പാവങ്ങളുടെ പക്ഷം ചേർന്ന ബ്രദർ മാവുരുസ് മാളിയേക്കൽ അന്തരിച്ചു

ഫാ. ജോഷി മയ്യാറ്റിൽ

ബ്രദർ മാവുരുസിനെ ഞാൻ ആദ്യമായി കാണുന്നത് ആലുവ കാർമൽഗിരി സെമിനാരിയിൽ തത്ത്വശാസ്ത്ര വിദ്യാർഥിയായിരിക്കുമ്പോഴാണ്. 1990 ൽ ആണെന്നാണ് ഓർമ. ബ്രദറിനെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടായിരുന്നു. ‘എറണാകുളത്തിന്റെ മദർ തെരേസ’ ആയിട്ടാണ് പലരും അദ്ദേഹത്തെ അന്നുതന്നെ വീക്ഷിച്ചിരുന്നത്. CMI സഭയിലെ അംഗമായിരുന്ന അദ്ദേഹം പാവപ്പെട്ട മനുഷ്യരെ ഉദ്ധരിക്കാനായി ആശ്രമം വിട്ട് അവരോടൊപ്പം ചേരിയിൽ പോയി പാർക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും പാവങ്ങൾക്ക് അത്താണിയാവുകയും ചെയ്ത ആളാണെന്ന അറിവ് സെമിനാരിക്കാരായ ഞങ്ങളിൽ അദ്ദേഹത്തോട് വലിയ മതിപ്പ് ഉളവാക്കിയിരുന്നു.

ഞാനും ബ്രദർ ജോബി പൂവത്തുങ്കലും ഒരു വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അദ്ദേഹത്തിന്റെ വീട് അന്വേഷിച്ച് എറണാകുളത്ത് ചെന്നു. കൊച്ചിയിലെ തേവര – പേരണ്ടൂർ കനാലിലെ അഴുക്കുവെള്ളം ഓളം വെട്ടുന്ന പി ആൻഡ് ടി കോളനിയുടെ പരിസരത്ത് എവിടെയോ ആയിരുന്നു. പുറത്തുകണ്ടത് പത്തിരുപത്തഞ്ച് കുട്ടികളെയാണ്. പഠിക്കാൻ വന്നതാണത്രെ. ബ്രദർ ഉടൻ വരും, എവിടെയോ പോയിരിക്കുകയാണ് എന്ന് പറഞ്ഞ് കുട്ടികൾ ഞങ്ങളെ സ്വീകരിച്ചിരുത്തി – സ്വന്തം വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന വീട്ടുകാരെപ്പോലെ. അധികം വൈകാതെ ബ്രദറെത്തി.

ഞങ്ങളോട് അദ്ദേഹം സംസാരിച്ചതു മുഴുവൻ ഈശോയെക്കുറിച്ചും ഈശോയുടെ ലളിതജീവിതത്തെക്കുറിച്ചും പാവങ്ങളോടുള്ള പക്ഷംചേരലിനെക്കുറിച്ചുമായിരുന്നു. സെമിനാരിയിൽ ഇരുട്ടുന്നതിനു മുന്നേ തിരിച്ചെത്തേണ്ടിയിരുന്നതിനാൽ, അഞ്ചുമണിയോടെ ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. പക്ഷേ, കുട്ടികൾ ഞങ്ങളെ വെറുതെവിട്ടില്ല. അവർക്കുള്ള കഞ്ഞിയും പയറും കഴിപ്പിച്ചേ വിട്ടുള്ളൂ.

“വന്നു കാണുക” എന്ന് പറഞ്ഞവനോടൊത്ത് അന്ത്രയോസും മറ്റേ ശിഷ്യനും അന്ന് യേശുവിന്റെ പക്കൽ തങ്ങിയതുപോലെ ഒരു രാത്രിയെങ്കിലും ആ സിമന്റ് തിണ്ണയിൽ ബ്രദറിനോടൊത്ത് കഴിയാൻ ഇതുവരെ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധം എന്നിൽ അവശേഷിപ്പിച്ച് തന്റെ തൊണ്ണൂറാം വയസ്സിൽ അദ്ദേഹം രാജ്യം അവകാശപ്പെടുത്താനായി രാജകീയമായി പോയിരിക്കുന്നു.

“അനന്തരം രാജാവ് തന്റെ വലതുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്ക് വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെയടുത്തു വന്നു.” (മത്തായി 25: 34-36)

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.