ഇറാഖിൽ ബാഘ്ദേദ യുവജന സംഗമം: വിശ്വാസ റാലിയിൽ പങ്കടുത്ത് എഴുനൂറോളം യുവജനങ്ങൾ

വടക്കൻ ഇറാഖിലെ ക്രൈസ്തവ മേഖലയായ ബാഘ്ദേദയിൽ (ഖറാഖോഷ്) സംഘടിപ്പിച്ച ആറാമത് ‘ബാഘ്ദേദ യൂത്ത് ഫെസ്റ്റിവൽ വലിയ വിശ്വാസ പ്രഘോഷണ റാലിയോടെ സമാപിച്ചു. വിശ്വാസത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ പരിപാടിയിൽ എഴുനൂറോളം ക്രിസ്തീയ യുവാക്കളും യുവതികളും പങ്കെടുത്തു.

മോസൂൾ സിറിയക് കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ്പ് ബെനഡിക്റ്റസ് യൂനാൻ ഹന്നോയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. “നിങ്ങളെ നിങ്ങളിൽ നിന്ന് തന്നെ അകറ്റുന്നതെല്ലാം ഉപേക്ഷിക്കുക” എന്ന വിഷയത്തിൽ ബിഷപ്പ് ഹന്നോ സംസാരിച്ചു. ദൈവത്തോടുള്ള അനുസരണത്തിൽ നിന്നുമാണ് യഥാർഥ ക്രിസ്തീയ സ്വാതന്ത്ര്യം ഉണ്ടാകുന്നതെന്നും അച്ചടക്കമില്ലാത്ത സ്വാതന്ത്ര്യമല്ല ക്രിസ്തീയ ജീവിതത്തിന്റെ കാതലെന്നും അദ്ദേഹം യുവജനങ്ങളെ ഓർമ്മിപ്പിച്ചു.

ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തിൽ, ഐസിസ് (ISIS) ഭീകരാക്രമണത്തിൽ തകർക്കപ്പെടുകയും പിന്നീട് പുനരുദ്ധരിക്കപ്പെടുകയും ചെയ്ത മൊസൂളിലെ പ്രമുഖ ദൈവാലയങ്ങളിലേക്ക് യുവജനങ്ങൾ തീർഥാടനം നടത്തി. സെന്റ് തോമസ് ചർച്ച്, ഇമ്മാക്കുലേറ്റ് കോൺസെപ്ഷൻ ചർച്ച്, ഔർ ലേഡി ഓഫ് ദി അനാൺസിയേഷൻ ചർച്ച് എന്നിവിടങ്ങളിൽ പ്രാർഥനകളും ദിവ്യാദ്ഭുത ആരാധനയും നടന്നു. ഐസിസ് അധിനിവേശത്തിന് ശേഷം തങ്ങളുടെ പരമ്പരാഗത മണ്ണിൽ ക്രൈസ്തവ സാന്നിധ്യം വീണ്ടും ശക്തിപ്പെടുന്നതിന്റെ സന്തോഷം പ്രദേശവാസികളും പങ്കുവച്ചു.

തീവ്രവാദ ഭീഷണികളും കഷ്ടപ്പാടുകളും അതിജീവിച്ച ഇറാഖിലെ യുവ ക്രൈസ്തവ സമൂഹത്തിന് ഈ ഫെസ്റ്റിവൽ വലിയ പ്രത്യാശയും ആത്മീയ ഊർജ്ജവുമാണ് പകർന്നു നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.