പ്രളയത്തിൽ തകർന്ന് നേപ്പാളിന്റെ ജലവൈദ്യുത പദ്ധതികൾ; അടിയന്തര സഹായമായി വൈദ്യുതി നൽകാൻ ഇന്ത്യ

കനത്ത പ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾ തകർന്ന് വൈദ്യുതി പ്രതിസന്ധി നേരിടുന്ന നേപ്പാളിന് പിന്തുണയുമായി ഇന്ത്യ. നേപ്പാളിന് ആവശ്യമായ വൈദ്യുതി വേഗത്തിൽ ലഭ്യമാക്കുന്നതിന് ഇന്ത്യ ഔദ്യോഗിക അനുമതി നൽകി. ഡിസംബർ 31 വരെ ദിവസേന 18 മണിക്കൂർ നേരം വൈദ്യുതി കയറ്റുമതി ചെയ്യാനാണ് ഇന്ത്യയുടെ തീരുമാനം.

മുസാഫർപൂർ-ധൽക്കെബാർ 400 കെ.വി ലൈൻ വഴി 600 മെഗാവാട്ടും, താനക്പൂർ-മഹേന്ദ്രനഗർ 132 കെ.വി ലൈൻ വഴി 54 മെഗാവാട്ടും ഉൾപ്പെടെ ആകെ 654 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാളിന് ലഭിക്കുക. കഴിഞ്ഞ മാസം ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ ഹിമാനി ഇടിവിലുണ്ടായ പ്രളയത്തിൽ നേപ്പാളിലും തിബറ്റിലുമായി നിരവധി ജലവൈദ്യുത പദ്ധതികൾ തകരുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

ജലവൈദ്യുത പദ്ധതികളെ പൂർണ്ണമായും ആശ്രയിച്ചിരുന്ന നേപ്പാളിന് പ്രളയത്തെ തുടർന്ന് വൈദ്യുതി ഉത്പാദനം നിലയ്ക്കുകയും കയറ്റുമതി നിർത്തിവച്ച് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരികയും ചെയ്തു. ഡിസംബറിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 2027 ജനുവരി മുതൽ നൽകേണ്ട വൈദ്യുതിയുടെ അളവ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യൻ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.