങ്ങളിലൂടെയുമാണ് കടന്നുപോയത്.
ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയപ്പോൾ വിധി കരുതിയത് കളി അവസാനിച്ചു എന്നാണ്. എന്നാൽ, കരഞ്ഞിരിക്കാൻ ആൽഫിയ തയ്യാറല്ലായിരുന്നു. വേദനകളെ വിയർപ്പാക്കി മാറ്റാൻ അവൾ തീരുമാനിച്ചു. മനസ്സിന് ചിറകുകൾ മുളപ്പിച്ചുകൊണ്ട് ആൽഫിയ ബാഡ്മിന്റൺ കോർട്ടിലേക്ക് ഇറങ്ങിത്തിരിച്ചു.
ഇരുട്ടിലായ ദിനങ്ങൾ; വെളിച്ചമായ നിശ്ചയദാർഢ്യം
നട്ടെല്ലിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടർന്ന് വീൽചെയറിലേക്ക് ഒതുങ്ങേണ്ടി വരുമ്പോൾ ആരുടെയും മനസ്സ് തകർന്നുപോകും. ഒരു നിമിഷം കൊണ്ട് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നാൽ പരാതികൾ പറയുന്നതിന് പകരം മുന്നിലുള്ള സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടാനാണ് ആൽഫിയ തീരുമാനിച്ചത്. ശാരീരികമായ വേദനകളേക്കാൾ വലുതായിരുന്നു തിരിച്ചുവരാനുള്ള ആൽഫിയയുടെ ആഗ്രഹം.
വീൽചെയർ ബാഡ്മിന്റണിലേക്ക്
കായികരംഗത്തോടുള്ള കടുത്ത അഭിനിവേശമാണ് ആൽഫിയയെ പാരാ ബാഡ്മിന്റണിലേക്ക് എത്തിച്ചത്. വീൽചെയറിലിരുന്ന് റാക്കറ്റ് വീശുക എന്നത് കേൾക്കുംപോലെ അത്ര എളുപ്പമായിരുന്നില്ല. കൃത്യമായ ദിശാബോധവും കഠിനമായ കായികബലവും ഏകാഗ്രതയും ആവശ്യമായ ഈ ഗെയിമിൽ ആൽഫിയ കഠിനമായി പരിശീലനം നടത്തി. കൈകളിൽ തഴമ്പുകൾ വീണപ്പോഴും വിയർപ്പുതുള്ളികൾ കോർട്ടിൽ വീണപ്പോഴും ആ പെൺകുട്ടിയുടെ കണ്ണുകളിൽ ലക്ഷ്യബോധം മാത്രമായിരുന്നു.
അതിരുകളില്ലാത്ത നേട്ടങ്ങൾ
അധികം വൈകാതെ അവളുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചു. ദേശീയ – അന്തർദേശീയ മത്സരങ്ങളിൽ കേരളത്തിന്റെയും ഇന്ത്യയുടെയും കൊടി പാറിക്കാൻ ആൽഫിയയ്ക്ക് സാധിച്ചു. ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിരവധിയായ സ്വർണ്ണ-വെള്ളി മെഡലുകൾ വാരിക്കൂട്ടുകയും ബ്രസീൽ, ഈജിപ്ത്, ബഹ്റൈൻ തുടങ്ങിയ വിദേശമണ്ണുകളിൽ നടന്ന BWF പാരാ ബാഡ്മിന്റൺ ഇന്റർനാഷണൽ മത്സരങ്ങളിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിൽ ഇന്ത്യയ്ക്കായി വിജയം കൊയ്യുകയും ചെയ്തു. കൂടാതെ ഏഷ്യൻ പാരാ ഗെയിംസ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് BWF ലോക റാങ്കിംഗിലെ മുൻനിരയിലെത്തി ഈ മലയാളി താരം തന്റെ നേട്ടങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിച്ചു.
ഓരോ ടൂർണമെന്റിലും എതിരാളികളെ വീഴ്ത്തി മുന്നേറുമ്പോൾ, തളർത്താൻ നോക്കിയ വിധിയോട് ആൽഫിയ ഉറക്കെ പറഞ്ഞു, “എന്റെ സ്വപ്നങ്ങൾക്ക് അതിരുകളില്ല.”
ഒരു വലിയ പ്രചോദനം
ശാരീരിക പരിമിതികൾ എന്നത് മനസ്സിന്റെ തോൽവിയല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഈ താരം. പ്രതിസന്ധികളിൽ തളർന്നുപോകുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആൽഫിയ നൽകുന്ന സന്ദേശം ഒന്നേയുള്ളൂ. വിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് പ്രതിബന്ധത്തെയും മറികടന്ന് വിജയതീരത്തെത്താം.
വീൽചെയറിലിരുന്ന് ആകാശത്തോളം ഉയർന്ന സ്വപ്നങ്ങൾ കാണുകയും അത് കീഴടക്കുകയും ചെയ്യുന്ന ആൽഫിയ ജെയിംസ് ഇന്ന് നമ്മുടെ നാടിന്റെ വെളിച്ചമാണ്. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഓരോ മനുഷ്യന്റെയും പ്രചോദനമാണ്. വിധികൾക്ക് മുൻപിൽ മുട്ടുമടക്കാതിരിക്കുക. കാരണം നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ലോകം ഒരുനാൾ തലകുനിക്കും. അതിണ് ഉദാഹരണമാണ് ആൽഫിയ.
സീനിയ എൽസ ഇഗ്‌നേഷ്യസ്




