അതിരൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും: അപകടകരമായ ജോലികൾ ചെയ്യാൻ നിർബന്ധിതരായി ഇറാനിലെ കുട്ടികളും യുവജനങ്ങളും

അതിരൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ഇറാനിലെ അതിർത്തി പ്രദേശങ്ങളിലെ കുട്ടികൾ അപകടം പിടിച്ച ‘കോൽബാരി’ (Kolbari) ജോലികളിലേക്ക് തിരിയുന്നതായി റിപ്പോർട്ട്. കുടുംബത്തെ സഹായിക്കുന്നതിനും പഠനച്ചെലവുകൾ കണ്ടെത്തുന്നതിനുമായാണ് കുട്ടികൾ പർവതപ്രദേശങ്ങളിലൂടെ കാൽനടയായി ഭാരം ചുമന്നുകൊണ്ടുള്ള അപകടകരമായ ‘കോൽബാരി’ ജോലിയിൽ ഏർപ്പെടുന്നത്. ഈ തൊഴിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലേബർ വാർത്താ ഏജൻസിയായ ഐ.എൽ.എൻ.എ. (ILNA) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വെടിയേൽക്കാനുള്ള സാധ്യത, മൈൻ സ്ഫോടനങ്ങൾ, കാൽവഴുതി വീണുള്ള അപകടങ്ങൾ എന്നിവ നിറഞ്ഞ അതിർത്തി പാതകളിലൂടെയാണ് കുട്ടികൾ സാഹസികമായി സാധനങ്ങൾ കടത്തുന്നത്. കുട്ടികൾ ഇരിക്കേണ്ടത് സ്കൂളുകളിലാണെന്നും ഇത്തരം അപകടകരമായ വഴികളിലല്ലെന്നും തൊഴിൽ അവകാശ പ്രവർത്തകനായ അബ്ദുള്ള ബെൽവസി ഐ.എൽ.എൻ.എയോട് പറഞ്ഞു.

കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സർവകലാശാലാ ബിരുദധാരികളും കായികതാരങ്ങളും പോലും അപകടകരമായ ഈ തൊഴിലിലേക്ക് തിരിയുകയോ അല്ലെങ്കിൽ നാടുവിടുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്. വർഷങ്ങളായുള്ള ഉയർന്ന പണപ്പെരുപ്പവും കറൻസിയുടെ മൂല്യത്തകർച്ചയും തൊഴിലില്ലായ്മയും ഇറാനിലെ ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. കുറുക്കുവഴികളിലൂടെ ഭാരമേറിയ ചുമടുകൾ പേറുന്ന കോൽബാരുകളിൽ പലരും സുരക്ഷാസേനയുടെ വെടിയേറ്റോ അപകടങ്ങളിലോ കൊല്ലപ്പെടാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.