
സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ വിശ്വാസപരിശീലന പരിപാടിയുടെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നവംബർ 16 ഞായറാഴ്ച നടന്ന ഉദ്ഘാടനവും ഓപ്പൺ ഹൗസും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടവക ജനങ്ങളുടേയും നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ സംയുക്ത വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തെ സൺഡേ സ്കൂൾ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പുതിയ മതബോധന ഡയറക്ടറായി (DRE) സിജോയ് സിറിയക് പറപ്പള്ളിൽ ചുമതലയേറ്റു. ചടങ്ങിൽ മുൻ DRE ആയിരുന്ന സാലി കുളങ്ങരയുടെ സമർപ്പിത സേവനത്തിനും നേതൃത്വത്തിനുമുള്ള ആദരസൂചകമായി ഇടവക ട്രസ്റ്റിമാർ ഉപഹാരം നൽകി. അൾത്താരയ്ക്കു മുന്നിൽ എല്ലാ സൺഡേ സ്കൂൾ അധ്യാപകരും പ്രതിജ്ഞയെടുത്തു. തുടർന്ന് ഫാ. ജോസ് അധ്യാപകരെ ആശീർവദിച്ചു. സൺഡേ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും അച്ചൻ ആശീർവദിച്ചു.
പുതിയ അധ്യയന വർഷത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി തലേദിവസം അധ്യാപകർക്കായി പ്രത്യേക ഓറിയന്റേഷൻ വർക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു. ഫാ. ജിമ്മി ജെയിംസ് വർക്ഷോപ്പിന് നേതൃത്വം നൽകി. കുട്ടികളുടെ വിശ്വാസപരിശീലനത്തിൽ അധ്യാപകരുടെ ഉത്തരവാദിത്വവും സമർപ്പണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ അധ്യാപനരീതികൾ പരിചയപ്പെടുത്തുന്നതിനും വർക്ഷോപ് സഹായകമായി. സിജോയ് പറപ്പള്ളിൽ, എബിൻ തടത്തിൽ, ഡസ്റ്റിൻ മുടീക്കൻകുന്നേൽ എന്നിവർ സംസാരിച്ചു.
പുതിയ തലമുറയുടെ വിശ്വാസപരവും ആത്മീയവുമായ വളർച്ചയ്ക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനുള്ള ഇടവകയുടെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന പരിപാടികളും അധ്യാപക പരിശീലനവും.
റോബിൻ ചമ്പനിയിൽ (PRO)




