
പാക്കിസ്ഥാനിലെ ക്രൈസ്തവർക്കായി നിലവിലുള്ള വിവാഹ-വിവാഹമോചന നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള ഗവൺമെന്റ് നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി രാജ്യത്തെ കത്തോലിക്കാ സഭയും വിവിധ ക്രൈസ്തവ നേതൃത്വങ്ങളും. ബൈബിൾ തത്ത്വങ്ങൾക്കും കത്തോലിക്കാ സഭാ നിയമങ്ങൾക്കും (Canon Law) വിരുദ്ധമായ വകുപ്പുകൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
1869-ലെ ക്രിസ്ത്യൻ ഡിവോഴ്സ് ആക്ടും 1872-ലെ ക്രിസ്ത്യൻ മാര്യേജ് ആക്ടും കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ മനുഷ്യാവകാശ മന്ത്രാലയവും നിയമ മന്ത്രാലയവും പുതിയ ‘ക്രിസ്ത്യൻ മാര്യേജ് ആന്റ് ഡിവോഴ്സ് ബിൽ’ മുന്നോട്ടുവച്ചത്. ക്രൈസ്തവ വിശ്വാസപ്രകാരം വിവാഹം എന്നത് വിശുദ്ധവും അവിഭാജ്യവുമായ ഒരു കൂദാശയാണെന്നും, കേവലം വിയോജിപ്പുകളുടെയോ അഭിപ്രായവ്യത്യാസങ്ങളുടെയോ പേരിൽ അത് വേർപെടുത്താൻ അനുവാദം നൽകുന്നത് ബൈബിൾ അധ്യാപനങ്ങൾക്ക് വിരുദ്ധമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
പുതിയ നിയമത്തിലെ പല വ്യവസ്ഥകളും കാനോൻ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും, വിശ്വാസികളുടെ ആത്മീയ ജീവിതത്തെയും കുടുംബ സങ്കൽപ്പങ്ങളെയും ഇത് സാരമായി ബാധിക്കുമെന്നും വൈദികർ ചൂണ്ടിക്കാണിക്കുന്നു. സഭാ മേലധ്യക്ഷന്മാരുമായും സമുദായ പ്രതിനിധികളുമായും മതിയായ കൂടിയാലോചനകൾ നടത്താതെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നു ഇത്തരം ഭേദഗതികൾ നീക്കുന്നതെന്ന് സഭ ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളിൽ ഭേദഗതി വരുത്തുമ്പോൾ സമുദായത്തിന്റെയും സഭയുടെയും വിശ്വാസപ്രമാണങ്ങളെ മാനിക്കണമെന്നും, ദൈവവചനത്തിന് വിരുദ്ധമായ വകുപ്പുകൾ ഒഴിവാക്കിക്കൊണ്ട് മാത്രമേ ബിൽ നിയമമാക്കാവൂ എന്നും പാക്കിസ്ഥാനിലെ സഭാ നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു.




