
ഇന്ന് നമ്മുടെ കർത്താവിന്റെ തേജസ്ക്കരണത്തിരുനാളാണ്. യേശു, പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി താബോർ മലമുകളിലേക്കു പോകുന്നു. അവിടെ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ മുൻപിൽ വച്ച് അവിടുന്ന് രൂപാന്തരപ്പെടുന്നു. ഇവിടെ യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർക്ക് സ്വർഗീയാനുഭൂതിയുടെ ഒരു മുന്നാസ്വാദനം ലഭിക്കുന്നു. ഈ സമയത്ത് മോശയും ഏലിയായും അവിടെ പ്രത്യക്ഷപ്പെടുകയും യേശുവിന്റെ, വരാനിരിക്കുന്ന കുരിശുമരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. യേശു പഴയനിയമത്തിന്റെ പൂർത്തീകരണമാണെന്ന് കാണിക്കുന്നതിനാണ് പഴയനിയമ പ്രതിനിധികളായ മോശയും എലിയായും ഇവിടെ സന്നിഹിതമായിരിക്കുന്നതും “ഇവന്റെ വാക്ക് ശ്രവിക്കുവിൻ” എന്ന് സ്വർഗത്തിൽ നിന്ന് പിതാവ് പറയുന്നതും.
മോശയുടെ സാന്നിധ്യത്തിന്റെ അർഥമെന്താണ്? പഴയനിയമത്തിൽ യേശുവിന്റെ പ്രതിരൂപമായിരുന്നു മോശ: “സ്നേഹിതനോടെന്ന പോലെ കർത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു” (പുറ. 33:11). എന്നാൽ വരാനിരിക്കുന്ന, തന്നേക്കാൾ വലിയൊരു പ്രവാചകനെക്കുറിച്ച് മോശ സംസാരിക്കുന്നുണ്ട്: “നിന്റെ ദൈവമായ കർത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയിൽ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്” (നിയ. 18:15). എന്തുകൊണ്ടാണ് ഏലിയ ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്? പഴയനിയമ പ്രവാചകത്വത്തിന്റെ പ്രതീകമാണ് ഏലിയാ. മോശയെപ്പോലെ ഏലിയായും സീനായിൽ ഹോറെബ് മലയുടെ മുകളിൽ കയറി (1 രാജാ. 19: 8-12) പ്രാർഥിക്കുന്നു. ഇസ്രായേലിൽ നിന്നും വിഗ്രഹാരാധന തുടച്ചുനീക്കി സത്യദൈവ ആരാധനയ്ക്ക് നേതൃത്വം നൾകുന്നു. മിശിഹായുടെ വരവ് പ്രഖ്യാപിക്കുന്നതിനായി ഏലിയാ വരുമെന്ന വിശ്വാസത്തിൽ ഇന്നും പെസഹാ ഭക്ഷിക്കുമ്പോൾ യഹൂദർ ഒരു കസേര ഒഴിച്ചിടാറുണ്ട്.
സ്വർഗാരോഹണ മലയായ താബോറാണ് ഈ പുതിയ സീനായ്. ഇവിടെ പുതിയ മോശയായ യേശു ദൈവജനത്തിന് പുതിയ കൽപനയുമായി കടന്നുവരുന്നു. പുതിയ ഏലിയാ ആയ യേശു, തന്റെ ജനത്തെ പാപത്തിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ച് സ്വർഗീയ ജറുസലേമിലേക്ക് നയിക്കുന്നു. യേശുവിന്റെ തേജസ്ക്കരണം സംഭവിക്കുന്നത് അവിടുന്ന് പ്രാർഥനയിൽ ലയിച്ചിരുന്നപ്പോഴാണ്. പ്രാർഥന നമ്മുടെ ആത്മീയജീവിതത്തിന്റെ ശക്തികേന്ദ്രമാണ്. നമ്മുടെ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്നതിന് പ്രാർഥനയാകുന്ന മലയിലൂടെ സ്വർഗത്തെ വീക്ഷിച്ചുകൊണ്ട് ദൈവാനുഭവം പ്രാപിക്കേണ്ടവരാണ് നാം. ലോകത്തിൽ ഒരുപാട് സ്വരങ്ങൾ കേൾക്കുമെങ്കിലും ഇന്ന് യേശുവിന്റെ വാക്ക് ശ്രവിക്കാനാണ് സ്വർഗത്തിലെ സ്വരം നമ്മോട് ആവശ്യപ്പെടുന്നത്. ഈ തേജസ്കരണത്തിരുനാൾ ഒരു ജീവിത രൂപാന്തരീകരണത്തിനായി നമ്മെയെല്ലാം ക്ഷണിക്കുന്നു. യേശുവിന്റെ മുഖശോഭ നമ്മിൽ പ്രതിഫലിക്കുമ്പോഴാണ് ഇന്നത്തെ ലോകത്തിൽ അനേകർക്ക് ദൈവത്തെ കണ്ടെത്താൻ സാധിക്കുന്നത്.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




