
ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി വിപുലമായ ഡിജിറ്റൽ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ് ഉറുഗ്വേയിലെ ജനങ്ങൾ, രാജ്യത്തെ ജനങ്ങളുടെ ശബ്ദവും പ്രതീക്ഷകളും മാർപാപ്പയിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യവുമായി ആണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
മാർപാപ്പ എത്തുന്നതിന് മുൻപ് തന്നെ രാജ്യത്തെ വികാസങ്ങളും സാധാരണക്കാരുടെ ജീവിതാനുഭവങ്ങളും വികാരങ്ങളും അദ്ദേഹത്തെ അറിയിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഉറുഗ്വേയിലെ കത്തോലിക്കാ സഭയും യുവജന കൂട്ടായ്മകളും ചേർന്നാണ് സന്ദേശങ്ങൾ ശേഖരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ഇടവകകൾ വഴിയും സാധാരണക്കാർക്ക് തങ്ങളുടെ സന്ദേശങ്ങൾ രേഖപ്പെടുത്താൻ സാധിക്കും.
വ്യക്തിപരമായ പ്രാർഥനകൾ, അനുഗ്രഹത്തിനായുള്ള അഭ്യർഥനകൾ, രാജ്യത്തെ വർത്തമാനകാല സാഹചര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, സഭയിൽ നിന്നുള്ള പ്രതീക്ഷകൾ എന്നിവ ഉൾപ്പെടുന്ന സന്ദേശങ്ങളാണ് ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നത്. ഈ സംരംഭം മാർപാപ്പയുടെ സന്ദർശനത്തിനായി വിശ്വാസികളെ മാനസികമായും ആത്മീയമായും ഒരുക്കാൻ സഹായിക്കുമെന്നും, മാർപാപ്പയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും സംഘാടകർ പ്രതീക്ഷിക്കുന്നു.
ശേഖരിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിച്ച് ഒരു പ്രത്യേക ഡിജിറ്റൽ പുസ്തക രൂപത്തിലോ നേരിട്ടോ വത്തിക്കാന്റെ പ്രതിനിധികൾ വഴി ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് കൈമാറും.




