സുഡാനിൽ പട്ടിണി രൂക്ഷം; ലോക ഭക്ഷ്യ പദ്ധതിക്കുള്ള ഫണ്ട് പകുതിയായി കുറഞ്ഞെന്ന് ഡയറക്ടർ

ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധി നേരിടുന്ന സുഡാനിലെ പ്രവർത്തനങ്ങൾക്കായി യുണൈറ്റഡ് നേഷൻസിന്റെ ലോക ഭക്ഷ്യ പദ്ധതിക്ക് (WFP) ലഭിക്കുന്ന ഫണ്ടിൽ വൻ ഇടിവ്. ഈ വർഷം ഫണ്ട് പകുതിയായി കുറഞ്ഞതായി ഡബ്ല്യു.എഫ്.പിയുടെ താൽക്കാലിക മേധാവി കാൾ സ്കൗ വ്യക്തമാക്കി. രാജ്യത്ത് തുടരുന്ന ആഭ്യന്തര യുദ്ധം ജനങ്ങളെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടുമ്പോൾ, അന്താരാഷ്ട്ര തലത്തിലുള്ള സഹായങ്ങൾ കുത്തനെ കുറയുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

കഴിഞ്ഞ വർഷം 645 ദശലക്ഷം ഡോളർ ലഭിച്ച സ്ഥാനത്ത്, ഈ വർഷം ഇതുവരെ വെറും 206 ദശലക്ഷം ഡോളർ മാത്രമാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. നിലവിലെ പ്രവർത്തനങ്ങൾ തുടരാൻ ഏകദേശം 300 ദശലക്ഷം ഡോളറിന്റെ കുറവുണ്ട്. സുഡാനിൽ ഏകദേശം രണ്ട് കോടി ആളുകൾ പട്ടിണി നേരിടുന്നുണ്ടെങ്കിലും, ഫണ്ട് കുറഞ്ഞത് കാരണം ഏറ്റവും അടിയന്തര സഹായം ആവശ്യമുള്ള അഞ്ച് ലക്ഷം പേരിൽ നാല് ലക്ഷം പേർക്ക് മാത്രമാണ് ഇപ്പോൾ സഹായം എത്തിക്കാനാകുന്നത്. പലർക്കും പകുതി റേഷൻ മാത്രമാണ് നൽകാൻ കഴിയുന്നത്.

സുഡാനിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഒരു കോടി 40 ലക്ഷത്തോളം ആളുകളാണ് ഭവനരഹിതരായി മാറിയത്. സഹായങ്ങൾ ഉടൻ ലഭ്യമായില്ലെങ്കിൽ സുഡാനിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നും ആഗോള സമൂഹം ഇടപെടണമെന്നും അധികൃതർ അഭ്യർഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.